മോദിയുടെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്നു:രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ഗുജറാത്ത് അസംബ്ലി തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സിന്റെ മുന്നേറ്റം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്നതാണെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ബിജെപിക്ക് കനത്ത പ്രഹരമാണു ഗുജറാത്തില്‍ ലഭിച്ചത്. ബിജെപിയുടെ കൊല്ലങ്ങളായി തുടര്‍ന്നുവരുന്ന രാഷ്ട്രീയ പ്രചാരണ രീതികളൊന്നും ഇനി ജനങ്ങള്‍ക്കിടയില്‍ വിലപ്പോവില്ലെന്ന സൂചനയാണു ഗുജറാത്ത് ഫലം നല്‍കുന്നത്. എഐസിസി സംഘം ഒന്നടങ്കം നാലു മാസത്തോളം ഗുജറാത്തില്‍ കഠിനാധ്വാനം ചെയ്തു. ഇതു ബിജെപി—ക്കു വന്‍ ഭീഷണിയായെന്നും രാഹുല്‍ പറഞ്ഞു. മോദിയുടെ ഗുജറാത്ത് മാതൃക പച്ചക്കള്ളമാണ്. കൊട്ടിഘോഷിച്ച ഗുജറാത്ത് മാതൃക തനിക്ക് അവിടത്തെ ജനങ്ങളില്‍ നിന്നു കണ്ടെത്താനായില്ല. വികസനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ മോദിയോട് നിരന്തരം ചോദ്യച്ചിട്ടും അദ്ദേഹത്തിന് ഉത്തരമില്ലായിരുന്നു. ഞങ്ങള്‍ മുന്നേറ്റം നടത്തിയെങ്കിലും അതില്‍ ചില കുറവുകളുണ്ടായിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ചുരുങ്ങിയ മാസങ്ങള്‍ക്കം ഗുജറാത്ത് ജനതയില്‍ നിന്നു താന്‍ ഒരു പാടു പഠിച്ചെന്നു പറഞ്ഞ രാഹുല്‍, എത്ര വലിയ രോഷവും സ്‌നേഹത്തിനു മുന്നില്‍ പരാജയപ്പെടുമെന്നും ഗുജറാത്ത് മോദിക്കും ബിജെപിക്കും വലിയ സന്ദേശമാണു നല്‍കുന്നതെന്നും പറഞ്ഞു. വികസന അജണ്ടയ്ക്കു ലഭിച്ച വിജയമാണു തിരഞ്ഞെടുപ്പ് ഫലമെന്ന് അവകാശപ്പെട്ട മോദിയെ രാഹുല്‍ പരിഹസിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ജിഎസ്ടിയെക്കുറിച്ചും നോട്ട് നിരോധനത്തെക്കുറിച്ചും ഒരക്ഷരം മിണ്ടാത്തയാളാണു മോദിയെന്നും രാഹുല്‍ വിമര്‍ശിച്ചു.
Next Story

RELATED STORIES

Share it