Flash News

മോദി കശ്മീരില്‍; പ്രതിഷേധവുമായി ജനങ്ങള്‍

ശ്രീനഗര്‍/ ലേ: ആയുധങ്ങളും കല്ലുകളുമേന്തി താഴ്‌വരയില്‍ അക്രമം അഴിച്ചുവിടുന്ന യുവാക്കളുടെ നടപടി മേഖലയെ കൂടുതല്‍ അസ്ഥിരപ്പെടുത്തുന്നതാണെന്നു പ്രധാനമന്ത്രി ശ്രീനഗറില്‍ പറഞ്ഞു. ലേ, കശ്മീര്‍, ജമ്മു എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. രാജ്യത്തിനു പുറത്തുനിന്നുള്ളവരാണ് അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
ജമ്മുകശ്മീരിന്റെ വികസനവും പുരോഗതിയും തടയുക എന്നതാണവരുടെ ലക്ഷ്യം. വഴിതെറ്റിയ യുവാക്കള്‍ ഇതില്‍ അകപ്പെടുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരേ മേഖലയില്‍ ശക്തമായ പ്രതിഷേധം അരങ്ങേറി. സ്ഥാപനങ്ങള്‍ അടച്ചിട്ടും പരിപാടികള്‍ മാറ്റിവച്ചും പ്രതിഷേധത്തിനിറങ്ങാന്‍ വിമതസംഘടനകളുടെ സംയുക്ത മുന്നണി ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് ജനങ്ങള്‍ രംഗത്തിറങ്ങുകയായിരുന്നു. പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് മേഖലയിലെ വിമതവിഭാഗ നേതാവായ മിര്‍വായിസ് ഉമര്‍ ഫാറൂഖിനെയും സയ്യിദ് അലി ഷാ ഗീലാനിയെയും അധികൃതര്‍ വീട്ടുതടങ്കലിലടച്ചു. ഹൈദര്‍പോറയിലെ ഗീലാനിയുടെ വസതിയിലും നസീംബാഗിലെ ഫാറൂഖിന്റെ വസതിയിലും നേരത്തേ തന്നെ പോലിസ് സുരക്ഷ ശക്തമാക്കിയിരുന്നു.
റമദാന്‍ മാസത്തിലെ കേന്ദ്രത്തിന്റെ വെടിനിര്‍ത്തല്‍ തട്ടിപ്പാണെന്നും മേഖലയിലെ അഫ്‌സ്പ പോലുള്ള കരിനിയമങ്ങള്‍ എടുത്തുകളയുകയാണ് വേണ്ടതെന്നും നേതാക്കള്‍ പറഞ്ഞു. വീട്ടുതടങ്കല്‍ ഭേദിച്ച് ലാല്‍ ചൗക്കിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാനൊരുങ്ങിയ മിര്‍വായിസ് ഉമര്‍ ഫാറൂഖിനെ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. മേഖലാ സന്ദര്‍ശനത്തിനിടെ സോജിലാ ചുരത്തിലെ ഏഷ്യയിലെ ഏറ്റവും വലിയ ബൈ ഡയറക്ഷണല്‍ തുരങ്കത്തിന്റെ നിര്‍മാണോദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു. ബുദ്ധിസ്റ്റ് ആചാര്യനും ഇന്ത്യയുടെ മംഗോളിയന്‍ അംബാസഡറുമായിരുന്ന കുശക് ബകുല റിന്‍പോച്ചിയുടെ 100ാമത് ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രധാനമന്ത്രി. ലേ സന്ദര്‍ശനത്തിനിടെയാണ് തുരങ്കത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. തുരങ്കനിര്‍മാണം പൂര്‍ത്തിയാവുന്നതോടെ ശ്രീനഗര്‍ ലേ യാത്രാസമയം മൂന്നരമണിക്കൂറില്‍ നിന്നു 15 മിനിറ്റായി കുറയും. സമുദ്രനിരപ്പില്‍നിന്ന് 11578 അടി ഉയരത്തിലാണ് സോജിലാ ചുരം. ഇതിലൂടെയുള്ള ശ്രീനഗര്‍-കാര്‍ഗില്‍-ലേ ദേശീയപാത ശൈത്യകാലത്ത് മഞ്ഞുവീഴ്ചയെ തുടര്‍ന്ന് അടച്ചിടുകയാണ് പതിവ്.
Next Story

RELATED STORIES

Share it