thrissur local

മോഷണത്തിനിടെ ഉപേക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു

കുന്നംകുളം: കൂനംമൂച്ചിയില്‍ മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ നാട്ടുകാര്‍ പിടികൂടിയപ്പോള്‍ ഉപേക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെടുത്തു. കൂനംമൂച്ചി കൊള്ളന്നൂര്‍ ലിജോയുടെ വീട്ടില്‍ നിന്ന് കഴിഞ്ഞ 25 ന് മോഷണം നടത്തിയ ആഭരണങ്ങള്‍ സമീപത്ത് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. കുപ്രസിദ്ധ മോഷ്ടാവ് ഏറണാകുളം തമ്മനം മണി നിവാസില്‍ ഷെനില്‍ കുമാറാണ് മോഷണം നടത്തിയത്. ഞായറാഴ്ച്ച രാവിലെ കുടുംബാഗങ്ങള്‍ പള്ളിയില്‍പോയ സമയത്ത് വീടിന്റെ പിന്‍വശത്തെ വാതില്‍ തകര്‍ത്താണ് ഇയാള്‍ അകത്ത് കടന്നത്.
അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു പവന്റെ മോതിരം, അരപവന്‍ വീതം തൂക്കമുള്ള രണ്ട് കൈ ചെയിന്‍ എന്നിവയും അഞ്ഞൂറിന് താഴെ രൂപയുമാണ് മോഷണം പോയിരുന്നത്. ഷെനില്‍ കുമാര്‍ വീടിനുള്ളിലേക്ക് കയറുന്നത് അയല്‍വാസിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നാട്ടുക്കാര്‍ ഓടിച്ചപ്പോള്‍ ഇയാള്‍ കുഴിയിലേക്ക് എടുത്തുചാടുകയും തുടര്‍ന്ന് നട്ടെല്ലിന് പൊട്ടലേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുമാണ്. മോഷണം നടന്ന ദിവസം മുതല്‍ ലിജോയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രദേശത്ത് തിരച്ചില്‍ നടത്തുന്നത് പതിവായിരുന്നു. ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് നടത്തിയ തിരച്ചിലിലാണ് ഒളിപ്പിച്ച നിലയില്‍ മോതിരവും ഒരു കൈ ചെയിനും ഷെനില്‍ ചാടിയ കുഴിയുടെ സമീപത്ത് നിന്ന് കിട്ടിയത്. ആഭരണങ്ങള്‍ കുന്നംകുളം പോലിസില്‍ ഏല്‍പ്പിച്ചു.
Next Story

RELATED STORIES

Share it