മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കയറ്റുമതി കുറഞ്ഞു

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രാജ്യത്തുനിന്നുള്ള കാര്‍ഷിക വിളകള്‍ അടക്കമുള്ള ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ ഇടിവ് വന്നതായി കണക്കുകള്‍. 2014ലാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റത്. തുടര്‍ന്നുള്ള നാലു വര്‍ഷത്തിനിടെ ആഫ്രിക്കന്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കും ജപ്പാനിലേക്കുമുള്ള കയറ്റുമതിയുടെ വളര്‍ച്ചാ നിരക്ക് വളരെ പിന്നാക്കം പോയതായി ഓണ്‍ലൈന്‍ മാധ്യമം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയുടെ അളവിലും കുറവുണ്ട്. ഇക്കാലയളവില്‍ ആകെയുള്ള കയറ്റുമതിയുടെ വളര്‍ച്ചാ നിരക്ക് മൈനസ് നാലു ശതമാനമായി ചുരുങ്ങിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 2009-14 കാലഘട്ടത്തില്‍ 12.3 ശതമാനമായിരുന്നു ഇന്ത്യയുടെ കയറ്റുമതി രംഗത്തെ വളര്‍ച്ചാ നിരക്ക്. 2004-09 കാലഘട്ടത്തില്‍ 22.16 ശതമാനവും.
ആഗോള സാഹചര്യങ്ങളല്ല ആഭ്യന്തര-സാമ്പത്തിക രംഗത്തെ നയങ്ങളാണ് കയറ്റുമതി കുറയാന്‍ കാരണമായ—ത്. ആഗോളതലത്തില്‍ കയറ്റുമതി രംഗത്തു മൂന്നുശതമാനത്തോളം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി പിറകിലേക്ക് പോവുകയായിരുന്നു.
ജിഎസ്ടി, നോട്ട് നിരോധനം, പുതിയ ബാങ്ക് ചട്ടങ്ങള്‍ അടക്കമുള്ള നടപടികള്‍ കയറ്റുമതിയെ ബാധിച്ചു. ജിഎസ്ടി, നോട്ട് നിരോധനം അടക്കമുള്ള നയങ്ങള്‍ പ്രാദേശിക വ്യവസായ-വാണിജ്യ രംഗങ്ങളെ ബാധിച്ചതായി വിദഗ്ധര്‍ പറയുന്നു. ചെറുകിട, ഇടത്തരം വ്യവസായങ്ങളെ ജിഎസ്ടി പ്രതികൂലമായി ബാധിച്ചതായും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ടെക്‌സ്റ്റൈല്‍, ലെതര്‍ അടക്കമുള്ള മേഖലകളിലെ ഉല്‍പാദനം വന്‍തോതില്‍ കുറയാന്‍ ജിഎസ്ടി കാരണമായി.
2014 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ആഫ്രിക്കയിലേക്കുള്ള കയറ്റുമതി 4.42 ശതമാനം, ജപ്പാനിലേക്കുള്ള കയറ്റുമതി 7.2 ശതമാനം, ലാറ്റിനമേരിക്കയിലേക്കുള്ള കയറ്റുമതി 3.18 ശതമാനം എന്നിങ്ങനെ കുറഞ്ഞതായി കാണാം. എന്നാല്‍, 2009-14 കാലഘട്ടത്തില്‍ ആഫ്രിക്കയിലേക്കുള്ള കയറ്റുമതിയില്‍ 16.58 ശതമാനവും ലാറ്റിനമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ 17.9 ശതമാനവും ജപ്പാനിലേക്കുള്ള കയറ്റുമതിയില്‍ 18.52 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.
ജപ്പാന്‍, ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നിവയൊഴികെയുള്ള മേഖലകളിലേക്കുള്ള കയറ്റുമതിയില്‍ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തുന്നില്ലെങ്കിലും നാലുവര്‍ഷത്തിനിടെ ഇതു താഴ്ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വടക്കേ അമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ നിലവില്‍ 5.9 ശതമാനമാണ് വാര്‍ഷിക വളര്‍ച്ചാ നിരക്ക്. 2009-14 കാലഘട്ടത്തില്‍ ഇത് 16.64 ശതമാനമായിരുന്നു. 1.29 ആണ് നിലവില്‍ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയുടെ വളര്‍ച്ചാ നിരക്ക്. 2009-14ല്‍ ഇത് 6.35 ശതമാനമായിരുന്നു. ആസിയാന്‍ 13.94ല്‍ നിന്ന് 2.5 ശതമാനത്തിലേക്ക്, ചൈന 11.62ല്‍ നിന്ന് 0.0026 ശതമാനത്തിലേക്ക് എന്നിങ്ങനെയാണ് മറ്റു പ്രധാന മേഖലകളിലേക്കുള്ള കയറ്റുമതി വളര്‍ച്ചാ നിരക്കിലെ ഇടിവ്.
കയറ്റുമതി കുറഞ്ഞത് രാജ്യത്ത് വ്യാപാര കമ്മി വര്‍ധിക്കാനും കാരണമായിട്ടുണ്ട്. 2017-18 കാലത്ത് 1,62,000 കോടി ഡോളറിന്റെ വ്യാപാര കമ്മിയാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ഇറക്കുമതി വര്‍ധിക്കുമ്പോഴും കയറ്റുമതി പിറകിലേക്ക് പോവുന്നതാണ് ഇതിനു കാരണം.
2008ലെ സാമ്പത്തിക പ്രതിസന്ധി കാലത്തിനു ശേഷം ഇപ്പോള്‍ ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് രാജ്യത്തെ സാമ്പത്തികരംഗം പോവുന്നതായി വാണിജ്യ മന്ത്രി സുരേഷ് പ്രഭു അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it