Flash News

മോദിയെ തുറന്നുകാട്ടി; 126നെതിരേ 325 വോട്ടിന് അവിശ്വാസം തള്ളി

ന്യൂഡല്‍ഹി: ഭരണത്തിന്റെ അവസാനവര്‍ഷം കേന്ദ്രസര്‍ക്കാരിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയ ചര്‍ച്ച നരേന്ദ്രമോദി സര്‍ക്കാരിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്നതായി. അവിശ്വാസ പ്രമേയം വോട്ടിനിട്ട് തള്ളിയെങ്കിലും മോദിയുടെ വീഴ്ചകള്‍ ഒന്നൊന്നായി പൊളിച്ചുകാട്ടാന്‍ പ്രതിപക്ഷ കക്ഷികളെ പ്രതിനിധീകരിച്ച് സംസാരിച്ചവര്‍ക്കായി. റഫേല്‍ അഴിമതിയും സാധാരണക്കാരുടെ പ്രശ്‌നങ്ങളും തൊഴിലില്ലായ്മയും കര്‍ഷകരുടെ ദുരിതങ്ങളും വിവരിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ഭരണപക്ഷത്തെ ഉത്തരംമുട്ടിക്കുന്നതായിരുന്നു. രാത്രി 11 മണിയോടെ നടന്ന വോട്ടെടുപ്പില്‍ അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് സര്‍ക്കാരിന് അനുകൂലമായി 325 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 126 പേര്‍ അവിശ്വാസത്തെ അനുകൂലിച്ചു.
451 അംഗ സഭയില്‍ 226 വോട്ടായിരുന്നു ഭൂരിപക്ഷത്തിനു വേണ്ടത്. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെയാണ് സര്‍ക്കാര്‍ വിശ്വാസം നേടിയത്. നവീന്‍ പട്‌നായികിന്റെ ബിജെഡി, തെലങ്കാന ഭരിക്കുന്ന ടിആര്‍എസ്, ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന എന്നിവര്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നതിനെ തുടര്‍ന്നാണ് മൊത്തം അംഗസംഖ്യ കുറഞ്ഞത്. പാര്‍ട്ടി നിര്‍ദേശത്തിനു വിരുദ്ധമായി ആരും വോട്ട് ചെയ്തില്ല.
രാത്രി 9.30ഓടെയാണ് പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം ആരംഭിച്ചത്. ഒന്നര മണിക്കൂറോളം നീണ്ട പ്രസംഗത്തില്‍ രാഹുലിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിക്കാനാണ് പ്രധാനമന്ത്രി കൂടുതല്‍ സമയം ചെലവിട്ടത്. രാജ്യത്തെ വന്‍ സാമ്പത്തികശക്തിയാക്കും, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും തുടങ്ങിയ അവകാശവാദങ്ങളാണ് മോദി മുന്നോട്ടുവച്ചത്. ജിഎസ്ടി, മെയ്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ കാരണം രാജ്യത്തുണ്ടായ നേട്ടങ്ങള്‍ പ്രതിപക്ഷം കണ്ടില്ലെന്നു നടിക്കുകയാണ്. 4500 കോടിയുടെ ബിനാമി സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടെത്തി. സാങ്കേതികവിദ്യയുടെ സഹായത്താല്‍ സര്‍ക്കാര്‍ സമ്പത്ത് സംരക്ഷിക്കുകയാണ്. റഫേല്‍ ഇടപാടിനെക്കുറിച്ച് കോണ്‍ഗ്രസ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മോദി പറഞ്ഞു. പ്രമേയത്തിന് പ്രധാനമന്ത്രി മറുപടി പറയാന്‍ ആരംഭിച്ചപ്പോള്‍ ടിഡിപി എംപിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു.
ഇന്നലെ രാവിലെ 11 മണിയോടെയാണ് തെലുഗുദേശം പാര്‍ട്ടി അവതരിപ്പിച്ച അവിശ്വാസപ്രമേയത്തില്‍ ലോക്‌സഭയില്‍ ചര്‍ച്ച ആരംഭിച്ചത്. ടിഡിപിയുടെ ജയദേവ് ഗല്ലയാണ് സംവാദത്തിനു തുടക്കം കുറിച്ചത്.
ആന്ധ്രപ്രദേശിന്റെ പ്രത്യേക പദവിയുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാന ലംഘനങ്ങളാണ് ടിഡിപിയെ അവിശ്വാസപ്രമേയ നീക്കത്തിലേക്കെത്തിച്ചത്. പഴയ പേരുള്ള പുതിയ സംസ്ഥാനമാണ് തങ്ങളുടേതെന്ന് ഗല്ല പറഞ്ഞു. തങ്ങള്‍ക്ക് ആശ്വാസമാണ് വേണ്ടത്. എന്നാല്‍, മോദി സര്‍ക്കാര്‍ നല്‍കുന്നത് വെല്ലുവിളികളാണ്. ഭൂരിപക്ഷവും ധാര്‍മികതയും തമ്മിലുള്ള പോരാട്ടമാണ് പാര്‍ലമെന്റില്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടിഡിപി എംപിയുടെ പ്രസംഗത്തിനിടെ ബിജെപി അംഗങ്ങള്‍ ബഹളംവച്ചു. ആന്ധ്രാ വിഷയത്തില്‍ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ചപ്പോഴായിരുന്നു അത്.
വൈകീട്ട് ആറുമണിയോടെ വോട്ടെടുപ്പ് ആരംഭിക്കുമെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ അറിയിച്ചിരുന്നെങ്കിലും പിന്നെയും മണിക്കൂറുകള്‍ നീണ്ടു. കോണ്‍ഗ്രസ്, ടിഡിപി എന്നിവയ്ക്കു പുറമെ സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി തുടങ്ങി വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു.
അതേസമയം, അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാതെ ബിജെഡി സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നേരത്തേ വിപ്പ് നല്‍കിയതില്‍ നിന്ന് വ്യത്യസ്തമായി വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ശിവസേനയും പ്രഖ്യാപിച്ചു.
അതേസമയം, നിരാശയും അസഹിഷ്ണുതയുമാണ് അവിശ്വാസ നീക്കത്തിനു പിന്നിലെന്ന് ബിജെപി എംപിമാര്‍ ആരോപിച്ചു. ആന്ധ്രപ്രദേശിന് എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ടിഡിപി എംപിക്ക് മറുപടി നല്‍കി. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേശ് ത്രിവേദി, കോണ്‍ഗ്രസ് എംപി മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എല്‍ജെപി നേതാവ് രാംവിലാസ് പാസ്വാന്‍, എന്‍സിപി നേതാവ് താരീഖ് അന്‍വര്‍, സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുഗത റോയ്, എഐഎഡിഎംകെ എംപി വേണുഗോപാല്‍, ബിജെപി എംപി രാകേഷ് സിങ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിച്ചു.
Next Story

RELATED STORIES

Share it