Editorial

മോദി സര്‍ക്കാര്‍ മാപ്പു പറയണം

മൂന്നു വര്‍ഷത്തിലേറെ മുമ്പാണ് ഇറാഖിലെ മൗസിലില്‍ നിര്‍മാണ ജോലിക്കാരായിരുന്ന 40 ഇന്ത്യക്കാരെ ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ സേനകള്‍ തട്ടിക്കൊണ്ടുപോയത്. അന്നു രക്ഷപ്പെട്ട് തിരിച്ചു നാട്ടിലെത്തിയ ഹര്‍ജിത് മസിഹ് എന്ന തൊഴിലാളി, എന്താണ് തന്റെ സഹപ്രവര്‍ത്തകര്‍ക്കു സംഭവിച്ചത് എന്ന് 2014 ജൂലൈയില്‍ തന്നെ ഇന്ത്യന്‍ അധികൃതരോടു വെളിപ്പെടുത്തിയിരുന്നു. എല്ലാവരെയും ഒന്നിച്ചുനിര്‍ത്തി വെടിവച്ചുവീഴ്ത്തുകയായിരുന്നുവെന്നും കാലിനു പരിക്കേറ്റ താന്‍ സംഭവസ്ഥലത്തു നിന്നു ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.
എന്നാല്‍, ഇന്ത്യന്‍ സര്‍ക്കാര്‍ അതു വിശ്വസിച്ചില്ല. ഇറാഖിലെ അന്നത്തെ കലുഷിതമായ അന്തരീക്ഷത്തില്‍ വിവരങ്ങള്‍ ശേഖരിക്കുകയെന്നതും വാര്‍ത്തകള്‍ സ്ഥിരീകരിക്കുകയെന്നതും അതീവ ദുഷ്‌കരമായിരുന്നു എന്നത് സത്യം തന്നെയാണ്. അതിനാല്‍ 39 ഇന്ത്യക്കാര്‍ അവിടെ വെടിയേറ്റു മരിച്ചുവെന്ന് കൃത്യമായ സ്ഥിരീകരണമില്ലാതെ വിശ്വസിക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചതിനും അവരെ കുറ്റപ്പെടുത്താനാവില്ല.
എന്നാല്‍, ഹര്‍ജിത് മസിഹിനെ ഒരു കൊല്ലത്തോളം ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ തടവില്‍ വയ്ക്കുകയും അദ്ദേഹം പറഞ്ഞത് കളവാണെന്ന് പരസ്യ പ്രഖ്യാപനം നടത്തുകയും ചെയ്തത് അങ്ങേയറ്റം ഹീനമായ കെടുകാര്യസ്ഥതയുടെ ലക്ഷണമാണ്. 2014 നവംബറില്‍ പോലും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പ്രഖ്യാപിച്ചത്, ഇറാഖില്‍ അപ്രത്യക്ഷരായ തൊഴിലാളികള്‍ ജീവിച്ചിരിക്കുന്നതായാണ് സര്‍ക്കാരിനു ലഭ്യമായ വിവരമെന്നാണ്.
2017 ജൂലൈ ആദ്യവാരമാണ് മൗസില്‍ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അധീനതയില്‍ നിന്ന് ഇറാഖ് സര്‍ക്കാര്‍ തിരിച്ചുപിടിച്ചത്. എന്നിട്ടുപോലും ഇത്രയും മാസമായി എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുന്നതില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നത് അദ്ഭുതകരം തന്നെയാണ്. ഇന്ത്യയുടെ വിദേശകാര്യ വകുപ്പിന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും പ്രവര്‍ത്തനക്ഷമതയെ സംബന്ധിച്ച ഗൗരവമായ ചോദ്യങ്ങള്‍ അത് ഉയര്‍ത്തുന്നു.
കൃത്യമായ വിവരങ്ങളില്ലാതെ ആരെങ്കിലും മരിച്ചുവെന്ന് പ്രഖ്യാപിക്കുന്നത് തെറ്റാണ് എന്നാണ് തന്റെ കൃത്യവിലോപത്തിനു ന്യായീകരണമായി വിദേശകാര്യമന്ത്രി പറയുന്നത്. പക്ഷേ, ഇത്രയേറെ ഇന്ത്യക്കാര്‍ ഇത്ര ദീര്‍ഘകാലം അപ്രത്യക്ഷരായിട്ടും എന്താണ് അവര്‍ക്കു സംഭവിച്ചത് എന്നു കണ്ടെത്താന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല എന്ന കാര്യം ഓര്‍ക്കണം. സംഭവത്തിനു ദൃക്‌സാക്ഷിയായ ഒരാള്‍ ഉണ്ടായിട്ടും അതുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ അന്വേഷണം നടത്തിയില്ല എന്നുതന്നെയാണ് ഇതില്‍ നിന്നു വ്യക്തമാവുന്നത്.
ഇന്ത്യയിലെ ഭരണകൂടം നാട്ടിലെ സാധാരണക്കാരോടും സാധാരണക്കാരായ ഇന്ത്യന്‍ പ്രവാസികളോടും അനുവര്‍ത്തിക്കുന്ന ചിറ്റമ്മനയത്തിന്റെ ലക്ഷണമാണ് ഇവിടെയും പ്രകടമാവുന്നത്. പണക്കാരോ പ്രമുഖരോ ആണ് അപ്രത്യക്ഷരായതെങ്കില്‍ ഇതാവുമായിരുന്നില്ല സര്‍ക്കാരിന്റെ നിലപാട്. ഇത്രയുംകാലം 39 കുടുംബങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ ഭരണകൂടം അവരോട് മാപ്പു പറയേണ്ടതാണ്; രാജ്യത്തെ സാധാരണ ജനങ്ങളോടും.
Next Story

RELATED STORIES

Share it