Flash News

മോദി തന്നേക്കാള്‍ വലിയ നടനെന്നു പ്രകാശ് രാജ്‌



ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനത്തെ ചോദ്യം ചെയ്തു ദേശീയ പുരസ്‌കാര ജേതാവായ തമിഴ്‌നടന്‍ പ്രകാശ് രാജ്. നരേന്ദ്രമോദിയെ പോലെയും യോഗി ആദിത്യനാഥിനെ പോലെയുമുള്ള നടന്‍മാരെ താന്‍ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും തനിക്കു കിട്ടിയ ദേശീയ പുരസ്‌കാരങ്ങള്‍ അവരുടെ അഭിനയത്തിനാണു നല്‍കേണ്ടതെന്നും പ്രകാശ് രാജ് പരിഹസിച്ചു.ഡിവൈഎഫ്‌ഐ 11ാമതു കര്‍ണാടക സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗൗരി ലങ്കേഷിന്റെ മരണത്തെ വലതുപക്ഷം സാമൂഹിക മാധ്യമങ്ങളില്‍ ആഘോഷിക്കുന്നതിനെയും പ്രകാശ് രാജ് ചോദ്യംചെയ്തു. സമൂഹിക മാധ്യമങ്ങളില്‍ ഗൗരി ലങ്കേഷിന്റെ മരണം ആഘോഷിക്കുന്നവര്‍ മോദിഭക്തരാണ്. തന്റെ സുഹൃത്തായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് ആരാണെന്ന് അറിയില്ലെങ്കിലും അത് ആഘോഷിക്കുന്നവര്‍ ആരൊക്കെയാണെന്നു വ്യക്തമായി അറിയാം. ആഘോഷങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കു നേരെ മോദി മൗനംപാലിക്കുകയാണ്. എന്നാല്‍ മോദിയുടെ അഭിനയം ജനങ്ങള്‍ അംഗീകരിക്കില്ലെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാണോ, അതോ അമ്പലത്തിലെ പൂജാരിയാണോ എന്ന എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും പ്രകാശ് രാജ് പരിഹസിച്ചു. യോഗി ഇരട്ടവേഷം ചെയ്യുകയാണ്. ഇത്രയും പ്രതിഭാശാലികളായ നടന്‍മാരെ കാണുമ്പോള്‍ തനിക്കു കിട്ടിയ അഞ്ചു ദേശീയ പുരസ്‌കാരങ്ങളും ഇവര്‍ക്ക് നല്‍കാനാണു തോന്നുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു.
Next Story

RELATED STORIES

Share it