Flash News

മോദിയുടെ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയം : വീരപ്പമൊയ്‌ലി



തിരുവനന്തപുരം: നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമെന്ന് എഐസിസി പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാനും മുതിര്‍ന്ന നേതാവുമായ എം വീരപ്പമൊയ്‌ലി. ഇന്ദിരാഭവനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം മന്ത്രിസഭയിലും പാര്‍ട്ടിയിലും വിശ്വാസമില്ലാത്തയാളാണ് നരേന്ദ്രമോദി. സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പ്രചാരണപരിപാടികള്‍ക്കു സര്‍ക്കാര്‍ ഖജനാവിലെ പണം ദുരുപയോഗം ചെയ്യുകയാണ് മോദിയെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ എല്ലാമേഖലയിലും സമ്പൂര്‍ണ പരാജയമാണ്. വ്യാജപ്രചാരണങ്ങളിലൂടെ അധികാരത്തിലെത്തിയ മോദി ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ മറക്കുകയാണ്. രണ്ടുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നു പറഞ്ഞ സര്‍ക്കാര്‍ ഇതുവരെ ഒന്നരലക്ഷം തൊഴിലവസരങ്ങള്‍ മാത്രമാണു സൃഷ്ടിച്ചത്. കഴിഞ്ഞ ഏഴുവര്‍ഷങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. തൊഴിലില്ലായ്മമൂലം ജനങ്ങള്‍ നട്ടംതിരിയുകയാണ്. അസംഘടിത മേഖലയിലെ 60 ശതമാനം ആളുകളും തൊഴില്‍രഹിതരായി തുടരുന്നു. രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച മരവിച്ച അവസ്ഥയിലാണ്. നോട്ട് പിന്‍വലിക്കല്‍മൂലം ബാങ്കുകളുടെ പ്രവര്‍ത്തനം മരവിച്ചു.  കര്‍ഷകര്‍ക്ക് വായ്പകള്‍ അനുവദിക്കുന്നതിലും പരാജയം സംഭവിച്ചു. ഇതോടെ പരമ്പരാഗത തൊഴില്‍മേഖല തകര്‍ന്നടിഞ്ഞു. ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയിലേക്കു വന്‍കിട കോര്‍പറേറ്റുകളുടെ സംഭാവന മാത്രമാണ് എത്തിച്ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. ദലിതര്‍ക്ക് ബജറ്റില്‍ വേണ്ടത്ര വിഹിതം നീക്കിവയ്ക്കാത്ത സര്‍ക്കാര്‍ അവരെ അവഹേളിക്കുകയാണ്. തൊട്ടുകൂടായ്മയെ തിരിച്ചുവിളിച്ച് പ്രദര്‍ശിപ്പിക്കുന്ന പാര്‍ട്ടിയായി ബിജെപി അധപ്പതിച്ചു. ജമ്മുകശ്മീരിലെ അവസ്ഥ ദിവസംതോറും വഷളാവുകയാണെന്നും ഇതു ശാശ്വതമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞുഅതേസമയം, വിഴിഞ്ഞം കരാര്‍ സംബന്ധിച്ച സിഎജി റിപോര്‍ട്ട് ഒരു സര്‍ക്കാരിനും എതിരായുള്ള അന്തിമവിധിയായി പരിഗണിക്കാനാവില്ലെന്ന് വീരപ്പമൊയ്‌ലി പറഞ്ഞു. സിഎജി ഒരു പരിശോധനാവിഭാഗം മാത്രമാണ്. അവരുടെ റിപോര്‍ട്ട് അന്തിമവിധിയായി കരുതാനാവില്ല. സംസ്ഥാനത്തിന്റെ വിശാല താല്‍പര്യത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി കരാറില്‍ ഏര്‍പ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ഏതന്വേഷണത്തിനും താന്‍ തയ്യാറാണെന്ന് ഉമ്മന്‍ചാണ്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും വീരപ്പമൊയ്‌ലി പറഞ്ഞു. സിഎജി റിപോര്‍ട്ടിലെ പരാമര്‍ശവുമായി ബന്ധപ്പെട്ട് ഉചിതമായ മറ്റ് ഏജന്‍സികള്‍ക്കു വേണമെങ്കില്‍ അന്വേഷണം നടത്താമെന്നും റിപോര്‍ട്ട് അന്തിമമായി പരിഗണിക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it