Flash News

മോദിയുടെ യുഎസ് സന്ദര്‍ശനം പരാജയം?



ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനം രാജ്യത്തിനു വിശേഷാല്‍ നേട്ടങ്ങളൊന്നും ഉണ്ടാക്കിയില്ലെന്നു വിലയിരുത്തല്‍. പരമതവിദ്വേഷത്തിന്റെ കാര്യത്തില്‍ യോജിപ്പുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ആഗോള ഭീകരതയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും സംയുക്ത പ്രസ്താവനയിറക്കുകയും ചെയ്തുവെങ്കിലും പശുവിന്റെ പേരില്‍ ഇന്ത്യയില്‍ നടക്കുന്ന കൊലകളാണ് പ്രസിദ്ധ പത്രമായ വാഷിങ്ടണ്‍ പോസ്റ്റ് സന്ദര്‍ശനത്തെക്കുറിച്ച് അവരുടെ റിപോര്‍ട്ടില്‍ എടുത്തുപറയുന്നത്. യുപിയില്‍ മുസ്‌ലിം വിരുദ്ധ പ്രഭാഷണങ്ങള്‍ക്ക് കുപ്രസിദ്ധനായ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയതു വഴി മോദി വിവേചനപരമായ രാഷ്ട്രീയത്തെ പിന്തുണയ്ക്കുകയാണെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ട്രംപും മോദിയും ആഭ്യന്തരരംഗത്ത് നേരിടുന്ന പ്രതിസന്ധികളില്‍ നിന്നു ജനശ്രദ്ധ തിരിച്ചുവിടാന്‍ ഹ്രസ്വസന്ദര്‍ശനം സഹായിക്കുമെങ്കിലും ട്രംപിന്റെ ആഗോള നയങ്ങളില്‍ ഇന്ത്യയ്ക്ക് പരിഗണനാര്‍ഹമായ സ്ഥാനമില്ലെന്നും പത്രം പറയുന്നു. മാത്രമല്ല, മോദിക്കെതിരേ അമേരിക്കയില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ ഇന്ത്യന്‍ ചാനലുകള്‍ റിപോര്‍ട്ട് ചെയ്തില്ലെങ്കിലും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഹിംസാത്മകത മുന്നോട്ടുവയ്ക്കുന്നതില്‍ വളരെ സഹായിക്കുകയുണ്ടായി. പതിവില്‍ നിന്നു വിപരീതമായി വലിയ സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടുന്നതില്‍ യുഎസിലെ ഹിന്ദുത്വ സംഘടനകള്‍ ഇപ്രാവശ്യം തയ്യാറായിരുന്നില്ല എന്നതും സന്ദര്‍ശനത്തിന്റെ തിളക്കം കുറയ്ക്കാന്‍ കാരണമായി. അതേയവസരം ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് സയ്യിദ് സ്വലാഹുദ്ദീനെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഒരു പ്രധാന നേട്ടമാണെന്ന വിലയിരുത്തലുമുണ്ട്. മറ്റൊരു പ്രമുഖ പത്രമായ ന്യൂയോര്‍ക്ക് ടൈംസ് ജുനൈദ് വധത്തെക്കുറിച്ച് വിശദാംശങ്ങള്‍ റിപോര്‍ട്ട് ചെയ്തത് മോദിയുടെ ഹ്രസ്വസന്ദര്‍ശനവേളയിലാണ്. അതോടൊപ്പം ലോകവ്യാപകമായി ഇന്ത്യ അസഹിഷ്ണുതയുടെ പുതിയൊരു കാലഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്ന ആശങ്ക പ്രകടിപ്പിക്കുന്ന പത്രമാധ്യമങ്ങളുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. ജുനൈദ് വധം റിപോര്‍ട്ട് ചെയ്ത ബിബിസി, വധത്തിന്റെ വിശദാംശങ്ങള്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്തിരുന്നു. പശു ഇന്ത്യയില്‍ വലിയ ധ്രുവീകരണത്തിനും സാമുദായിക സംഘര്‍ഷത്തിനും വഴിവയ്ക്കുന്നുവെന്നാണ് ബിബിസി ചൂണ്ടിക്കാട്ടുന്നത്. പൊതുവില്‍ ഇന്ത്യയെ അനുകൂലിക്കാറുള്ള ജപ്പാനിലെ ജപ്പാന്‍ ടൈംസ് വിശദമായ ഒരു റിപോര്‍ട്ടില്‍ പണ്ഡിതന്റെ പേരിലുള്ള രാഷ്ട്രീയത്തെ അതിശക്തിയായി വിമര്‍ശിക്കുന്നു. മാട്ടിറച്ചി കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന രാഷ്ട്രം ഗോരക്ഷയുടെ പേരില്‍ രാജ്യത്തെ കോടിക്കണക്കിനു വരുന്ന കര്‍ഷകരെയും സാധാരണക്കാരെയും അവഗണിക്കുകയാണെന്ന് പത്രം പറയുന്നു. ലോകെത്ത ഏറ്റവും വലിയ ജനാധിപത്യ രാജ്യം സ്വയംപ്രഖ്യാപിത ഗോരക്ഷകര്‍ക്ക് നിയമം കൈയിലെടുക്കാന്‍ അനുമതി നല്‍കുന്നു. ഇസ്‌ലാമിന്റെ ആഗമനത്തിനു മുമ്പുതന്നെ ബ്രാഹ്മണരടക്കം ഇന്ത്യയില്‍ ഗോമാംസം ഭക്ഷിച്ചിരുന്നുവെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2000ല്‍ ബിജെപി ഗവണ്‍മെന്റ് സ്‌കൂള്‍ പാഠപുസ്തങ്ങളില്‍ ഈ ചരിത്രവസ്തുത വെട്ടിമാറ്റുന്നതിനെപ്പറ്റി റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അറബ് ലോകത്തെ പ്രധാന പത്രങ്ങളെല്ലാം ബിജെപി ഭരണത്തില്‍ അക്രമങ്ങള്‍ വര്‍ധിക്കുന്നത് എടുത്തുപറയുന്നു.
Next Story

RELATED STORIES

Share it