palakkad local

മോഷണങ്ങള്‍ക്കെതിരേ പോലിസിന്റെ ബോധവല്‍ക്കരണം



പട്ടാമ്പി:  പട്ടാമ്പി, തൃത്താല മേഖലകളില്‍ വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം വ്യാപകമാകുന്ന സാഹചര്യത്തില്‍ ബോധവത്കരണ ക്ലസുകളും സുരക്ഷാ നിര്‍ദേശങ്ങളുമായി പോലിസ് രംഗത്ത്. ഇതിന്റെഭാഗമായി പട്ടാമ്പി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിഎസ് സുരേഷിന്റെ നേതൃത്വത്തില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വ്യാപാരികള്‍ക്കായി ബോധവത്കരണ ക്ലാസ് നടത്തി. പട്ടാമ്പിയിലെ കൊപ്പം ഭാഗങ്ങളിലും തൃത്താലയിലെ കുമരനല്ലൂര്‍ ഭാഗങ്ങളിലും വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണങ്ങള്‍ പതിവായി മാറുന്ന സാഹചര്യത്തിലാണ് പോലീസിന്റെ ബോധവത്കരണ ക്ലാസ്. പോലിസിന്റെ ജാഗ്രതയ്ക്കുപുറമെ ജനങ്ങളുടെകൂടി സഹകരണം ഉറപ്പാക്കിയാല്‍ മാത്രമേ മേഖലയില്‍ വര്‍ധിച്ചുവരുന്ന മോഷണങ്ങളെയും മോഷണശ്രമങ്ങളെയും ചെറുക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പട്ടാമ്പി സിഐ പിഎസ് സുരേഷ് പറഞ്ഞു. രാത്രികാലങ്ങളില്‍ വീടിന് മുന്‍വശത്തെയും പിറകുവശത്തെയും ലൈറ്റുകള്‍ അണയ്ക്കരുതെന്ന് പോലിസ് മുന്നറിയിപ്പ് നല്‍കുന്നു. കനത്തമഴയും വീടിന് ചുറ്റുമുള്ള ഇരുട്ടും മോഷ്ടാക്കള്‍ക്ക് അനുകൂലസാഹചര്യമൊരുക്കാന്‍ സഹായിക്കുമെന്നതിനാലാണ് വീടിനുമുന്‍വശത്തെയും പിറകുവശത്തെയും വിളക്കുകള്‍ രാത്രിമുഴുവന്‍ തെളിയിച്ചിടാന്‍ പോലീസ് പറയുന്നത് . വീട്ടുപരിസരത്ത് കമ്പിപ്പാര, മറ്റ് ആയുധങ്ങള്‍ തുടങ്ങിയവ സൂക്ഷിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തും. രാത്രികാലങ്ങളില്‍ കോളിങ് ബെല്‍ ശബ്ദംകേട്ട് വാതില്‍ തുറന്ന് നോക്കുന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വീടുവിട്ട് മാറിനില്‍ക്കുന്ന ദിവസങ്ങളില്‍ വീടിനുമുന്നില്‍ പത്രങ്ങള്‍ കൂട്ടിക്കിടക്കുന്നതും പാല്‍ കുപ്പികള്‍ എടുക്കാതിരിക്കുന്നതുമെല്ലാം വീട്ടില്‍ ആളില്ലെന്ന് മോഷ്ടാക്കള്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്നതായും പോലീസ് പറയുന്നു. വീടിനരികില്‍ വെച്ച കോണി ഉപയോഗിച്ച് വീടിനുമുകളില്‍ കയറി മോഷണം നടത്തുന്ന സംഭവങ്ങളും ആവര്‍ത്തിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. കൂടാതെ സഹായം അഭ്യര്‍ഥിച്ച് വീടുകളിലെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ ആവശ്യമാണ്. വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം വര്‍ധിച്ച സാഹചര്യത്തില്‍ സ്ഥാപനങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. പുറമെ മൊബൈല്‍ കടകളില്‍ ഫോണുകള്‍ വില്‍ക്കാനും വാങ്ങാനും എത്തുന്നവരുടെ ഫോട്ടോയും ആധാര്‍ കാര്‍ഡ് പോലെയുള്ള തിരിച്ചറിയല്‍ രേഖകളുടെ കോപ്പികളും വാങ്ങിസൂക്ഷിക്കണം. പട്ടാമ്പി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിഎസ് സുരേഷ്, ചാലിശ്ശേരി എസ്‌ഐഎം അജയകുമാര്‍, തൃത്താല എസ്‌ഐ കൃഷ്ണന്‍കുട്ടി, മേഖലയിലെ വ്യാപാരസ്ഥാപന ഉടമകള്‍ തുടങ്ങിയവര്‍ ബോധവത്കരണ ക്ലാസില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it