Dont Miss

മോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു; ദക്ഷിണേന്ത്യ ബാലികേറാമല

മോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു; ദക്ഷിണേന്ത്യ ബാലികേറാമല
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിയിരിക്കേ നരേന്ദ്ര മോദി നയിക്കുന്ന ബിജെപി സര്‍ക്കാരിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി സര്‍വേ. എബിപി ന്യൂസിന് വേണ്ടി ലോക്‌നീതിയും സിഎസ്ഡിഎസും(സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ദി ഡവലപ്പിങ് സൊസൈറ്റീസ്) നടത്തിയ സര്‍വേയിലാണ് ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തരുതെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചതായി വ്യക്തമാക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 47 ശതമാനം പേരും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിക്ക് രണ്ടാമതൊരു അവസരം നല്‍കുന്നതിനോട് യോജിക്കുന്നില്ല.

പതിവ് പോലെ ദക്ഷിണേന്ത്യ തന്നെയായാരിക്കും ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കുകയെന്ന് രാജ്യത്തിന്റെ മനസ്ഥിതി(മൂഡ് ഓഫ് ദി നാഷന്‍) എന്ന പേരിലുള്ള സര്‍വേ സൂചിപ്പിക്കുന്നു. എല്ലാ കുതന്ത്രങ്ങളും പയറ്റിയിട്ടും കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യ ബിജെപിക്ക് ബാലികേറാ മലയായി തുടരുകയാണ്. അഞ്ച് ദക്ഷിണ സംസ്ഥാനങ്ങളിലും ചേര്‍ന്ന് ബിജെപിക്ക് 18 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ജനുവരിക്ക് ശേഷം എട്ട് ശതമാനം ഇടിവാണ് ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ ജനപ്രീതിക്ക് ഉണ്ടായത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതിനെ ചൊല്ലി എന്‍ഡിഎ സഖ്യകക്ഷികായ തെലുഗുദേശം മുന്നണി വിട്ടത് ഇതിന് പ്രധാന കാരണമായിട്ടുണ്ട്. അതേ സമയം, എന്‍ഡിഎ വിട്ടതോടെ ടിഡിപി സ്ഥിതി മെച്ചപ്പെടുത്തിയിട്ടുമുണ്ട്.

മേഖലയിലെ മറ്റു പാര്‍ട്ടികളായ ടിആര്‍എസ്(തെലങ്കാന), ഡിഎംകെ(തമിഴ്‌നാട്), ജെഡിഎസ്(കര്‍ണാടക), എല്‍ഡിഎഫ്(കേരളം) എന്നിവയുടെ ജനപ്രീതിയിലും കഴിഞ്ഞ അഞ്ച് മാസങ്ങള്‍ക്കിടെ വര്‍ധന ഉണ്ടായതായി സര്‍വേ സൂചിപ്പിക്കുന്നു. പ്രാദേശിക പാര്‍ട്ടികള്‍ ശക്തിപ്പെടുന്നത് ബിജെപിക്ക് കടുത്ത ആഘാതം സൃഷ്ടിക്കുന്നതായാണ് വ്യക്തമാവുന്നത്.

സര്‍വേ പ്രകാരം ദക്ഷിണേന്ത്യയില്‍ 63 ശതമാനവും മോദി സര്‍ക്കാരില്‍ അതൃപ്തി രേഖപ്പെടുത്തി. ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ ഇത് 40 ശതമാനത്തിനും 43 ശതമാനത്തിനും ഇടയിലാണ്. രാജ്യത്തെ എല്ലാ ഭാഗങ്ങളിലും ബിജെപി സര്‍ക്കാരിനെതിരായ അതൃപ്തി വര്‍ധിച്ചിട്ടുണ്ട്. ഇതില്‍ ദക്ഷിണേന്ത്യ പ്രത്യേകമായി നില്‍ക്കുന്നു. തമിഴ്‌നാട്ടില്‍ 75 ശതമാനം പേരാണ് മോദി സര്‍ക്കാരിനോട് അതൃപ്തി രേഖപ്പെടുത്തിയത്. ആന്ധ്രപ്രദേശ് 68 ശതമാനം, കേരളം 64 ശതമാനം,
തെലങ്കാന 63 ശതമാനം എന്നിവയാണ് തൊട്ടുപിന്നില്‍. അതേ സമയം, കേരളത്തില്‍ ബിജെപിയുടെ ജനപ്രീതിയില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. ജനുവരിയില്‍ 66 ശതമാനം പേര്‍ കേരളത്തില്‍ ബിജെപിയോട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ദക്ഷിണേന്ത്യയില്‍ മാത്രമല്ല, രാജ്യമൊട്ടാകെ മോദിയുടെ ജനപ്രീതി ഇടിയുന്നതായാണ് സര്‍വേ വ്യക്തമാക്കുന്നത്. 2017 മെയില്‍ 27 ശതമാനം മാത്രമാണ് ബിജെപി സര്‍ക്കാരില്‍ അതൃപ്തി രേഖപ്പെടുത്തിയതെങ്കില്‍ 2018 ജനുവരിയില്‍ അത് 40 ശതമാനവും ഇപ്പോള്‍ അത് 47 ശതമാനവും ആയി ഉയര്‍ന്നു. ഒരൊറ്റ വര്‍ഷത്തിനുള്ളില്‍ 20 ശതമാനത്തോളമാണ് അതൃപ്തി വര്‍ധിച്ചത്. അതേ സമയം, എന്‍ഡിഎ സര്‍ക്കാരില്‍ തൃപ്തി പ്രകടിപ്പിച്ചവരുടെ എണ്ണം 64 ശതമാനത്തില്‍ 47 ശതമാനത്തിലേക്ക് താഴ്ന്നു. മോദി സര്‍ക്കാരില്‍ പൂര്‍ണമായും തൃപ്തി പ്രകടിപ്പിക്കുന്നവരുടെയും പൂര്‍ണമായും അതൃപ്തി പ്രകടിപ്പിക്കുന്നവരുടെയും എണ്ണത്തിലുള്ള വിടവ് വര്‍ധിച്ചു വരുന്നുവെന്നതും ശ്രദ്ധേയമാണ്. പൂര്‍ണമായും തൃപ്തി പ്രകടിപ്പിക്കുന്ന ഓരോരുത്തര്‍ക്കും പൂര്‍ണമായും അതൃപ്തി പ്രകടിപ്പിക്കുന്ന രണ്ടുപേരുണ്ടെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

2018 ഏപ്രില്‍ 28നും മെയ് 17നും ഇടയിലാണ് ലോക്‌നീതി-സിഎസ്ഡിഎസ് സര്‍വേ നടത്തിയത്. ആന്ധ്രപ്രദേശ്, അസം, ബിഹാര്‍, ചത്തീസ്ഗഡ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ജാര്‍ഖണ്ഡ്, കര്‍ണാടകം, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ 19 സംസ്ഥാനങ്ങളിലെ 15,859 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. 175 അസംബ്ലി മണ്ഡലങ്ങളിലെ 700 സ്ഥലങ്ങളിലായാണ് സര്‍വേ സംഘടിപ്പിച്ചത്.
Next Story

RELATED STORIES

Share it