Middlepiece

മോഹങ്ങള്‍, മോഹഭംഗങ്ങള്‍

മോഹങ്ങള്‍, മോഹഭംഗങ്ങള്‍
X
slug-nattukaryamആര്യബ്രാഹ്മണകക്ഷിയുടെ ഉന്നതതല മാമാങ്കം തുടങ്ങുന്നതിനു മുമ്പ് വെള്ളത്താടിയും കരിന്താടിയും മമ്മൂട്ടി മാതൃകയില്‍ സ്ലോമോഷനില്‍ നടന്നടുത്ത് അതത് ഇരിപ്പിടങ്ങള്‍ കീഴടക്കി. കുറേനേരം പരസ്പരം കണ്ണുരുട്ടുകയും തുറിച്ചുനോക്കുകയും ചെയ്തു മടുത്തപ്പോള്‍ വെള്ളത്താടി ഒരു പ്രായോഗിക ചോദ്യമെറിഞ്ഞു: ''അല്ല, ശെയ്ത്താന്റെ നാട്ടില്‍ ഇമ്മളുടെ അവസ്ഥയെന്താണ്?''
''വെള്ളാപ്പള്ളി എന്ന പുള്ളിക്കാരനുള്ളതിനാല്‍ നല്ല അവസ്ഥാ പ്രതീക്ഷയുണ്ട്. പിന്നെ സുരേഷ് ഗോപി വിരലുയര്‍ത്തി 'പുല്ലേ' എന്നു പറയുന്നതിനാല്‍ വോട്ടര്‍മാര്‍ക്ക് ഹരം കയറിയിരിക്കുകയാണ്.''
''വെള്ളാപ്പുള്ളിക്കാരന്‍ മുഖ്യമന്ത്രിപദം ചോദിച്ചുകളയുമോ?''
''മ്മളെ പോലെ വിവരം ഓനില്ലെന്നാണ് മഷിനോട്ടത്തില്‍ കണ്ടത്.''
''മഷിനോട്ടം ഒരു അന്ധവിശ്വാസമല്ലേ?''
''വെള്ളത്താടി ഇങ്ങനെ പറയുന്നതാണു കഷ്ടം. മ്മളെ ഭരണം തന്നെ അന്ധവിശ്വാസത്തില്‍ കെട്ടിപ്പടുത്തതാണെന്ന് ചായാവാലയായ അങ്ങ് മറന്നുപോയോ?''
''സോറി ചിലപ്പോള്‍ ഞാന്‍ എന്നെത്തന്നെ മറന്നുപോവുന്നു. ഇതിന് അമേരിക്കന്‍ മരുന്നുണ്ടോ എന്ന് ഒബാമയെ കെട്ടിപ്പിടിക്കുമ്പോള്‍ ചോദിക്കാം.''
കരിന്താടി ഇതിനകം ഗാഢചിന്തയിലേക്ക് മറിഞ്ഞുവീണിരുന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ ജാനുവമ്മയെ വശത്താക്കാന്‍പറ്റിയതു നന്നായി. ഓക്ക് അധികം വോട്ടൊന്നുമില്ല. എന്നാലും ഒരു ആദിവാസി ദൈന്യമുഖം മ്മക്ക് കിട്ടുമെങ്കില്‍ നന്ന്. എന്നാലും ഓളെ നമ്പാന്‍പറ്റില്ല. ആ മുന്‍ നക്‌സല്‍ ഗീതാനന്ദന്‍ കൂടി വന്നിരുന്നെങ്കില്‍, ഒരു സാല്‍വാജുദൂം കേരളയ്ക്ക് സ്‌കോപ്പുണ്ടാക്കാമായിരുന്നു. വെള്ളാപ്പള്ളിക്കും ശിങ്കിടികള്‍ക്കും വല്ല കോര്‍പറേഷനോ പഞ്ചായത്തോ പതിച്ചുനല്‍കാം. മുഖ്യമന്ത്രി ആരാവും എന്നതാണ് മുഖ്യപ്രശ്‌നം. ഇതൊരു ദാര്‍ശനിക പ്രശ്‌നമായി വളര്‍ന്നുകൂടായ്കയില്ല. അപ്പോള്‍ നിങ്ങള്‍ ചോദിക്കും ഭരണപരിചയമുള്ള, തോല്‍വി വ്രതമായെടുത്ത രാജേട്ടനില്ലേ എന്ന്? ആശാന് വയസ്സായി. വയസ്സന്‍ കേരളമല്ലല്ലോ മ്മളെ മുദ്രാവാക്യം, ചുറുചുറുക്കുള്ള ബജ്‌രംഗ്ദള്‍ കേരളമാണ് മ്മളെ ലക്ഷ്യം.
