Flash News

മോദി മാപ്പുപറയണം: മന്‍മോഹന്‍

ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് അനുകൂലമായി പാകിസ്താന്‍ ഇടപെടലുണ്ടായെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്‌ക്കെതിരേ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിങ്. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്താന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്ന പ്രസ്താവന പിന്‍വലിച്ച് പ്രധാനമന്ത്രി മാപ്പുപറയണമെന്ന് മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ഗുജറാത്തിലെ പാലന്‍പൂരില്‍ ഒരു തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയായിരുന്നു നരേന്ദ്രമോദി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ അതീവഗുരുതരമായ ആരോപണം ഉന്നയിച്ചത്. ഗുജറാത്തില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ മന്‍മോഹന്‍ സിങ്, മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, മുന്‍ കരസേനാ മേധാവി ദീപക് കപൂര്‍, പാക് സ്ഥാനപതി, പാക് മുന്‍ വിദേശകാര്യമന്ത്രി എന്നിവര്‍ ചര്‍ച്ച നടത്തിയെന്നായിരുന്നു ആരോപണം. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പരാജയം ഭയക്കുന്ന മോദി വ്യാജ പ്രചാരണങ്ങളിലൂടെ രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു. തന്നെ വളരെ വേദനിപ്പിക്കുന്നതാണ് മോദിയുടെ അസത്യപ്രചാരണം. ഒരു പ്രധാനമന്ത്രിയെന്ന പദവിക്കും വളരെ താഴെയുള്ള നിലവാരത്തിലാണ് അദ്ദേഹം കള്ളങ്ങള്‍ പടച്ചുവിടുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താന്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. കഴിഞ്ഞ അഞ്ചു ദശാബ്ദമായുള്ള തന്റെ രാഷ്ട്രീയജീവിതത്തെ കുറിച്ച് രാജ്യത്തെ ജനങ്ങള്‍ക്കു നല്ല ബോധ്യമുണ്ട്. അത് നരേന്ദ്രമോദിക്കെന്നല്ല, ആര്‍ക്കും തകര്‍ക്കാന്‍ കഴിയുന്നതല്ല. ഭരണഘടനാ സ്ഥാപനങ്ങളെ താറടിക്കുകയാണ് മോദി ചെയ്യുന്നത്. അത് അപകടകരമായ കീഴ്‌വഴക്കമാണ് സൃഷ്ടിക്കുന്നത്. മുന്‍ പ്രധാനമന്ത്രി, മുന്‍ കരസേനാ മേധാവി എന്നിവരെ പോലും മോദി സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു. ഭീകരതയ്‌ക്കെതിരേയുള്ള പോരാട്ടത്തില്‍ വിട്ടുവീഴ്ച കാണിച്ചതായി ആരോപിക്കപ്പെടുന്ന പ്രധാനമന്ത്രിയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും കോണ്‍ഗ്രസ്സിന് ദേശീയതയെക്കുറിച്ചുള്ള ഉപദേശം ആവശ്യമില്ല. ഉദ്ദംപൂരിലും ഗുരുദാസ്പൂരിലുമെല്ലാം ആക്രമണം ഉണ്ടായപ്പോള്‍ ആരുടെയും ക്ഷണമില്ലാതെ പാകിസ്താനില്‍ പോയ ആളാണ് മോദി. അത് എന്തിനായിരുന്നുവെന്ന് ജനങ്ങളോട് വെളിപ്പെടുത്തണമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. പത്താന്‍കോട്ടിലെ വ്യോമസേനാ കേന്ദ്രത്തില്‍ ആക്രമണമുണ്ടായപ്പോള്‍ അത് അന്വേഷിക്കാന്‍ പാകിസ്താന്‍ ചാരസംഘടന ഐഎസ്‌ഐയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതിനെപ്പറ്റിയും നരേന്ദ്രമോദി പറയട്ടെ. മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ സംഘടിപ്പിച്ച അത്താഴവിരുന്നില്‍ ഇന്ത്യ-പാകിസ്താന്‍ ബന്ധത്തെക്കുറിച്ചാണ് ചര്‍ച്ചകള്‍ ഉണ്ടായത്. വിരുന്നില്‍ പങ്കെടുത്ത പ്രമുഖ ഇന്ത്യന്‍ സിവില്‍ ഉദ്യോഗസ്ഥര്‍, പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഈ പ്രസ്താവനയുടെ പകര്‍പ്പ് നല്‍കുന്നു. വിരുന്നില്‍ ഏതെങ്കിലും തരത്തിലുള്ള രാജ്യദ്രോഹ ചര്‍ച്ചകള്‍ ആരും നടത്തിയിട്ടില്ലെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. അതേസമയം, എല്ലാവരെയും അറിയിച്ചു നടത്തിയ ഒരു യോഗം എങ്ങനെയാണ് പ്രധാനമന്ത്രിക്കു മാത്രം 'രഹസ്യ'മായി മാറിയതെന്ന് കോണ്‍ഗ്രസ് ചോദിച്ചു. മുന്‍ സൈനികമേധാവിയും നയതന്ത്രജ്ഞരും മറ്റു രാഷ്ട്രീയനേതാക്കളും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തെ രഹസ്യ കൂടിക്കാഴ്ചയെന്നു വിളിക്കുന്നതിലൂടെ മോദിയുടെ ലക്ഷ്യം വ്യക്തമാണെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പ്രതികരിച്ചു.ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പാക് മുന്‍ വിദേശകാര്യമന്ത്രിക്ക് ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കുകയാണ് മന്‍മോഹനും അന്‍സാരിയും ചെയ്തത്. പാകിസ്താനിലെ ഇന്ത്യയുടെ മുന്‍ ഹൈക്കമ്മീഷണര്‍മാരും യോഗത്തില്‍ പങ്കെടുത്തിരുന്നു. മുന്‍ സൈനിക മേധാവിയും ഒപ്പമുണ്ടായിരുന്നു. ഇദ്ദേഹവും ഇന്ത്യക്കെതിരേ പ്രവര്‍ത്തിച്ചുവെന്നാണോ മോദി പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.
Next Story

RELATED STORIES

Share it