Flash News

മോദി സര്‍ക്കാര്‍ ഇന്ത്യയെന്ന ആശയത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു : സോണിയ



ന്യൂഡല്‍ഹി: ഇന്ത്യയെന്ന ആശയത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ. ആള്‍ക്കൂട്ടം നിയമം കൈയിലെടുക്കുന്നത് രാജ്യത്ത് വ്യാപകമായത് ആശങ്കയുണ്ടാക്കുന്നതാണെന്ന് പശുവിന്റെ പേരിലുള്ള അക്രമത്തെ സൂചിപ്പിച്ച് സോണിയ പറഞ്ഞു. ഇത്തരം ആള്‍ക്കൂട്ടവും സര്‍ക്കാരും തമ്മില്‍ ആശയപരമായ പൊരുത്തമുണ്ട്. ഇടുങ്ങിയ കാഴ്ചപ്പാട് രൂപപ്പെടുത്തിയെടുക്കാന്‍ മോദി സര്‍ക്കാര്‍ നാണം കെട്ട പ്രചാരണമാണ് നടത്തുന്നത്. മോദി അധികാരമേറ്റ് മൂന്നു വര്‍ഷത്തിനിടെ പരസ്പര സൗഹൃദമുണ്ടായ സ്ഥലങ്ങളിലെല്ലാം ഭിന്നതയുണ്ടായി. സഹിഷ്ണുതയുള്ളിടത്തെല്ലാം പ്രകോപനമുണ്ടായെന്നും സോണിയാ ഗാന്ധി പറഞ്ഞു. കശ്മീരില്‍ നിലനിന്നിരുന്ന സമാധാനം ഏറ്റമുട്ടലിനും സംഘര്‍ഷത്തിനും ഭീതിക്കും വഴി മാറി. സാമ്പത്തിക ശേഷി സ്തംഭനത്തിന് വഴിമാറി.  കശ്മീര്‍ പ്രശ്‌നം വഷളായത് സര്‍ക്കാരിന്റെ കഴിവുകേടുകൊണ്ടാണ്. കഴിഞ്ഞ കാലങ്ങളില്‍ നേടിയെടുത്ത പുരോഗതി ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്- സോണിയ പറഞ്ഞു. സമ്പന്നമായ വൈവിധ്യത്തെ വൃത്തികെട്ട പ്രചാരണത്തിലൂടെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. രാജ്യം ഇടുങ്ങിയ ചിന്താഗതിക്കാരുടേതായി മാറിയെന്നും കോണ്‍ഗ്രസ് അധ്യക്ഷ  അഭിപ്രായപ്പെട്ടു. യോഗത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തതായി ഗുലാംനബി ആസാദ് യോഗത്തിന് ശേഷം വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷനാക്കുന്ന കാര്യം ചര്‍ച്ച ചെയ്തില്ല. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിലെ നിലപാട് സംബന്ധിച്ചും ചര്‍ച്ച ചെയ്തതായി ഗുലാംനബി പറഞ്ഞു. മുതിര്‍ന്ന നേതാക്കളായ മന്‍മോഹന്‍സിങ്, എ കെ ആന്റണി, രാഹുല്‍ഗാന്ധി, പി ചിദംബരം, ജനാര്‍ദന്‍ ദ്വിവേദി, അംബികാസോണി തുടങ്ങിയവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it