കരിന്താടിയുടെ ചിന്തകളെ മുറിവേല്‍പിച്ച് വെള്ളത്താടി ഗര്‍ജിച്ചു: ''വംഗനാട്ടില്‍ അന്റെ പുന്നാര പ്രചാരണം എവിടെയെത്തി?'' ''അവിടെ ജനം പോളിങ്ബൂത്തിലേക്ക് ഒഴുകുകയാണ്. എല്ലാവരുടെ കൈയിലും കാവിക്കൊടിയും താമരയുമാണ് എന്നതാണ് അദ്ഭുതകരം. കൊല്‍ക്കത്ത നഗരമധ്യത്തില്‍ ഒരു താമരക്കുളം കുഴിക്കാമെന്ന ന്റെ വാഗ്ദാനം ഏറ്റുവെന്നാണു തോന്നുന്നത്. കുളത്തിന് നേതാജി സുഭാഷ് ചന്ദ്രബോസ് കുളം എന്ന പേരിടാന്‍ തീരുമാനിച്ചതിനാല്‍ ഭരണം മ്മക്ക് തന്നെ.''
''സുഭാഷ് ചന്ദ്രബോസ്, ആര്‍എസ്എസിന്റെ ശത്രുവായിരുന്നുവെന്ന് മമതാ ഭദ്രകാളിയും കാംഗ്രസ്-കമ്മ്യൂണിസ്റ്റ് അവിശുദ്ധ സഖ്യവും പ്രചരിപ്പിക്കുന്നുണ്ടല്ലോ!''
''ആ പ്രചാരണത്തിന്റെ കുന്തമുന ഒടിക്കാന്‍ ഞാന്‍ 24 പര്‍ഗാനാസില്‍ ഒരു മെഗാ ശത്രുസംഹാരപൂജ ഒരുക്കിയിട്ടുണ്ട്.
''അന്ധവിശ്വാസം...'' വെള്ളത്താടി അര്‍ധോക്തിയാല്‍ നിര്‍ത്തി.
അതുകേട്ടപ്പോള്‍ കരിന്താടി ചുടലഭദ്രകാളിയുടെ രൂപംപൂണ്ടു. പിന്നെ അലറി: ''ഗണപതിയുടെ തുമ്പിക്കൈ ക്ലോണിങാണെന്നു താനല്ലേ, സോറി അങ്ങല്ലേ പുലമ്പിയത്?'' ''അത് അറിവില്ലായ്മകൊണ്ട്.''
അതു ശ്രദ്ധിക്കാതെ കരിന്താടി അമിത്ഷാ സിന്ദാബാദ് എന്ന് മനസ്സില്‍ ഉരുവിട്ട് ബാക്ക് സീറ്റ് എന്ന ഫഌഷ് ബാക്കിലേക്കു തിരിച്ചുപോയി.
