മോദിയുടെ അവകാശവാദം പെരുപ്പിച്ചത്3.1 കോടി വീടുകള്‍ക്കും വൈദ്യുതിയില്ല

ന്യൂഡല്‍ഹി: രാജ്യത്ത് വൈദ്യുതി എത്താത്ത 18,452 ഗ്രാമങ്ങളില്‍ 17,181ലും വൈദ്യുതി എത്തിച്ച് രാജ്യത്തെ സമ്പൂര്‍ണ വൈദ്യുതീകരണമാക്കിയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദത്തില്‍ പിഴവുകള്‍ ചൂണ്ടിക്കാട്ടി റിപോര്‍ട്ടുകള്‍. കേന്ദ്രത്തിന്റെ നിര്‍വചന പ്രകാരം ഒരു ഗ്രാമത്തിലെ 10 ശതമാനം വീടുകളും സ്‌കൂള്‍, ആശുപത്രി തുടങ്ങിയ പൊതുസ്ഥാപനങ്ങളിലും വൈദ്യുതി എത്തിയാല്‍ ആ ഗ്രാമത്തെ സമ്പൂര്‍ണ വൈദ്യുതീകരണം കൈവരിച്ചതായാണു കണക്കാക്കുന്നത്.
ഇപ്രകാരം, രാജ്യം 100 ശതമാനം വൈദ്യുതീകരണം നേടിയാലും സര്‍ക്കാര്‍ കണക്കു പ്രകാരം 3.1 കോടി  വീടുകള്‍ക്കും വൈദ്യുതി ഉണ്ടാവില്ലെന്നും റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാര്‍ വരുന്നതിനു മുമ്പ് 60 ശതമാനമായിരുന്നു സമ്പൂര്‍ണ വൈദ്യുതീകരണം. മോദി സര്‍ക്കാര്‍ വന്നതിനുശേഷം ഇവിടങ്ങളില്‍ വൈദ്യുതീകരണം 80 ശതമാനത്തിലെത്താനേ സാധിച്ചിട്ടുള്ളൂ. 2005 മുതല്‍ 2014 വരെ യുപിഎ സര്‍ക്കാര്‍ രാജ്യത്തെ വീടുകള്‍ക്ക് 20 ദശലക്ഷം ഗാര്‍ഹിക കണക്ഷനുകളാണ് അനുവദിച്ചത്. ഇതില്‍ 19 ദശലക്ഷം കണക്ഷനുകളും സൗജന്യമായിരുന്നു.  യുപിഎ സര്‍ക്കാര്‍ വര്‍ഷത്തില്‍ 12030 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ചപ്പോള്‍ മോദി സര്‍ക്കാരിന് എത്തിക്കാന്‍ കഴിഞ്ഞത് 4842 ഗ്രാമങ്ങളില്‍ മാത്രം.
പദ്ധതികള്‍ ഇങ്ങനെ ഇഴഞ്ഞുപോവുകയാണെങ്കില്‍ മോദി സര്‍ക്കാരിന്റെ കാലാവധി കഴിയാറാവുമ്പോഴേക്കും മുഴുവന്‍ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കാന്‍ സാധിക്കില്ല. കൂടാതെ തിരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കാന്‍ ധൃതിപിടിച്ച് തീവ്ര വൈദ്യുതീകരണ പദ്ധതികള്‍ മാത്രമാണു കേന്ദ്രം ചെയ്യുന്നതെന്നും ആരോപണമുണ്ട്.  യുപിഎ സര്‍ക്കാര്‍ പദ്ധതിയായ രാജീവ്ഗാന്ധി വൈദ്യുതീകരണ്‍ യോജന പേരുമാറ്റി ദീന്‍ദയല്‍ ഉപാധ്യായ ഗ്രാം ജ്യോതി യോജനയാക്കി ക്രെഡിറ്റ് സ്വന്തമാക്കുക മാത്രമാണു മോദി സര്‍ക്കാര്‍ ചെയ്തതെന്നും റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it