മോദിയുടേത് അപരവിദ്വേഷം

വി എം ഫഹദ്

ഒരു ഭ്രാന്താലയത്തില്‍ നടന്ന കഥയാണ്. ഉടുതുണിയില്ലാതെ ആടിപ്പാടി നടന്ന ഒരു സ്ത്രീ മേല്‍മുണ്ട് ധരിക്കാതെ വന്ന സ്ത്രീയെ കണ്ടപ്പോള്‍ അവരെ കാര്യമായി ശകാരിച്ചത്രെ. സിഖ് കൂട്ടക്കൊലയുടെ പേരില്‍ കോണ്‍ഗ്രസ്സിനെ വിമര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ആ പഴയ ഭ്രാന്തിയെയാണ് ഓര്‍മിപ്പിക്കുന്നത്. രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കിയിരിക്കുകയാണല്ലോ. അസഹിഷ്ണുതയെന്നത് കേന്ദ്ര ഭരണകൂടത്തിനെതിരേയുള്ള കോണ്‍ഗ്രസ്സിന്റെ ഒരു രാഷ്ട്രീയ ആക്രമണമായി ഒരിക്കലും കാണാനാവില്ല. ചുരുങ്ങിയത് അത്തരമൊരു നീക്കമെങ്കിലും നടത്തിയില്ലെങ്കില്‍ ഒരു മതേതര പാര്‍ട്ടിയെന്ന കോണ്‍ഗ്രസ്സിന്റെ ഖ്യാതി നിലനില്‍ക്കുമായിരുന്നില്ല. സുനാമിപോലെ ഉയര്‍ന്നുവരുന്ന അപര-അഹിന്ദു വിദ്വേഷത്തിനെതിരേ വിവിധ കോണുകളില്‍നിന്നും പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുകയാണ്. അതില്‍ രാഷ്ട്രീയക്കാരെക്കാള്‍ ശ്രദ്ധിക്കപ്പെടുന്നത് സാംസ്‌കാരിക-സാഹിത്യ-കലാ രംഗങ്ങളിലുള്ള പ്രമുഖരുടെ പ്രതികരണങ്ങളാണ്. അരാഷ്ട്രീയക്കാര്‍ മുതല്‍ മുന്‍ ബിജെപി നേതാക്കന്മാര്‍ വരെ പ്രതികരിക്കുന്നവരുടെ കൂട്ടത്തിലുണ്ടെന്നത് ശ്രദ്ധേയമാണ്.
മോദിയുടെ വിമര്‍ശനത്തെ ഗുജറാത്ത് വംശഹത്യ ഓര്‍മപ്പെടുത്തിയാണ് കോണ്‍ഗ്രസ് തിരിച്ചടിച്ചത്. സിഖ് കൂട്ടക്കൊലയുടെ ഉത്തരവാദിത്തത്തില്‍നിന്ന് കോണ്‍ഗ്രസ്സിന് ഒരിക്കലും ഒഴിഞ്ഞുമാറാന്‍ സാധ്യമല്ല. തീര്‍ച്ചയായും സിഖ് കൂട്ടക്കൊല ക്രൂരതയും ആസൂത്രണവുംകൊണ്ട് മികച്ചുനിന്നിരുന്നു. എന്നാല്‍, സിഖ് കൂട്ടക്കൊലയുടെ പിന്നില്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയ വൈകാരികതയല്ല ഗുജറാത്ത് വംശഹത്യയില്‍ കാണാന്‍ കഴിയുന്നത്. അത് തികച്ചും പ്രത്യയശാസ്ത്ര പിന്‍ബലമുള്ള വംശീയ ഉന്മൂലന ശ്രമമായിരുന്നു. അവിടെ പ്രഖ്യാപിത ശത്രുക്കളുടെ ഉന്മൂലനമാണു നടന്നത്. കൂടുതല്‍ ഗൃഹപാഠത്തോടെ ആസൂത്രണം ചെയ്യപ്പെട്ട മുസ്‌ലിം നിര്‍മാര്‍ജനം. സിഖ് കൂട്ടക്കൊല ഗുജറാത്തിലേതുപോലെ ഒരു ഉന്മൂലനശ്രമത്തിന്റെ ബലപ്പെട്ട കണ്ണിയായിരുന്നില്ല. സിഖ് കൂട്ടക്കൊലയ്ക്കുശേഷം ഒരു സിഖ് പ്രധാനമന്ത്രിയെ കൊണ്ടുവരാന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞു. ചരിത്രത്തിലോ ഭാവിയിലോ ഒരു മുസ്‌ലിം പ്രധാനമന്ത്രിയെ അവതരിപ്പിക്കാന്‍ ബിജെപിക്കാവുമോ?
