Flash News

മോദിയെ കാണുമ്പോള്‍ പിണറായി കവാത്ത് മറക്കുന്നു



കൊച്ചി: ബിജെപിക്കെതിരേ സംസാരിക്കുന്ന പിണറായി വിജയന്‍ നരേന്ദ്ര മോദിയെ കാണുമ്പോള്‍ കവാത്ത് മറക്കുന്നുവെന്ന് വി എം സുധീരന്‍. ജനങ്ങളെ ദ്രോഹിച്ചുകൊണ്ട് ബിജെപിയും സിപിഎമ്മും ഒത്തുകളിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ യുഡിഎഫിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച രാപകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഇതുവരെ കാണാത്ത തരത്തില്‍ ജനങ്ങളെ ഉപദ്രവിച്ച് കോര്‍പറേറ്റുകളെ പ്രീണിപ്പിക്കുകയാണ് ഇരുസര്‍ക്കാരുകളും. വിലക്കയറ്റം തടയേണ്ടവര്‍ അതിന്റെ സ്‌പോ ണ്‍സര്‍മാരായിരിക്കുകയാണ്. നോട്ട് പിന്‍വലിക്കലിലൂടെ രാജ്യത്തിന്റെ സാമ്പത്തിക രംഗം തകര്‍ന്നു. ഈ വിഷയത്തില്‍ ഇന്നും മുട്ടാപ്പോക്ക് മറുപടിയാണ് പ്രധാനമന്ത്രി നല്‍കുന്നത്. കര്‍ഷകരോട് മൃഗീയമായ സമീപനമാണ് കേന്ദ്ര സര്‍ക്കാരിന്റേത്. കടുത്ത വര്‍ഗീയതയാണ് അവര്‍ അഴിച്ചുവിടുന്നത്. കന്നുകാലികളോടാണ് അവര്‍ക്ക് മനുഷ്യരേക്കാള്‍ സ്‌നേഹം. അവര്‍ക്ക് ഇഷ്ടമില്ലാത്തവരെ തല്ലിക്കൊല്ലുന്നു. ഒരുകൂട്ടര്‍ക്ക് ബലിദാനികളെയും മറ്റൊരുവര്‍ക്ക് രക്തസാക്ഷികളെയുമാണ് ആവശ്യം. ബിജെപി വര്‍ഗീയതയുടെ ഒടുവിലെ ഉദാഹരണമാണ് ഗൗരി ലങ്കേഷിന്റെ വധം. മാധ്യമപ്രവര്‍ത്തകരോട് “കടക്ക് പുറത്ത്’ എന്നു പറയുന്ന മുഖ്യമന്ത്രിയും സംഘപരിവാരവും തമ്മില്‍ എന്തു വ്യത്യാസമാണുള്ളതെന്നും സുധീരന്‍ ചോദിച്ചു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ അര്‍ഹമായ വകുപ്പ് അനുസരിച്ച് കേസെടുക്കാന്‍ ഇന്നുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വേങ്ങര തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് മുഖ്യമന്ത്രി തോമസ് ചാണ്ടിയെ പുറത്താക്കാത്തത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തോമസ് ചാണ്ടിയെ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. എം ഒ ജോണ്‍ അധ്യക്ഷത വഹിച്ചു. വെള്ളിയാഴ്ച രാവിലെ 10നു നടക്കുന്ന സമാപന സമ്മേളനം ഷിബു ബേബിജോണ്‍ ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it