മോദിയുടെ വസതിയിലേക്ക് മാര്‍ച്ച്; കസ്റ്റഡിയിലെടുത്ത എഎപി എംഎല്‍എമാരെ വിട്ടയച്ചു

ന്യൂഡല്‍ഹി: നരേന്ദ്രമോദിയും കേന്ദ്ര സര്‍ക്കാരും ആവര്‍ത്തിച്ചു വേട്ടയാടുകയാണെന്നാരോപിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ള അമ്പതിലേറെ ആം ആദ്മി എംഎല്‍എമാര്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ 'കീഴടങ്ങാനെ'ത്തി. എന്നാല്‍, ഇവരെ തടഞ്ഞ പോലിസ് അമ്പതിലേറെ വരുന്ന എംഎല്‍എമാരെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. ഔദ്യോഗിക സന്ദര്‍ശനത്തിനിടെ കച്ചവടക്കാരോട് അപമര്യാദയായി പെരുമാറിയെന്ന് കാട്ടി കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി സിസോദിയക്കെതിരേ ഗാസിപൂര്‍ പച്ചക്കറി ചന്ത അസോസിയേഷന്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം സമാനരീതിയിലെ പരാതിയില്‍ സംഘം വിഹാര്‍ എംഎല്‍എ ദിനേശ് മൊഹാനിയയെ ഡല്‍ഹി പോലിസ് വാര്‍ത്താസമ്മേളനത്തിനിടെ അറസ്റ്റ് ചെയ്തത് ആം ആദ്മിയെ ചൊടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി ഡല്‍ഹിയില്‍ അടിയന്തരാവസ്ഥ നടപ്പാക്കുകയാണെന്നും ബിജെപി എംപി ആരോപണം നേരിടുന്ന മുനിസിപ്പല്‍ കോര്‍പറേഷന്‍ ജീവനക്കാരനായ എംഎം ഖാന്റെ കൊലപാതകത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനാണ് നടപടിയെന്നും പാര്‍ട്ടി ആരോപിച്ചിരുന്നു. ഈ സംഭവത്തിനു ശേഷം ഇപ്പോള്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ സിസോദിയക്കു നേരെ നിസ്സാരമായ പരാതി ഉയര്‍ത്തിക്കാട്ടി പോലിസ് നടപടി ഉണ്ടാവുമെന്ന സൂചനയാണ് മോദിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്. മോദിക്കു മുമ്പാകെ കീഴടങ്ങാന്‍ പോവുകയാണെന്നു സിസോദിയ മാര്‍ച്ചിനു മുമ്പ് വ്യക്തമാക്കിയിരുന്നു.
സിസോദിയക്കെതിരേ പരാതിയുണ്ടെന്നും അദ്ദേഹം ഇന്നു മോദിയുടെ ഔദ്യോഗിക വസതിയില്‍ പോയി കീഴടങ്ങുമെന്നും മുഖ്യമന്ത്രി കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. തന്നെ വ്യാജക്കേസില്‍ കുടുക്കാന്‍ പ്രധാനമന്ത്രി ശ്രമിച്ചേക്കുമെന്നും ചന്തയില്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരാണ് തനിക്കെതിരേ പരാതി സമര്‍പ്പിച്ചതെന്നും സിസോദിയ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍, സിസോദിയ പ്രകടമായ കുറ്റകൃത്യമൊന്നും ചെയ്യാത്തതിനാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പോലിസ് അറിയിച്ചു. എംഎല്‍എമാരുടെ പ്രതിഷേധ വരവിനെ തുടര്‍ന്ന് മോദിയുടെ വസതിക്ക് അടുത്തുള്ള റേസ്‌കോഴ്‌സ് മെട്രോ സ്‌റ്റേഷന്‍ അടച്ചിടുകയും പ്രദേശത്ത് 144ാം വകുപ്പ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ സംഭവപരമ്പരകളുമായി ബന്ധപ്പെട്ട് ട്വിറ്ററടക്കമുള്ള നവസാമൂഹിക മാധ്യമങ്ങളില്‍ 'അറസ്റ്റ് മി മോദി' (മോദീ, എന്നെ അറസ്റ്റ് ചെയ്യൂ) എന്ന ഹാഷ്ടാഗ് വൈറലായി.
Next Story

RELATED STORIES

Share it