സിഖ് കൂട്ടക്കൊലയുടെ ഉത്തരവാദികളായ കോണ്‍ഗ്രസ്സുകാര്‍ക്ക് അസഹിഷ്ണുതയെക്കുറിച്ച് സംസാരിക്കാന്‍ അര്‍ഹതയില്ലെന്നു പറഞ്ഞ മോദി അത്തരം കൊലവെറിയുടെ ചരിത്രമില്ലാത്ത വര്‍ക്ക് അസഹിഷ്ണുതയെക്കുറിച്ച് സംസാരിക്കാനുള്ള അവകാശമുണ്ടെന്ന് സമ്മതിക്കുകയാണ്. എന്നാല്‍, പ്രതികരിക്കുന്നവര്‍ രാജ്യത്ത് രാജ്യദ്രോഹികളായി മാറുകയോ കൊല്ലപ്പെടുകയോ ഭരണപരമായി ഉപരോധിക്കപ്പെടുകയോ ആണ്. മോദി ഭരണകൂടത്തിലെ അംഗങ്ങളും ഈ കൊലവിളിയില്‍ സജീവ പങ്കാളികളാണ്. ആ കൊലവിളിയാണ് ഷാരൂഖ് ഖാനെ പാകിസ്താന്റെ ചാരനാക്കിയതും സാനിയ മിര്‍സയെ പാകിസ്താന്റെ മരുമകളാക്കിയതും. ഡോ. കല്‍ബുര്‍ഗിയും ഗോവിന്ദ് പന്‍സാരെയും നരേന്ദ്ര ദബോല്‍ക്കറുമൊക്കെ കിരാതമായി കൊല്ലപ്പെട്ടതും ദലിതുകള്‍ അതിക്രൂരമായി ചുട്ടുകൊല്ലപ്പെട്ടതുമൊക്കെ അതേ കൊലവിളിയുടെ ഫലമാണ്. ഇത് അസഹിഷ്ണുതയല്ല, അപരവിദ്വേഷമാണ്. ഈ അപര-അഹിന്ദു വിദ്വേഷത്തെ മോദി വിചാരിക്കുന്നതുപോലെ മേക്ക് ഇന്‍ ഇന്ത്യ കൊണ്ട് മൂടിവയ്ക്കാനാവില്ല. ഇന്ത്യയില്‍ ബിജെപിക്കെതിരേ വോട്ട് ചെയ്ത ബഹുഭൂരിപക്ഷം (61 ശതമാനം) ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അവരില്‍ കാര്യങ്ങള്‍ മനസ്സിലാക്കാനും പ്രതികരിക്കാനും പ്രതിഷേധിക്കാനും സുമനസ്സുള്ള വിവേകശാലികളുമുണ്ട്.
