World

മോദി റഷ്യയില്‍: പുടിനുമായി അനൗപചാരിക ചര്‍ച്ച നടത്തി

സോചി: ചൈനയ്ക്കു പിന്നാലെ അനൗപചാരിക ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലെത്തി. കരിങ്കടലിന്റെ തീരനഗരമായ സോചിയിലായിരുന്നു റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായുള്ള മോദിയുടെ ചര്‍ച്ചകള്‍. രാജ്യാന്തര തെക്കുവടക്ക് ഇടനാഴി യാഥാര്‍ഥ്യമാക്കാന്‍ ഇരുരാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കുകയാണെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം മോദി അഭിപ്രായപ്പെട്ടു.
സൗഹൃദ സന്ദര്‍ശനത്തിന് ക്ഷണിച്ചതിനു പുടിന് നന്ദി അറിയിച്ചു. ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷനില്‍ സ്ഥിരാംഗത്വം നേടാന്‍ ഇന്ത്യയെ സഹായിച്ചതു റഷ്യയാണെന്നും മോദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കേ തുടങ്ങിയ നയതന്ത്രപങ്കാളിത്തം ഇപ്പോള്‍ പ്രത്യേക ആനുകൂല്യങ്ങളോടെയുള്ള പങ്കാളിത്തമായി മാറിയിരിക്കുകയാണെന്നും ഇതു വലിയ നേട്ടമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഇറാനുമായുള്ള ആണവകരാറില്‍ നിന്നു യുഎസ് പിന്മാറിയതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. രാജ്യാന്തരവും–പ്രാദേശികവുമായ വിഷയങ്ങളില്‍ ഐക്യമുണ്ടാക്കി പരസ്പര വിശ്വാസം വളര്‍ത്തുകയും സൗഹൃദം ഊട്ടിയുറപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് മോദിയുടെ സന്ദര്‍ശനം.
ഇറാനുമായുള്ള ആണവകരാറില്‍ നിന്നു യുഎസ് പിന്മാറുന്നത് എത്തരത്തിലാണ് ഇന്ത്യയെയും റഷ്യയെയും ബാധിക്കുകയെന്ന് ഇരുനേതാക്കളും ചര്‍ച്ച ചെയ്യും.
സൗദിക്കും ഇറാഖിനും ശേഷം ഇന്ത്യ ഏറ്റവുമധികം ഇന്ധനം ഇറക്കുമതി ചെയ്യുന്നത് ഇറാനില്‍ നിന്നാണ്. അതിനാല്‍, യുഎസിന്റെ ഉപരോധം ഇന്ത്യയെ ബാധിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയുടെ സാമ്പത്തിക പിന്തുണയോടെ ഇറാന്‍ നിര്‍മിക്കുന്ന ചാബഹാര്‍ തുറമുഖത്തിന്റെ തുടര്‍ വികസനത്തെ കരാര്‍ ബാധിക്കുമോയെന്നും ആശങ്കയുണ്ട്.
റഷ്യയിലെ ജനങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് യാത്രയ്ക്കു മുമ്പേ മോദി ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ ശക്തമാക്കുന്നതായിരിക്കും ചര്‍ച്ചകളെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ ഉറപ്പിക്കുന്നതായിരിക്കും കൂടിക്കാഴ്ചയെന്ന് യാത്രയ്ക്ക് മുമ്പ് മോദി ട്വീറ്റ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it