മോദി ചരിത്രം പഠിക്കണം: കനയ്യകുമാര്‍

പട്ടാമ്പി: ആര്‍എസ്എസിന്റെയും മറ്റു വര്‍ഗീയശക്തികളുടെയും വളര്‍ച്ച തടയുന്നതിനാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വോട്ടു ചെയ്യേണ്ടതെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ ചെയര്‍മാന്‍ കനയ്യകുമാര്‍ പറഞ്ഞു. പട്ടാമ്പിയി ല്‍ നടന്ന യുവജന വിദ്യാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സവര്‍ണ ഫാഷിസ്റ്റുകളെ ചെറുക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ഒരുമിക്കണം. മുഹ്‌സിന്റെ വിജയം ജെഎ ന്‍യുവില്‍നിന്ന് മോദിയുടെ കരണത്തു കിട്ടുന്ന സമാനതകളില്ലാത്ത ആദ്യ പ്രഹരമാവണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
അനീതിക്കും അസമത്വത്തിനുമെതിരേ ജെഎന്‍യു വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിന്റെ വിജയമാണ് പട്ടാമ്പിയില്‍ നിന്നു ലഭിക്കേണ്ടത്. ദലിത്-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അവരുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലുള്ള ഭരണാധികാരികളാണ് കേന്ദ്രം ഭരിക്കുന്നത്. രാഷ്ട്രീയ പാപ്പരത്വം മൂലം മോദി നടത്തുന്ന കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണം. പൊളിറ്റിക്‌സ് പഠിച്ചുവെന്നു പറയുന്ന മോദിക്ക് രാഷ്ട്രീയത്തെക്കുറിച്ച് ഒരു ചുക്കും അറിയില്ല. മോദിയുടെ ഭരണംമൂലം രാജ്യത്തിന് നഷ്ടം മാത്രമേ സംഭവിച്ചിട്ടുള്ളു. മോദി ചരിത്രം പഠിക്കണമെന്നും രാജ്യത്തെ പല കാര്യങ്ങള്‍ക്കും കേരളത്തെ മാതൃകയാക്കേണ്ടതുണ്ടെന്നും കനയ്യ കുമാര്‍ പറഞ്ഞു. ഞാനും എന്റെ സഹപാഠികളും രാജ്യദ്രോഹികള്‍ അല്ല. എന്നാല്‍ ഞങ്ങള്‍ മോദി വിരുദ്ധരും കോര്‍പറേറ്റ് വിരുദ്ധരുമാണ്. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് എംപ്ലോയ്‌മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ജോലിക്കു വേണ്ടി കാത്തിരിക്കുന്നത്. വിദ്യാഭ്യാസം, തുല്യത, തൊഴില്‍ എന്നിവയ്ക്കു വേണ്ടിയാണ് ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ പൊരുതുന്നത്. ജീവനുള്ള കാലത്തോളം അവര്‍ അവകാശങ്ങള്‍ക്കു വേണ്ടി സമരം ചെയ്യും. അതിനെ തല്ലിത്തകര്‍ക്കാനോ ഇല്ലാതാക്കാനോ മോദിക്ക് കഴിയില്ല.
സംസ്ഥാനത്ത് അഴിമതി ആപല്‍ക്കരമായ രീതിയില്‍ എത്തിച്ചേര്‍ന്ന സ്ഥിതി വിശേഷത്തെ നേരിടേണ്ടതാണ്. പണം നല്‍കി വോട്ടു ചെയ്യുന്നവരെയും ജാതിയും മതവും പറഞ്ഞ് വോട്ട് പിടിക്കുന്നവരെയും ജയിലിലടയ്ക്കണം-കനയ്യകുമാര്‍ അഭിപ്രായപ്പെട്ടു. യോഗത്തില്‍ എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് ഒ കെ സെയ്തലവി അധ്യക്ഷത വഹിച്ചു. എം ബി രാജേഷ് എം പി, മുഹമ്മദ് മുഹ്‌സിന്‍, എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വി പി സാനു, എഐ എസ്എസ്എഫ് ദേശീയ സെക്രട്ടറി വിശ്വജിത്ത്കുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it