തീര്‍ച്ചയായും ഈ അപര-അഹിന്ദു വിദ്വേഷം മോദിയോടൊപ്പം തന്നെ ഇന്ത്യയില്‍ പെട്ടെന്ന് വളര്‍ന്നു പന്തലിച്ച ഒരു സാംസ്‌കാരിക പ്രശ്‌നമാണ്. അത്തരമൊരു ചരിത്രത്തിന്റേതാണ് മോദിയുടെ രാഷ്ട്രീയജീവിതം തന്നെ. എട്ടാംവയസ്സില്‍ തന്നെ മോദി ശാഖയില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിരുന്നു. 17ാമത്തെ വയസ്സില്‍ വീടുവിട്ടിറങ്ങിയ മോദി തികഞ്ഞ ആര്‍എസ്എസുകാരനായിട്ടാണു വളര്‍ന്നത്. മോദിയുടെ യുവത്വം ഒരു ഗൃഹാന്തരീക്ഷത്തിലല്ല ഉണ്ടായിരുന്നത്. അത് ആര്‍എസ്എസിന്റെ ശാഖയില്‍ കിടന്ന് വര്‍ഗീയമായി തളിര്‍ക്കുകയായിരുന്നു. പിന്നീട് 35ാമത്തെ വയസ്സിലാണ് മോദി വീട്ടിലേക്കു തിരിക്കുന്നത് (ഇതിനിടയില്‍ കുറച്ചുകാലം മോദി എവിടെയായിരുന്നുവെന്നത് ആര്‍ക്കും അറിയില്ല. ആ സമയത്ത് താന്‍ ഹിമാലയത്തിലായിരുന്നുവെന്നാണ് മോദി പറയുന്നത്). അദ്ദേഹത്തിന്റെ സാമൂഹിക-ദേശീയ-രാഷ്ട്രീയ കാഴ്ചപ്പാട് മാതാവിന്റെയും പിതാവിന്റെയും സാന്നിധ്യത്തിലോ തെരുവിലെ നീറുന്ന സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ കണ്ടോ അല്ല രൂപപ്പെട്ടത്. ഈ സ്വഭാവരൂപീകരണം മോദിയെ വലതുപക്ഷ ഹിന്ദുത്വത്തിന്റെ ആള്‍രൂപമാക്കി മാറ്റുകയായിരുന്നു.
പിന്നീട് മോദിയിലെ വലതുപക്ഷ ഹിന്ദുത്വം എങ്ങനെ കൂടുതല്‍ അപകടകരമായ രീതിയില്‍ പ്രതിപ്രവര്‍ത്തിച്ചു എന്നറിയണമെങ്കില്‍ ഗുജറാത്തിലേക്ക് നോക്കിയാല്‍ മതി. മോദി സംഹാരതാണ്ഡവമാടിയ ഗുജറാത്തില്‍ 1971-2002നുമിടയ്ക്ക് 443 വന്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. തൊണ്ണൂറുകളുടെ അവസാനം മുതല്‍ തന്നെ കന്യാസ്ത്രീകള്‍ക്കെതിരേയും വ്യാപകമായ ആക്രമണങ്ങള്‍ നടന്നു. ആക്രമണങ്ങളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ മോദിയുടെ ഭരണകാലത്ത് ഗുജറാത്ത് ഒന്നാംസ്ഥാനത്തായിരുന്നു. ഒരുപാട് ഭീകരപ്രവര്‍ത്തനങ്ങള്‍ ഒറ്റ സംസ്ഥാനത്ത് കേന്ദ്രീകരിപ്പിക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് സംഘപരിവാര കുടുംബത്തില്‍ മോദിയെ കുപ്രസിദ്ധനാക്കിയത്. വംശഹത്യ അടിച്ചമര്‍ത്താന്‍ ശ്രമിച്ച ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥരെ നിര്‍ജീവമായ തസ്തികകളിലേക്ക് സ്ഥലം മാറ്റിയ മോദി പ്രതികാരം വീട്ടിയ ആക്രമണത്തിനു കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷനും നല്‍കി. അതുകൊണ്ടാവാം അക്രമികളെ ശിക്ഷിക്കാത്ത ഇന്ത്യയുടെ പരാജയത്തിന്റെ പ്രതീകമാണ് മോദിയെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യുഎസ് കമ്മീഷന്‍ പറഞ്ഞത്. 2005ല്‍ കമ്മീഷന്റെ ശുപാര്‍ശ പരിഗണിച്ചാണ് മോദിക്ക് വിസ നല്‍കരുതെന്ന് അമേരിക്കന്‍ വിദേശകാര്യവകുപ്പ് തീരുമാനിച്ചിരുന്നത്. ഏതെങ്കിലും കലാപങ്ങള്‍ക്ക്, പ്രത്യേകിച്ച് മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദികളാവുകയോ നേരിട്ട് പങ്കാളിയാവുകയോ ചെയ്ത ഭരണാധികാരികള്‍ക്ക് വിസ അനുവദിക്കാന്‍ പാടില്ലെന്ന യുഎസ് നിയമം മുന്‍നിര്‍ത്തിയായിരുന്നു ഈ നിരോധനം.
