മോദി പത്താന്‍കോട്ടില്‍; സൈനിക നടപടി പ്രശംസനീയമെന്ന്

ന്യൂഡല്‍ഹി: പഞ്ചാബിലെ പത്താന്‍കോട്ടില്‍ ആക്രമണം നടന്ന വ്യോമസേനാ താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ 11.30ഓടെയാണ് മോദി വ്യോമസേനാ കേന്ദ്രത്തിലെത്തിയത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് പ്രദേശത്ത് ഒരുക്കിയിരുന്നത്. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. സംഭവം അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥരുമായും മോദി സംസാരിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സൈനികരെയും അദ്ദേഹം സന്ദര്‍ശിച്ചു.
ആക്രമണത്തെ നേരിട്ട രീതിയില്‍ താന്‍ തൃപ്തനാണെന്ന് പിന്നീട് മോദി ട്വിറ്ററില്‍ കുറിച്ചു. വിവിധ സൈനിക വിഭാഗങ്ങളുടെ ഏകോപനവും നിശ്ചയദാര്‍ഢ്യവും പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക ഹെലികോപ്റ്ററില്‍ വ്യോമനിരീക്ഷണം നടത്തിയ പ്രധാനമന്ത്രി മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. ഒന്നര മണിക്കൂറോളം വ്യോമത്താവളത്തില്‍ തങ്ങിയ പ്രധാനമന്ത്രിക്കൊപ്പം പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സൈനികത്തലവന്‍മാര്‍ എന്നിവരുമുണ്ടായിരുന്നു.
വിദേശ മാധ്യമപ്രവര്‍ത്തകരടക്കം വന്‍ മാധ്യമപ്പട തന്നെ സ്ഥലത്തെത്തിയിരുന്നെങ്കിലും പ്രധാനമന്ത്രി മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കാന്‍ തയ്യാറായില്ല. പിന്നീട് സോഷ്യല്‍ മീഡിയ വഴിയായിരുന്നു മോദിയുടെ പ്രതികരണം.
ജനുവരി 2നു പുലര്‍ച്ചയോടെയായിരുന്നു ഏതാനും പേര്‍ പത്താന്‍കോട്ടിലെ വ്യോമസേനാ കേന്ദ്രത്തിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തിയത്. പാക് സംഘടനയായ ജയ്‌ശെ മുഹമ്മദിന്റെ പ്രവര്‍ത്തകരാണ് അക്രമികള്‍ എന്നാണ് ഇന്ത്യയുടെ വാദം. ആക്രമണത്തില്‍ ആറ് അക്രമികളും ഏഴു സുരക്ഷാ സൈനികരും കൊല്ലപ്പെട്ടിരുന്നു. 20 പേര്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Next Story

RELATED STORIES

Share it