മോദിയുടെ പാക് സന്ദര്‍ശനം: വിമര്‍ശനവുമായി ശിവസേന

മുംബൈ: പ്രധാനമന്ത്രി മോദിയുടെ പെട്ടെന്നുള്ള പാകിസ്താന്‍ സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന. മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേന മോദി അധികനാള്‍ അധികാരത്തില്‍ തുടരില്ലെന്ന മുന്നറിയിപ്പു നല്‍കിയത്. 'പാകിസ്താനുമായി കൂടുതല്‍ അടുപ്പം കാണിക്കുന്ന നേതാക്കള്‍ അധികാരത്തില്‍ കൂടുതല്‍ കാലം തുടരില്ലെന്ന ഒരു യാഥാസ്ഥിതിക വിശ്വാസം നിലനില്‍ക്കുന്നുണ്ട്.
മുഹമ്മദലി ജിന്നയുടെ ശവകുടീരം സന്ദര്‍ശിച്ച് അദ്ദേഹത്തെ പ്രശംസിച്ച എല്‍ കെ അദ്വാനിയുടെ രാഷ്ട്രീയപദവി ആ സന്ദര്‍ശനത്തിനു ശേഷം താഴ്ന്നു. ഇപ്പോള്‍ അദ്ദേഹത്തെ പാര്‍ട്ടി തഴഞ്ഞ സ്ഥിതിയിലാണ്. അതേപോലെ എ ബി വാജ്‌പേയി ജനറല്‍ പര്‍വേസ് മുശര്‍റഫുമായി ആഗ്രയില്‍ കൂടിക്കാഴ്ച നടത്തുകയും ലാഹോര്‍ ബസ് സര്‍വീസ് ആരംഭിക്കുകയും ചെയ്തു. അതിനുശേഷം ഒരു ബിജെപി സര്‍ക്കാരിനു നേതൃത്വം നല്‍കാന്‍ വാജ്‌പേയിക്ക് അവസരം ഉണ്ടായിട്ടില്ലെന്നും സാമ്‌നയുടെ മുഖപ്രസംഗത്തില്‍ പറയുന്നു. ഒരു കോണ്‍ഗ്രസ് പ്രധാനമന്ത്രിയാണ് പ്രഖ്യാപിക്കാതെ പാകിസ്താന്‍ സന്ദര്‍ശനം നടത്തിയിരുന്നതെങ്കില്‍ ബിജെപിയുടെ പ്രതികരണം എന്താവുമായിരുന്നെന്നും പത്രം ചോദിക്കുന്നു.
Next Story

RELATED STORIES

Share it