മോദിയുടെ അപ്രതീക്ഷിത പാക് സന്ദര്‍ശനം; ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ്സ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാക് സന്ദര്‍ശനം ഒരു സാഹസമായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. ഈ സാഹസം ദേശീയ സുരക്ഷയില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. ഇപ്പോഴും ഇന്ത്യ-പാകിസ്താന്‍ ബന്ധത്തില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല. എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോ എന്നു പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും തിവാരി പറഞ്ഞു.
സംഭവം ഞെട്ടലുണ്ടാക്കിയെന്ന് ജെഡിയു വ്യക്തമാക്കി. അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പാകിസ്താന്‍ ഉറപ്പുകള്‍ ലംഘിക്കുകയാണ്. ഒരു ജവാന്റെ തല അറുത്ത സംഭവംവരെയുണ്ടായി. സൗഹൃദവും വഞ്ചനയും കൈകോര്‍ത്ത് മുന്നോട്ടുപോകാനാവില്ലെന്നും ജെഡിയു നേതാവും രാജ്യസഭാ എംപിയുമായ കെ സി ത്യാഗി പറഞ്ഞു. അതിനിടെ പ്രധാനമന്ത്രിയുടെ പാക് സന്ദര്‍ശനത്തെ സിപിഐ സ്വാഗതം ചെയ്തു.
ഇന്തോ-പാക് ബന്ധത്തില്‍ ഏറെ വിഷമതകളുണ്ട്. ദേശീയസുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിനും വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സന്ദര്‍ശനത്തിനും ശേഷം മഞ്ഞുരുകാന്‍ തുടങ്ങിയിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ കൂടുതല്‍ പ്രതീക്ഷ കൈവന്നതായും സിപിഐ ദേശീയ സെക്രട്ടറി ഡി രാജ വ്യക്തമാക്കി. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ മനസ്സിലാക്കാനും പരസ്പരവിശ്വാസമാര്‍ജിക്കാനും ഈ സന്ദര്‍ശനംകൊണ്ടു സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശാവഹമായ നീക്കമെന്നാണ് ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ മിര്‍വായിസ് ഉമര്‍ ഫറൂഖ് മോദിയുടെ പാക് സന്ദര്‍ശനത്തെ വിശേഷിപ്പിച്ചത്. എന്നാല്‍, ഇരുരാജ്യങ്ങളും കശ്മീര്‍ വിഷയത്തെ അഭിമുഖീകരിക്കാന്‍ തയ്യാറാവണമെന്നും ഹുര്‍രിയത്ത് നേതാക്കള്‍ ആവശ്യപ്പെട്ടു. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ ഉടന്‍ തന്നെ നിലപാട് വ്യക്തമാക്കുമെന്നാണു പ്രതീക്ഷയെന്നും ഉമര്‍ ഫറൂഖ് പറഞ്ഞു.
അതിനിടെ, ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും വീണ്ടും ഒന്നിക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് പറഞ്ഞു. മോദിയുടെ പാക് സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ അദ്ദേഹത്തിന്റെ കോലം കത്തിച്ചു. സാമൂഹികമാധ്യമങ്ങളില്‍ ചിത്രം വരാന്‍വേണ്ടിയാണ് മോദി പാകിസ്താന്‍ സന്ദര്‍ശിച്ചതെന്നായിരുന്നു ഭരണകക്ഷിയായ ശിവസേനയുടെ പരിഹാസം.
Next Story

RELATED STORIES

Share it