മോദിയുടെ സന്ദര്‍ശനം: പ്രതിഷേധവുമായി കെഎസ്‌യു-യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍

തിരുവനന്തപുരം/കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തില്‍ പ്രതിഷേധവുമായി കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍. കൊല്ലത്ത് ആര്‍ ശങ്കറിന്റെ പ്രതിമ അനാവരണം ചെയ്യുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ച ശേഷം ഒഴിവാക്കി അപമാനിച്ച നടപടിയുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. കരിങ്കൊടി കാണിച്ചും വായ് മൂടിക്കെട്ടിയും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലുള്ള പ്രതിഷേധം അറിയിക്കുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയ് അറിയിച്ചു.
മോദി പ്രസംഗിച്ച ശേഷം എല്ലാ വേദികളിലും ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വഴിയില്‍ തടയാനും തീരുമാനിച്ചിട്ടുണ്ടെന്ന് ജോയ് അറിയിച്ചു.
ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രിയെ ഒഴിവാക്കിയതിലൂടെ ആര്‍എസ്എസ്സിന്റെ ശിപായിയായി വെള്ളാപ്പള്ളി മാറിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് മാധ്യമങ്ങളോട് പറഞ്ഞു.
ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാത്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കും. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നു സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ ജ്വാല തെളിയിക്കും. വെള്ളാപ്പള്ളിക്കും ആര്‍എസ്എസ്സിനും എതിരെയുള്ള പ്രതിഷേധം തുടരുമെന്നും ഡീന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, നൗഷാദിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളി പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാന്‍ അര്‍ഹനല്ലെന്ന് ശ്രീനാരായണ ധര്‍മവേദി അധ്യക്ഷന്‍ ഗോകുലം ഗോപാലന്‍ പ്രതികരിച്ചു. വര്‍ഗീയ പ്രസംഗം നടത്തിയതിന് മഅ്ദനിക്കെതിരെ കേസെടുത്തതു പോലെ വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോടു പറഞ്ഞു.
ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാത്തതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് വെള്ളാപ്പള്ളിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചടങ്ങില്‍ വെള്ളാപ്പള്ളിക്ക് ലഭിക്കുന്ന സ്ഥാനങ്ങള്‍ നഷ്ടമാവാതിരിക്കാനാണ് മുഖ്യമന്ത്രിയെ അകറ്റി നര്‍ത്തുന്നതെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു.
വര്‍ക്കല ശിവഗിരിമഠത്തില്‍ കയറാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍ വെള്ളാപ്പള്ളിക്കുള്ളത്. ആദ്യം ക്ഷണിക്കുകയും പിന്നീട് വേണ്ടെന്ന് വയ്ക്കുകയും ചെയ്തതിലൂടെ മുഖ്യമന്ത്രിയെ അപമാനിക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it