Flash News

മോദി പറയുന്നത് മുഴുവന്‍ നുണകള്‍: രാഹുല്‍ ഗാന്ധി

സ്വന്തം  പ്രതിനിധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത് മുഴുവന്‍ നുണകളാണെന്നും ബിജെപി എന്ന പാര്‍ട്ടി കെട്ടിപ്പടുത്തിരിക്കുന്നത് നുണകളുടെ മുകളിലാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ചായിരുന്നു രാഹുലിന്റെ പ്രതികരണം. 2ജി അഴിമതി മുഴുവന്‍ നുണയാണെന്നു തെളിഞ്ഞിരിക്കുന്നു. ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെയും മകന്‍ ജയ്ഷായുടെയും അഴിമതിയെപ്പറ്റി പ്രധാനമന്ത്രിക്ക് മൗനമാണ്. നുണകള്‍ മാത്രമാണ് പ്രധാനമന്ത്രി പറയുന്നതെന്നും ബിജെപിയുടെ അടിസ്ഥാനം തന്നെ നുണയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മോദി മോഡല്‍ തന്നെ ഒരു പെരുംനുണയാണ്. ഗുജറാത്തിലെ ജനങ്ങളോട് സംസാരിച്ചപ്പോള്‍ അത് മനസ്സിലാക്കാന്‍ സാധിച്ചു. 15 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടില്‍ വരുമെന്നു പറഞ്ഞു. അതു നുണയല്ലേ? ഇങ്ങനെ ഒന്നിനു പിറകെ ഒന്നായി നുണകളാല്‍ കെട്ടിപ്പൊക്കിയതാണ് ബിജെപിയെന്നു രാഹുല്‍ പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം മന്‍മോഹന്‍ സിങിനെതിരേ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന വ്യക്തിഹത്യയെ അപലപിച്ചും സോണിയാ ഗാന്ധിയുടെയും മന്‍മോഹന്‍ സിങിന്റെയും സേവനത്തിനു നന്ദി രേഖപ്പെടുത്തിയും പ്രമേയങ്ങള്‍ പാസാക്കി. 2ജി വിഷയത്തില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ പ്രസ്താവന രാജ്യത്തെ മുഴുവന്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേസില്‍ മുന്‍ സിഎജി വിനോദ് റായി അധികാര ദുര്‍വിനിയോഗം നടത്തിയതായും കുറ്റപ്പെടുത്തി. ഓഖി ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി, ഗുജറാത്തില്‍ പാര്‍ട്ടിക്ക് മികച്ച മുന്നേറ്റം നടത്താന്‍ കഴിഞ്ഞെന്നു വിലയിരുത്തി. ഇതിനായി പ്രയത്‌നിച്ച പ്രവര്‍ത്തകരെ യോഗം അഭിനന്ദിക്കുകയും വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. രാഹുല്‍ ഗാന്ധി അധ്യക്ഷത വഹിച്ച യോഗത്തില്‍ യുപിഎ അധ്യക്ഷ സോണിയാഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അടക്കമുള്ള നേതാക്കളും പങ്കെടുത്തു.
Next Story

RELATED STORIES

Share it