മോദി ജൂണില്‍ അമേരിക്ക സന്ദര്‍ശിച്ചേക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ ആദ്യവാരം യുഎസ് സന്ദര്‍ശിച്ചേക്കും. പ്രസിഡന്റ് ബറാക് ഒബാമയുമായുള്ള കൂടിക്കാഴ്ചയ്ക്കു പുറമെ യുഎസ് കോണ്‍ഗ്രസ്സിന്റെ സംയുക്ത സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യുമെന്നും റിപോര്‍ട്ടുകളുണ്ട്. ഇതു സംബന്ധിച്ച ഔദ്യോഗിക വിവരം പുറത്തു വന്നിട്ടില്ലെങ്കിലും സമുദ്ര വ്യാപാരം, ബഹിരാകാശ ഗവേഷണം, സൈബര്‍ സുരക്ഷ, ആണവ വ്യാപാരം എന്നിവ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാവും. യുഎസ് ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയും (നാഷനല്‍ എയറോനോട്ടിക്‌സ് ആന്റ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍) മോദി സന്ദര്‍ശിച്ചേക്കും.
ഗുജറാത്തില്‍ ആറ് ആണവ റിയാക്ടറുകള്‍ ആരംഭിക്കാനുള്ള കരാറിന് ഇന്ത്യയും യുഎസും അന്തിമ രൂപം നല്‍കിയേക്കും. ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും യുഎസിലെ വെസ്റ്റിങ് ഹൗസ് ഇലക്ട്രിക്കും തമ്മിലാണ് കരാര്‍ ഒപ്പ് വയ്ക്കുക. മാര്‍ച്ച് 31, ഏപ്രില്‍ 1 തിയ്യതികളില്‍ വാഷിങ്ടണില്‍ നടന്ന ആണവ സുരക്ഷാ ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയെ ഒബാമ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ക്ഷണിച്ചിരുന്നു. ഈ ക്ഷണത്തിന്റെ ചുവടു പിടിച്ചാണ് ജൂണിലെ സന്ദര്‍ശനം.
പാകിസ്താന് യുദ്ധ വിമാനങ്ങള്‍ വില്‍ക്കാനുള്ള യുഎസ് നയങ്ങളോടുള്ള ഇന്ത്യയുടെ പ്രതിഷേധവും മോദി യുഎസിനെ അറിയിക്കും. അതിനിടെ മോദിയുടെ സന്ദര്‍ശനത്തെ യുഎസ് കോണ്‍ഗ്രസ്സിന് ഇന്ത്യന്‍ പ്രധാനമന്ത്രിയെ നേരിട്ട് ശ്രവിക്കാനുള്ള അവസരമായി ഉപയോഗപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഒന്നിലധികം യുഎസ് നേതാക്കള്‍ യുഎസ് ഹൗസ് ഓഫ് റെപ്രസന്ററ്റീവ് സ്പീക്കര്‍ പോള്‍ റയാന് കത്തെഴുതി.
Next Story

RELATED STORIES

Share it