മോദി പ്രഖ്യാപിച്ച ധനസഹായം ഈഥി ഫൗണ്ടേഷന്‍ നിരസിച്ചു

കറാച്ചി: ഗീതയെ സംരക്ഷിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ധനസഹായം പാകിസ്താനിലെ ഈഥി ഫൗണ്ടേഷന്‍ നിരസിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിയോടു നന്ദിയുണ്ടെന്നും എന്നാല്‍, ധനസഹായം വേണ്ടെന്നും ഇദ്ദി ഫൗണ്ടേഷന്‍ സ്ഥാപകന്‍ അബ്ദുല്‍ സത്താര്‍ വ്യക്തമാക്കി.
13 വര്‍ഷം മുമ്പ് അബദ്ധത്തില്‍ പാകിസ്താനിലെത്തി അവിടെ കുടുങ്ങിപ്പോയ ഇന്ത്യന്‍ പെണ്‍കുട്ടി ഗീത കഴിഞ്ഞ ദിവസമാണ് സ്വദേശത്തേക്കു തിരിച്ചെത്തിയത്. കറാച്ചിയില്‍നിന്നു രാവിലെ 8.30നു പുറപ്പെട്ട പാക് എയര്‍ലൈന്‍സ് വിമാനത്തിലാണ് ഗീത ഇന്ത്യയിലെത്തിയത്. വന്‍ സ്വീകരണമാണ് ഗീതയ്ക്ക് ഇന്ത്യയില്‍ ഒരുക്കിയിരുന്നത്.
ഏഴോ എട്ടോ വയസ്സുള്ളപ്പോള്‍ സംജോത എക്‌സ്പ്രസില്‍ ഒറ്റപ്പെട്ടുപോയ ഗീതയെ പാക് റേഞ്ചേഴ്‌സ് ആണ് ലഹോര്‍ സ്‌റ്റേഷനില്‍ നിന്നു കണ്ടെത്തിയത്. ബധിരയും മൂകയുമായ പെണ്‍കുട്ടിയെ ദത്തെടുത്തു സംരക്ഷിച്ച ഇദ്ദി ഫൗണ്ടേഷനിലെ ബില്‍ക്കീസ് ഇദ്ദിയും ഇവരുടെ ചെറുമക്കളായ സാബ, സാദ് എന്നിവരും ഗീതയുടെ കൂടെ ഇന്ത്യയില്‍ എത്തിയിട്ടുണ്ട്.
ഫോട്ടോ കണ്ടു ഗീത തിരിച്ചറിഞ്ഞവര്‍ ബന്ധുക്കള്‍ തന്നെയെന്ന് ഡിഎന്‍എ പരിശോധന നടത്തി സ്ഥിരീകരിച്ച ശേഷം മാത്രമേ ഗീതയെ അവര്‍ക്കു കൈമാറുകയുള്ളൂ എന്ന് ഇദ്ദി ഫൗണ്ടേഷന് ഇന്ത്യന്‍ അധികൃതര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. പരിശോധനാ നടപടികള്‍ പൂര്‍ത്തിയാവും വരെ പാക് സംഘം ന്യൂഡല്‍ഹിയില്‍ തന്നെ തങ്ങും. ശരിയായ കുടുംബം എത്തുന്നതു വരെ ഗീത ഇന്‍ഡോറിലെ ഡെഫ് ബൈലിംഗ്വല്‍ അക്കാദമിയുടെ സംരക്ഷണയിലായിരിക്കും കഴിയുന്നത്.
Next Story

RELATED STORIES

Share it