kozhikode local

മോഷ്ടിച്ച ബൈക്ക് വാടകയ്ക്ക് നല്‍കിയ കുട്ടിക്കള്ളന്‍മാര്‍ അറസ്റ്റില്‍

വടകര : മോഷ്ടിച്ച ബൈക്ക് വാടകയ്ക്ക് നല്‍കിയ രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. വടകരയിലെ പ്രമുഖ പാരലല്‍ കോളേജിലെ വിദ്യാര്‍ത്ഥികളും, താഴെഅങ്ങാടി സ്വദേശികളുമായ രണ്ടു പേരെയാണ് വടകര ഡിവൈഎസ്പി സിആര്‍ സന്തോഷ്, സിഐ ടി മധുസൂദനന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ വടകര ടൗണില്‍ വാഹന പരിശോധനയ്ക്കിടയില്‍ കൈ കാണിച്ച ഇവര്‍ പോലിസിനെ കണ്ട് ഇറങ്ങി ഓടാന്‍ ശ്രമിച്ച 17കാരനെ പിടികൂടിയപ്പോഴാണ് വാഹനം വാടകയ്ക്ക് എടുത്തതാണെന്ന് വിവരം ലഭിച്ചത്.
സഹപാഠികളില്‍ നിന്നും ദിവസം 200 രൂപ നല്‍കി വാടകയ്‌ക്കെടുത്ത ബൈക്കാണിതെന്ന് പിടിക്കപെട്ടവന്‍ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി മോഷ്ട്ടാക്കള്‍ പിടിയിലായത്.
വടകരയിലും, പരിസര പ്രദേശങ്ങളില്‍ നിന്നുമായി നിരവധി ബൈക്കുകള്‍ അടുത്ത കാലത്തായി മോഷണം പോയതിനെ തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ബൈക്ക് വാടകയ്ക്ക് നല്‍കിയ രണ്ടുപേരെയും കസ്റ്റഡിയില്‍ എടുത്തു.
പോലിസ് ചോദ്യം ചെയ്യലിലാണ് അഴിയൂരിലെ അയിഷാസില്‍ കെ അഷ്‌കറിന്റെ മോഷണം പോയ ബൈക്കാണിതെന്ന് വ്യക്തമായത്. ഇക്കഴിഞ്ഞ ഏപ്രില്‍ 28ന് രാത്രി മോഷ്ടിച്ച ഈ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റിയാണ് വാടയക്ക്ക് നല്‍കിയത്.
ഈ നമ്പറാകട്ടെ മറ്റൊരു കാറിന്റേതാണ്. നമ്പര്‍ പ്ലേറ്റ് മാറ്റി നല്‍കിയ വര്‍ക്ക് ഷോപ്പ് ഉടമക്കെതിരെയും പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഇന്ന് ജുവൈനല്‍ കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it