Flash News

മോദി എല്ലാ അതിരുകളും ലംഘിച്ചു: മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അഖണ്ഡതയും ജനാധിപത്യവും സംരക്ഷിക്കാന്‍ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് ഒറ്റക്കെട്ടായി നിലകൊള്ളേണ്ട സമയമാണിതെന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. രാജ്യതാല്‍പര്യത്തിനു വിരുദ്ധമായി നിരവധി കാര്യങ്ങള്‍ മോദി ചെയ്തു. മോദി സര്‍ക്കാര്‍ എല്ലാ അതിരുകളും ലംഘിച്ചു. അത് അവസാനിപ്പിക്കാന്‍ സമയമായെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. എണ്ണ വിലവര്‍ധനയ്‌ക്കെതിരായ ഭാരതബന്ദിന്റെ ഭാഗമായി കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ രാംലീല മൈതാനിയില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിങ്. യുവാക്കള്‍, കര്‍ഷകര്‍, സാധാരണക്കാര്‍ തുടങ്ങി രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും അസംതൃപ്തരാണ്. ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം പാലിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജനങ്ങളുടെ പ്രയാസം മനസ്സിലാക്കുകയും രാജ്യത്തെയും ജനാധിപത്യത്തെയും രക്ഷിക്കാന്‍ മുന്നിട്ടിറങ്ങുകയും വേണം- മന്‍മോഹന്‍ പറഞ്ഞു. 70 വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് ചെയ്യാത്ത കാര്യങ്ങള്‍ നാലു വര്‍ഷം കൊണ്ട് താന്‍ ചെയ്തുവെന്ന മോദിയുടെ അവകാശവാദം ശരിയാണെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു. രൂപയുടെ മൂല്യം കഴിഞ്ഞ 70 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. പെട്രോള്‍ വില 80 രൂപയിലധികമായി. ഡീസല്‍ വില 80 രൂപയില്‍ അല്‍പം കുറവേയുള്ളൂ. ഇതൊന്നും കോണ്‍ഗ്രസ് ചെയ്യാത്തതാണ്. എല്ലാ സുപ്രധാന വിഷയങ്ങളിലും നിശ്ശബ്ദനായിരിക്കുകയാണു പ്രധാനമന്ത്രിയുടെ പതിവ്. മോദിഭരണത്തില്‍ വെറുപ്പ് കൂടുകയാണ്. രാജ്യത്തെ ജനങ്ങള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. അവര്‍ പരസ്പരം പോരടിക്കുകയാണ്. രാജ്യത്തെ ജനത്തിനു നല്‍കിയ വാഗ്ദാനം മോദി ലംഘിച്ചു. ഇക്കാര്യം ഇപ്പോള്‍ ജനം മനസ്സിലാക്കുന്നു. തന്റെ ഉറ്റമിത്രത്തെ സഹായിക്കാന്‍ പൊതുഖജനാവില്‍ നിന്ന് 46,000 കോടി രൂപയാണു മോദി ചെലവഴിച്ചതെന്നു റാഫേല്‍ കരാര്‍ ചൂണ്ടിക്കാട്ടി രാഹുല്‍ പറഞ്ഞു. കൈലാഷ് മാനസരോവര്‍ യാത്രയ്ക്കു ശേഷം ആദ്യമായി പങ്കെടുത്ത പൊതുപരിപാടിയിലേക്കു മഹാത്മാഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഗഡിലെത്തി ശ്രദ്ധാജ്ഞലിയര്‍പ്പിച്ചാണ് രാഹുല്‍ഗാന്ധിയെത്തിയത്. ചടങ്ങില്‍ സോണിയാ ഗാന്ധിയും പങ്കെടുത്തെങ്കിലും സംസാരിച്ചില്ല.

Next Story

RELATED STORIES

Share it