അസമില്‍ മൊഹന്തിയും കമ്പനിക്കാരും കൂടെയുണ്ട്. തോറ്റാല്‍ ഓന്റെ ചെപ്പയ്ക്ക് നാലു പൊട്ടിച്ചിട്ടേ ഇന്ദ്രപ്രസ്ഥത്തിലേക്ക് മടക്കമുണ്ടാവൂ. തമിഴകത്ത് അമ്മ തന്നെ ഭരിക്കുന്നതാണ് നല്ലത്. ഓള് മ്മളെ കുട്ടിയല്ലേ! രാജ്യസഭയില്‍ ഇടയ്ക്കിടെ മ്മളെ ഓള് സഹായിക്കും. കാംഗ്രസ്സിന്റെ പൊട്ടുംപൊളിയും ചെലവാകൂല, ഏത്.
ശനി ഒഴിഞ്ഞുപോയി നല്ലകാലം വന്നിരിക്കുകയാണിപ്പോള്‍. അരുണാചല്‍പ്രദേശ് പിടിച്ചു. ഉത്തരാഖണ്ഡും പിടിച്ചില്ലേ! കാംഗ്രസ്‌രഹിത ഭാരതം അങ്ങനെ യാഥാര്‍ഥ്യമാവുകയാണ്. നല്ലനാളുകള്‍ വരും എന്ന പ്രവചനം എത്ര അന്വര്‍ഥമാവുന്നു.
അപ്പോള്‍, മോദിജി-അമിത്ഷാ ദ്വന്ദ്വം നീണാള്‍വാഴട്ടെ എന്ന മുദ്രാവാക്യം വിളിച്ച് ചില ചോട്ടാകള്‍ ഉന്നതതലയോഗത്തിന് കുതിച്ചെത്തി. ശബ്ദം കൂടിപ്പോയത് വെള്ളത്താടിക്ക് രസിച്ചില്ല.
''എന്നരികില്‍ വരുമ്പോള്‍ ശബ്ദം കുറയ്ക്കണമെന്ന് പലവട്ടം പറഞ്ഞിട്ടില്ലേ?''
ഒരു ചോട്ട, ധൈര്യം സംഭരിച്ച് പറഞ്ഞു: ''ഉത്തരാഖണ്ഡിലെ കോടതി പാരയാണ് ഞങ്ങള്‍ക്കു ശബ്ദം പകരുന്നത്.''
''അവിടെ എന്തു സംഭവിച്ചു.''
''രാഷ്ട്രപതിഭരണം റദ്ദാക്കി. വെള്ളത്താടി, നാടകത്തിലെ പ്രധാന വില്ലനാണെന്നും കോടതി അധികപ്രസംഗം നടത്തി.''
''നേരോ, ഞാനറിഞ്ഞില്ല. ഇയ്യ് അറിഞ്ഞോ കരിന്താട്യേ?''
''ഇപ്പളറിഞ്ഞു. ആ ഗവര്‍ണറാണ് ഇതിനൊക്കെ കാരണക്കാരന്‍. ഓനെ പിരിച്ചുവിട്ടാലോ?''
വെള്ളത്താടി ചിന്താകുലനായി അടച്ചിട്ട പ്രസവമുറിക്ക് പുറത്തെ ഭര്‍ത്താവിനെപ്പോലെ തെക്കുവടക്ക് നടന്നു. അപ്പോള്‍ കരിന്താടിയുടെ ആത്മഗതം ഉച്ചത്തിലായി.
''ഹൈക്കോടതിയുടെ അഹംഭാവം. അറ്റോര്‍ണി ജനറലിനോട് സുപ്രിംകോടതിയിലേക്കു മണ്ടാന്‍ പറ.''
വെള്ളത്താടി മറ്റൊരു ആത്മഗതം ചെയ്ത് പകരം വീട്ടി.
''ജുഡീഷ്യല്‍ ആക്റ്റിവിസം നിരോധിക്കാനുള്ള ബില്ല് ഉടനെ റെഡിയാക്കണം. ഭാരത് മാതാ കി ജയ്!''
Next Story

RELATED STORIES

Share it