thrissur local

മോദി സര്‍ക്കാരിനെതിരേ യുവജന പ്രക്ഷോഭം ശക്തിപ്പെടുത്തണമെന്ന്

തൃശൂര്‍: രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാറിന്റെ ജനദ്രോഹയുവജനദ്രോഹ നയങ്ങള്‍ക്കെതിരെ ശക്തമായ യുവജന പ്രക്ഷോഭ നിര കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണെന്നും അതിനായി രാജ്യത്ത് അരക്കോടിയുവജനങ്ങളെ എ ഐ വൈ എഫില്‍ അംഗമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും എ ഐ വൈ എഫ് ദേശീയ സെക്രട്ടറി അഡ്വ. കെ രാജന്‍ എംഎല്‍എ പറഞ്ഞു. തൃശൂര്‍ കെ കെ വാരിയര്‍ സ്മാരക ഹാളില്‍ നടന്ന എഐവൈഎഫ് തൃശൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ എ ഐ വൈ എഫ് സംഘടിത പ്രസ്ഥാനമായി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അതിനനുസരിച്ച് മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ജില്ലയില്‍ ഒന്നരലക്ഷം മെമ്പര്‍ഷിപ്പ് ഈ വര്‍ഷം പൂര്‍ത്തീകരിക്കെണ്ടെതുണ്ട്.
മെയ് 13 മുതല്‍ 20 വരെയാണ് മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്  വേണ്ടി സംഘടന തിരുമാനിച്ചിരിക്കുന്നത്. അതിനായി കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തണം. ഏപ്രില്‍ 20 ഓടെ  ജില്ലയിലെ എല്ലാ മണ്ഡലം കണ്‍വെന്‍ഷനുംപൂര്‍ത്തീകരിക്കണമെന്നും അഡ്വ. കെ രാജന്‍ പറഞ്ഞു.
യുവാക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ലംഘിച്ച് യുവജനങ്ങളെ വഞ്ചിക്കുകയാണെന്ന് ചടങ്ങില്‍ സംസാരിച്ച സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് പറഞ്ഞു. മെയ് 3 എ ഐ വൈ എഫ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
Next Story

RELATED STORIES

Share it