Flash News

മോദിയുടേത് സഹതാപം പ്രകടിപ്പിച്ച് ശ്രദ്ധനേടാനുള്ള ശ്രമം: സീതാറാം യെച്ചൂരി



കളമശ്ശേരി: മുത്ത്വലാഖിനിരയായ മുസ്‌ലിം സഹോദരിമാരോട് സഹതാപം പ്രകടിപ്പിച്ച് ശ്രദ്ധ നേടാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കാറല്‍ മാര്‍ക്‌സിന്റെ മൂലധനം’പ്രസാധനത്തിന്‍െ 150ാം വാര്‍ഷികത്തോടനുബന്ധിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടന്ന ദ്വിദിന ദേശീയ സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത് ന്യൂനപക്ഷ പ്രേമംകൊണ്ടോ സ്ത്രീകളുടെ കഷ്ടപ്പാടുകണ്ടുള്ള സഹതാപമോ അല്ല. ഇന്ത്യയില്‍ മുത്ത്വലാഖുപോലും ഇല്ലാതെ വിധവകളെപ്പോലെ ജീവിക്കുന്ന അനേകം മുസ്‌ലിം സഹോദരിമാരുണ്ട്. മോദിയുടെ സംസ്ഥാനമായ ഗുജറാത്തിലെ ബനാറസില്‍ത്തന്നെ ഇത്തരത്തില്‍ നിരവധിപേരുണ്ട്. ജാതീയമായും മതപരമായും ജനങ്ങളെ ഭിന്നിപ്പിച്ച് ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ട നടപ്പാക്കാനാണ് ഈ മുസ്‌ലിം വനിതാപ്രേമം. സ്ത്രീകളുടെ ഉന്നമനമാണ് ലക്ഷ്യമെങ്കില്‍ എന്തുകൊണ്ട് വനിതാ സംവരണബില്ല് പാസാക്കുന്നില്ലെന്നും സീതാറാം യെച്ചൂരി ചോദിച്ചു. പാര്‍ലമെന്റില്‍  ഭൂരിപക്ഷമുണ്ടായിട്ടും അത് നടപ്പാക്കാന്‍ മടിക്കുകയാണ്.ആര്‍എസ്എസും ബിജെപിയും ഉയര്‍ത്തുന്ന ഹിന്ദു ദേശീയതയ്ക്ക് ഏറ്റുമുട്ടേണ്ടിവരിക യഥാര്‍ഥ ഇന്ത്യന്‍ രാജ്യസ്‌നേഹവുമായിട്ടാണ്. മുതലാളിത്തത്തിന്റെ ഉയര്‍ന്ന രൂപമായ സാമ്രാജ്യത്വം ഇന്ത്യയിലും പിടിമുറുക്കുന്നു. ജാതി, മത, വര്‍ഗീയ അജണ്ടകളിലൂടെ ലാഭം കൊയ്യാനുള്ള മുതലാളിത്ത തന്ത്രമാണ് ഇന്ത്യന്‍ ഭരണാധികാരിവര്‍ഗം നടപ്പാക്കാന്‍ ശ്രമിക്കുന്നത്. അതിനെതിരേ തൊഴിലാളിവര്‍ഗ കാഴ്ചപ്പാടിലധിഷ്ഠിതമായ ജനകീയ ചെറുത്തുനില്‍പിന് ഇടതുപക്ഷം ശക്തിപകരണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. അമേരിക്കന്‍ സാമ്രാജ്യത്വ ഭരണത്തിന്റെ വിനീതവിധേയരായി നിന്നുകൊണ്ട് നയങ്ങളും അതനുസരിച്ചുള്ള ഭരണതീരുമാനങ്ങളുമാണ് ഇന്ത്യയില്‍ നടപ്പാക്കുന്നത്. നവ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് സമ്പന്നനും ദരിദ്രനും തമ്മിലുള്ള അന്തരം വര്‍ധിച്ചു. ജിഡിപിയുടെ 58.4 ശതമാനവും കൈയടക്കിവച്ചിരിക്കുന്നത് ഒരു ശതമാനം വരുന്ന സമ്പന്ന ജനവിഭാഗമാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു. ഡോ. വി കെ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി എം ദിനേശ് മണി, ഡോ. എം കെ സുകുമാരന്‍ നായര്‍, ഡോ. പി കെ ബേബി സംസാരിച്ചു.
Next Story

RELATED STORIES

Share it