Flash News

മോദിയോടു മതത്തിന്റെ പേരില്‍ ഇന്ത്യയെ വിഭജിക്കരുതെന്ന് പറഞ്ഞു: ഒബാമ

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: മതത്തിന്റെ പേരില്‍ ഇന്ത്യയില്‍ വിഭജനം ഉണ്ടാവരുതെന്നു ഒരു സ്വകാര്യ സംഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടു പറഞ്ഞിരുന്നെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബാറക് ഒബാമ. ഇന്ത്യ തങ്ങളുടെ മുസ്‌ലിം ജനസംഖ്യയെ പരിപോഷിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യണം. അവരെ ഉള്‍ക്കൊള്ളുന്നതായും ഇന്ത്യക്കാരായി കണക്കാക്കുന്നതായും അനുഭവപ്പെടേണ്ടത് ആവശ്യമാണെന്നും ഒബാമ പറഞ്ഞു. 2015ല്‍ അമേരിക്കന്‍ പ്രസിഡന്റായിരിക്കെ ഇതേക്കുറിച്ച് താന്‍ മോദിയുമായി സംസാരിച്ചിരുന്നു. ഇന്ത്യന്‍ സമൂഹം മുസ്‌ലിം വിഭാഗത്തെ ഇന്ത്യക്കാരായിത്തന്നെ കണ്ട് മറ്റു പല രാജ്യങ്ങളിലെയും ന്യൂനപക്ഷങ്ങളെന്ന പോലെ സംരക്ഷിക്കണം. ഇതു തന്നെ താന്‍ അമേരിക്കയിലെ ജനങ്ങളോടും പറഞ്ഞിട്ടുണ്ടെന്നും ഒബാമ വ്യക്തമാക്കി. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് തന്റെ അടുത്ത സുഹൃത്തും ഇന്ത്യന്‍ സാമ്പത്തികരംഗത്ത് ആധുനികതയ്ക്ക് അടിത്തറ പാകിയ വ്യക്തിയുമാണെന്നും ഒബാമ പറഞ്ഞു.മതപരമായ സഹിഷ്ണുതയെക്കുറിച്ച് മോദിയുമായി സ്വകാര്യ സംഭാഷണം നടത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം എന്തായിരുന്നുവെന്ന ചോദ്യത്തിന് സ്വകാര്യ സംഭാഷണങ്ങള്‍ വെളിപ്പെടുത്താതിരിക്കുന്നതാണു തന്റെ ഗുണമെന്നായിരുന്നു ഒബാമയുടെ മറുപടി. എന്നാല്‍, ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന വിഭാഗവും സര്‍ക്കാരും ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ചു മുസ്‌ലിംകള്‍ ഇന്ത്യയുടെ തന്നെ ഭാഗമാണെന്നു തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ഒബാമ വ്യക്തമാക്കി. ഇന്ത്യയെ പോലെ ഒരു രാജ്യത്ത് മുസ്‌ലിം ജനവിഭാഗം വിജയകരമായും സമന്വയത്തോടെയും സ്വമേധയാ ഇന്ത്യക്കാരാണെന്ന തോന്നലിലാണ് ഉണ്ടാവേണ്ടത്. പല രാജ്യങ്ങളിലും അതു പോലെയല്ല. എന്നാല്‍, ഈ ചിന്താഗതിയാണു വളരേണ്ടതും വളര്‍ത്തേണ്ടതും- ഒബാമ പറഞ്ഞു. ജനാധിപത്യം എന്നതു പൗരന്റെ ഓഫിസാണ്. അതു രാഷ്ട്രപതിയുടെയോ, പ്രധാനമന്ത്രിയുടെയോ ഓഫിസല്ല. എന്ത് ആശയത്തെയാണു പിന്തുണയ്ക്കുന്നതെന്നും ഏതു രാഷ്ട്രീയ നേതാവിനെയാണു താന്‍ പിന്തുണയ്ക്കുന്നതെന്നും പൗരനു ചിന്തിക്കേണ്ടതുണ്ട്. ഒരു രാഷ്ട്രീയക്കാരന്‍ ചോദ്യംചെയ്യപ്പെടേണ്ട വിധത്തില്‍ എന്തെങ്കിലും ചെയ്താല്‍ അയാളെയാണോ താന്‍ പിന്തുണയ്ക്കുന്നതെന്നു സ്വയം ചോദിക്കണം. രാഷ്ട്രീയക്കാര്‍ എന്നാല്‍ സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ പ്രതിഫലിപ്പിക്കുന്ന കണ്ണാടികള്‍ കൂടിയാണ്. ഇന്ത്യയൊട്ടാകെയുള്ള സമൂഹം ഒന്നുചേര്‍ന്നു തങ്ങളെ തെറ്റായ കാരണങ്ങളുടെ പേരില്‍ വിഭജിക്കാനാവില്ലെന്നു തീരുമാനമെടുത്താല്‍ അതു രാഷ്ട്രീയരംഗത്തിന്റെ ശക്തി വര്‍ധിപ്പിക്കുമെന്നും ഒബാമ ചൂണ്ടിക്കാട്ടി. 2008ലെ സാമ്പത്തിക പ്രതിസന്ധിക്കാലത്തു മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് വലിയ പിന്തുണ നല്‍കിയിരുന്നെന്നും ഒബാമ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള പ്രയത്‌നങ്ങളില്‍ മന്‍മോഹന്‍ സിങായിരുന്നു പ്രധാന പങ്കാളി. ആധുനിക ഇന്ത്യന്‍ സാമ്പത്തികരംഗത്തിന് അടിത്തറയിട്ടയാളാണു മന്‍മോഹന്‍ സിങെന്നും ഒബാമ വ്യക്തമാക്കി.
Next Story

RELATED STORIES

Share it