മോദിയുടെ പാക് പരാമര്‍ശം: സര്‍ക്കാര്‍ വിശദീകരണം നല്‍കി, സമവായമായി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പാകിസ്താന്‍ പരാമര്‍ശത്തില്‍ വിശദീകരണം നല്‍കി കേന്ദ്ര സര്‍ക്കാര്‍ കീഴടങ്ങി.
രാഷ്ട്രീയനേട്ടത്തിനായി നടത്തിയ വിവാദ പരാമര്‍ശം മൂലം പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഒരു ദിവസം പോലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായിരുന്നില്ല. വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധം രൂക്ഷമാക്കിയതോടെയാണ് രാജ്യസഭയില്‍ ഇന്നലെ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വിശദീകരണം നല്‍കിയത്.
മന്ത്രി വിശദീകരണത്തിനു തയ്യാറായതോടെ സമവായം അംഗീകരിച്ച് കോണ്‍ഗ്രസും പ്രതിഷേധത്തില്‍ നിന്നു പിന്‍വാങ്ങി. ജെയ്റ്റ്‌ലിക്കു പിന്നാലെ കോണ്‍ഗ്രസും സഭയില്‍ സമവായ പ്രസ്താവന നടത്തി.
പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുന്നത് ഒഴിവാക്കാന്‍ രാജ്യസഭാ അധ്യക്ഷന്‍ എം വെങ്കയ്യനായിഡു കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായും രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദുമായും അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിരുന്നു.
മോദി തന്റെ പ്രസംഗത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെയോ മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയെയോ ഇകഴ്ത്താനോ അവരുടെ രാജ്യത്തോടുള്ള പ്രതിബദ്ധത ചോദ്യം ചെയ്യാനോ മുതിര്‍ന്നിട്ടില്ലെന്ന് ജെയ്റ്റ്‌ലി  പറഞ്ഞു. ഇവരെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. അത്തരം ധാരണകള്‍ തെറ്റാണ്. ഈ നേതാക്കളെ ഞങ്ങള്‍ അങ്ങേയറ്റം ബഹുമാനിക്കുന്നു. അവരുടെ രാജ്യത്തോടുള്ള പ്രതിബദ്ധതയില്‍ ആദരവാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ, വിഷയത്തില്‍ ജെയ്റ്റ്‌ലിയുടെ വിശദീകരണത്തില്‍ നന്ദിയുണ്ടെന്നും രാജ്യസഭാ കക്ഷിനേതാവ് പങ്കുവച്ച വികാരത്തെ മാനിക്കുന്നുവെന്നും ഗുലാംനബി ആസാദ് പറഞ്ഞു.
Next Story

RELATED STORIES

Share it