ഒളിനോട്ടത്തില്‍ ഇന്ത്യയില്‍ പേരുകേട്ട സംസ്ഥാനമായ ഗുജറാത്തില്‍ രാഷ്ട്രീയക്കാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പോലിസുകാരുടെപോലും ഫോണ്‍കോളുകള്‍ ചോര്‍ത്തിയിരുന്നു. ഗുജറാത്തിലെ പല ഗ്രാമങ്ങളിലും 'ഹിന്ദു രാഷ്ട്രത്തിലെ ഗ്രാമത്തിലേക്ക് വിശ്വഹിന്ദു പരിഷത്ത് നിങ്ങള്‍ക്ക് സ്വാഗതമോതുന്നു' എന്ന ബാനര്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ബാഹ്യലോകത്തോടുള്ള അസഹിഷ്ണുത ഫാഷിസത്തിന്റെ പ്രത്യേകതയാണ്. ഈ അസഹിഷ്ണുത കായികമായി പ്രത്യക്ഷപ്പെട്ടതാണ് ഗുജറാത്തില്‍ നാം കണ്ടത്. 2002ല്‍ താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അരങ്ങേറിയ മുസ്‌ലിം വംശഹത്യയില്‍ ഖേദം തോന്നുന്നുണ്ടോ എന്ന റോയിട്ടേഴ്‌സ് ലേഖകന്റെ ചോദ്യത്തോട് വളരെ പരിഹാസത്തോടെ മോഡി പ്രതികരിച്ചത് ''കാര്‍ ഓടിച്ചുപോവുന്നതിനിടെ ഒരു പട്ടിക്കുട്ടി അതിനടിയില്‍ പെട്ടുപോയാല്‍ നമുക്ക് വിഷമം തോന്നില്ലേ'' എന്നായിരുന്നു. വംശഹത്യയുടെ മുഖ്യ നിര്‍വാഹകരില്‍ ഒരാളായിരുന്ന ബാബു ബജ്‌രംഗി ടെഹല്‍കയോട് പറഞ്ഞത് ''ഒരൊറ്റ മുസ്‌ലിം കടയും ഞങ്ങള്‍ ഒഴിവാക്കിയില്ല. എല്ലാത്തിനും തീയിട്ടു. അവരെയും ഞങ്ങള്‍ തീവച്ചുകൊന്നു. അവരെ തീയില്‍ എറിയണമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. കാരണം, ഈ തന്തയില്ലാത്തവന്മാര്‍ക്ക് ദഹിപ്പിക്കപ്പെടുന്നത് ഇഷ്ടമല്ല. അവര്‍ക്കതു പേടിയാണ്.'' ഇതാണ് അപരവിദ്വേഷത്തിന്റെ ഹിമാലയന്‍രൂപം.
