മോദി സര്‍ക്കാര്‍ വഖ്ഫ് ബോര്‍ഡ് പദ്ധതികളെ അവഗണിക്കുന്നു

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്തെ വഖ്ഫ് ബോര്‍ഡ് പദ്ധതികള്‍ അവതാളത്തിലായി. എന്‍ഡിഎ സര്‍ക്കാര്‍ ഭരണത്തിലെത്തിയ ശേഷം വഖ്ഫ് ബോര്‍ഡിന്റെ പദ്ധതികള്‍ക്ക് കാര്യമായ തുക നീക്കിവച്ചില്ലെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സംസ്ഥാന വഖ്ഫ് ബോര്‍ഡുകളുടെ ശാക്തീകരണം, പ്രസ്തുത ബോര്‍ഡുകളുടെ രേഖകള്‍ കംപ്യൂട്ടര്‍വല്‍ക്കരണം തുടങ്ങിയ പദ്ധതികളാണ് അവഗണിക്കപ്പെടുന്നത്. ന്യൂനപക്ഷ കാര്യമന്ത്രാലയം പുറത്തുവിട്ട രേഖകളില്‍നിന്നാണ് ഇക്കാര്യം വ്യക്തമാവുന്നത്.
സംസ്ഥാന വഖ്ഫ് ബോര്‍ഡുകളെ കംപ്യൂട്ടര്‍വല്‍കരിക്കുന്നതിനും ബോര്‍ഡുകളുടെ പ്രവര്‍ത്തനം സുഖമമാക്കുന്നതിനും വഖ്ഫ് സ്വത്തുക്കള്‍ വികസിപ്പിക്കുന്നതിനുമായി എല്ലാ ബോര്‍ഡുകള്‍ക്കും പണം നീക്കിവച്ചിട്ടുണ്ടെന്നാണ് ന്യൂനപക്ഷ കാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി ലോക്‌സഭയെ അറിയിച്ചത്. രാജസ്ഥാനില്‍ നിന്നുള്ള എംപി അര്‍ജുന്‍ലാല്‍ മീനയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പക്ഷേ, വഖ്ഫ് രേഖകള്‍ കംപ്യൂട്ടര്‍വല്‍കരിക്കുന്നതിന് മോദി സര്‍ക്കാര്‍ ഒരു തുകയും നീക്കിവച്ചിട്ടില്ലെന്നാണ് മന്ത്രാലയത്തിന്റെ രേഖകളില്‍നിന്നു വ്യക്തമാവുന്നത്.
മന്‍മോഹന്‍ സര്‍ക്കാര്‍ ഈയിനത്തില്‍ 2012-13 വര്‍ഷത്തില്‍ 90 ലക്ഷം രൂപയും 2013-14 വര്‍ഷത്തില്‍ 40 ലക്ഷം രൂപയും ചെലവഴിച്ചിരുന്നു. കംപ്യൂട്ടര്‍വല്‍കരണ ജോലികള്‍ സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സില്‍ മുഖേന ചെയ്യുന്നതിനാലാണ് 2014-15 വര്‍ഷത്തില്‍ ഒരു പൈസയും സംസ്ഥാന വഖ്ഫ് ബോര്‍ഡുകള്‍ക്കു നല്‍കാത്തതെന്നാണ് മന്ത്രാലയം നല്‍കുന്ന വിശദീകരണം.
സംസ്ഥാന വഖ്ഫ് ബോര്‍ഡുകളെ ശക്തിപ്പെടുത്തല്‍ പദ്ധതിക്കു വേണ്ടി ഈ വര്‍ഷം പൈസ ഒന്നും അനുവദിച്ചിട്ടില്ല. എന്നാല്‍, കഴിഞ്ഞവര്‍ഷം മോദി സര്‍ക്കാര്‍ ഈയിനത്തില്‍ 3.9 കോടി രൂപ ചെലവഴിച്ചിരുന്നു. അതേസമയം യുപിഎ സര്‍ക്കാരിന്റെ അവസാന വര്‍ഷത്തില്‍ ഈ ഇനത്തില്‍ ഏഴു കോടിരൂപയാണ് ചെലവഴിച്ചത്.
കേരളാ വഖ്ഫ് ബോര്‍ഡിന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് ലഭിച്ച പ്രകാരം തന്നെ ഇത്തവണയും സഹായം ലഭിച്ചതായി സംസ്ഥാന വഖ്ഫ് ബോര്‍ഡ് സെക്രട്ടറി ബിഎം ജമാല്‍ വ്യക്തമാക്കി. മൂന്നു ഘട്ടങ്ങളിലായാണ് പദ്ധതികള്‍ക്കു പണം അനുവദിക്കുന്നത്. കേരളം, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ബോര്‍ഡുകള്‍ മാത്രമെ ആദ്യ ഘട്ടത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. അതിനാല്‍ മറ്റു സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സില്‍ നേരിട്ടു നടത്താമെന്ന് അറിയിക്കുകയായിരുന്നുവെന്നും രണ്ടാംഘട്ടത്തിലേക്ക് 15 ലക്ഷം രൂപ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കേരളത്തിനു ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it