Flash News

മോദിയുടെ ബിരുദം: ചോദ്യംചെയ്ത് ഡല്‍ഹി സര്‍വകലാശാല

ന്യൂഡല്‍ഹി:  വിവരാവകാശ നിയമപ്രകാരം  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങള്‍ തേടിയ അപേക്ഷകനെതിരേ ഡല്‍ഹി സര്‍വകലാശാല. ബിരുദം പഠനം നടത്തിയെന്ന് മോദി അവകാശപ്പെടുന്ന 1978ലെ സര്‍വകലാശാല പരീക്ഷാ റെക്കോഡ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട വിവരാവകാശ പ്രവര്‍ത്തകന്റെ ഹരജി അധികൃതര്‍ തള്ളി. ഇതിന്പിന്നില്‍ വിലകുറഞ്ഞ പ്രചാരണ തന്ത്രമാണെന്നാണ് സര്‍വകലാശാലയുടെ ആരോപണം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും മറ്റു രേഖകളും നല്‍കാന്‍ ഡല്‍ഹി സര്‍വകലാശാലയ്ക്കു നിര്‍ദേശം നല്‍കിയ കേന്ദ്ര വിവരാവകാശ കമ്മീഷണറെ നേരത്തേ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നത് ഏറെ വിവാദമായിരുന്നു. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഗണിക്കുന്ന മാനവവിഭവ വകുപ്പിന്റെ ചുമതലയിലുണ്ടായിരുന്ന വിവരാവകാശ കമ്മീഷണര്‍ എം എസ് ആചാര്യലുവിനെയാണ് മാറ്റിയത്. 1978ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ പഠിച്ചിറങ്ങിയ എല്ലാ ബിഎ വിദ്യാര്‍ഥികളുടേയും വിവരങ്ങളും രേഖകളുടെ പകര്‍പ്പുകളും നല്‍കാനായിരുന്നു സര്‍വകലാശാലയോട് ആചാര്യലു ആവശ്യപ്പെട്ടിരുന്നത്. മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി  സ്‌റ്റേ ചെയ്തിരുന്നു. നരേന്ദ്ര മോദിയുടെ ബിഎ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പരസ്യമാക്കാന്‍ ഡല്‍ഹി സര്‍വകലാശാലയ്ക്ക് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ നല്‍കിയ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സര്‍വകലാശാലയാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഒരു വിദ്യാര്‍ഥിയുടെ സ്വകാര്യ രേഖയായതിനാല്‍ അത് പരസ്യമാക്കരുതെന്ന് ആവശ്യപ്പെട്ടാണ് സര്‍വകലാശാല കോടതിയെ സമീപിച്ചത്. ഇതോടെ, മോദിയുടെ ബിഎ അവകാശ വാദം പൊള്ളയാണെന്ന് കൂടുതല്‍ വ്യക്തമായിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞദിവസം ഡല്‍ഹി സര്‍വകലാശാലയുടെ പുതിയ 'തരം താഴ്ന്ന' പരാമര്‍ശമുണ്ടായത്.
Next Story

RELATED STORIES

Share it