രാജ്യത്ത് ഇപ്പോള്‍ അരങ്ങുതകര്‍ക്കുന്ന അപര-അഹിന്ദു വിദ്വേഷം, അധികാരത്തിലേറിയ ബിജെപി ഭരണകൂടത്തോടൊപ്പം ഉണ്ടായ ഒരു സാംസ്‌കാരിക പ്രതിഭാസമാണ്; ഗുജറാത്തില്‍ പരീക്ഷിച്ചുനോക്കി ശരിപ്പെടുത്തിയെടുത്തതാണത്. അത് ഡല്‍ഹിയിലേക്കു വന്ന് ഇപ്പോള്‍ രാജ്യത്തെ സാമൂഹികമായി വിഭജിച്ചുകൊണ്ടിരിക്കുകയാണ്. അക്രമികള്‍ക്ക് പരവതാനി വിരിച്ചുകൊടുക്കുകയാണ് മോദി ഭരണകൂടം. നോമ്പുകാരന്റെ വായില്‍ ചപ്പാത്തി തിരുകിക്കയറ്റുന്നതും മാട്ടിറച്ചി ഫ്രീസറില്‍ സൂക്ഷിച്ച മധ്യവയസ്‌കനെ വീട്ടില്‍ കയറി തല്ലിക്കൊന്നതും മുതല്‍ ദലിതുകളെ ചുട്ടുകൊല്ലുന്ന ജാതീയതയും ഒക്കെ ഈ അപര-അഹിന്ദു വിദ്വേഷത്തിന്റെ പ്രതിഫലനങ്ങളാണ്. മുസ്‌ലിം സ്ത്രീകളെ വന്ധ്യംകരിക്കണമെന്നും വോട്ടവകാശം എടുത്തുകളയണമെന്നും അവരെ പാകിസ്താനിലേക്ക് പറഞ്ഞുവിടണമെന്നുമൊക്കെ ആക്രോശിക്കുകയാണ് മോദി ഭരണകൂടത്തിലെ അംഗങ്ങള്‍. കൂടുതല്‍ ആഴത്തിലുള്ളതും തുടര്‍ച്ചയുള്ളതും പ്രത്യയശാസ്ത്ര പിന്‍ബലമുള്ളതുമായ ഒരു അപരവിദ്വേഷത്തെയാണ് മോദി പ്രതിനിധീകരിക്കുന്നത്. ഈ വര്‍ഗീയ സംഹാരതാണ്ഡവമാടലിനെ പിടിച്ചുനിര്‍ത്തിയില്ലെങ്കില്‍ ഒരു വര്‍ഗീയ അടിയന്തരാവസ്ഥയെ രാജ്യത്തിനു നേരിടേണ്ടിവരും. രാജ്യത്തെങ്ങുമുള്ള ശാസ്ത്രജ്ഞന്‍മാരും എഴുത്തുകാരും സാമ്പത്തിക വിദഗ്ധന്‍മാരും കോര്‍പറേറ്റ് മേധാവികളും ഇന്ത്യയില്‍ വളര്‍ന്നുവരുന്ന അസഹിഷ്ണുത നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്. അത് എന്‍ഡിഎയിലെ പടത്തലവന്‍മാര്‍ക്ക് വലിയ വെല്ലുവിളിയായി എന്നു കണ്ടതുകൊണ്ടാണ് ബിജെപി അനുഭാവിയായ അനുപംഖേറിന്റെയും പ്രിയദര്‍ശന്റെയും നേതൃത്വത്തില്‍ ഒരുപറ്റം കലാകാരന്‍മാര്‍ രാഷ്ട്രപതിഭവനിലേക്കു മാര്‍ച്ച് നാടകം നടത്തിയത്. അതുകൊണ്ടൊക്കെ ആര്‍ എവിടെയാണു നില്‍ക്കുന്നത് എന്നറിയുക ജനങ്ങള്‍ക്ക് എളുപ്പമായി.
Next Story

RELATED STORIES

Share it