Flash News

മോഷ്ടാവെന്ന് ആരോപിച്ച് മണിപ്പൂരില്‍ തല്ലിക്കൊല; അഞ്ചു പേര്‍ അറസ്റ്റില്‍

ഇംഫാല്‍: വാഹനമോഷ്ടാവെന്ന് ആരോപിച്ച് ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലിസ് അറസ്റ്റു ചെയ്തു. കൊല്ലപ്പെട്ട ആളുകളുടെ കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ടുവെന്ന് പോലിസ് അറിയിച്ചു.
കൊലപാതകത്തില്‍ പങ്കുണ്ടെന്നു കരുതുന്ന നാലു പേരും ഇരുചക്ര വാഹനത്തിന്റെ ഉടമയുമാണ് അറസ്റ്റിലായത്. ഇയാളെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് പോലിസ് വെളിപ്പെടുത്തിയില്ല.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. പ്രതികളെ കോടതി നാലു ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത മണിപ്പൂര്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം നടത്തി 22നകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന ഡിജിപിക്ക് നിര്‍ദേശം നല്‍കി.
അതിനിടെ, അറസ്റ്റിലായവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമീണര്‍ പോലിസ് സ്‌റ്റേഷന്‍ ഘെരാവോ ചെയ്തു. രക്ഷപ്പെട്ട രണ്ട് വാഹനമോഷ്ടാക്കളെ അറസ്റ്റു ചെയ്യുന്നതിനു പകരം വാഹന ഉടമ അടക്കമുള്ളവരെയാണ് പോലിസ് പിടികൂടിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it