'മോദിനോമിക്‌സി'ന്റെ ചുരുളഴിയുന്നു

മോദിനോമിക്‌സിന്റെ ചുരുളഴിയുന്നു
X
narendra-modi

പ്രഫ. കെ അരവിന്ദാക്ഷന്‍

കള്ളപ്പണവും കള്ളനോട്ടും സമ്പദ്‌വ്യവസ്ഥയില്‍ നിന്നു തുടച്ചുനീക്കാനും അഴിമതിക്ക് അറുതിവരുത്താനും രൂപം നല്‍കപ്പെട്ടതെന്നു പറഞ്ഞാണല്ലോ പ്രധാനമന്ത്രി മോദി ടിവി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട് നോട്ട് പിന്‍വലിക്കല്‍ (ഡിമോണിറ്റൈസേഷന്‍) പ്രഖ്യാപനം നടത്തിയത്. അതു പ്രാവര്‍ത്തികമാക്കിയതില്‍ സംഭവിച്ച പാളിച്ചകള്‍ക്കെതിരേ രൂക്ഷമായ വിമര്‍ശനം, ബിജെപിക്ക് അകത്തു നിന്നും സഖ്യകക്ഷികളില്‍ നിന്നും പുറത്തുള്ള പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും തുടരുകയാണിപ്പോഴും.

modinomics_03_05_2014

മോദിയുടെ നയത്തിന്റെ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പിന്തുണയ്ക്കുന്ന നിഷ്പക്ഷവാദികള്‍ക്കു പോലും തങ്ങളുടെ നിലപാട് താമസിയാതെ തിരുത്തേണ്ടിവന്നു. മോദിയുടെ നയത്തിന് ഉദ്ദേശ്യശുദ്ധിയില്ലെന്നു വെളിവാക്കപ്പെട്ടു. ഇതിനിടെയാണ് ജനഹിതം നേരിട്ടറിയാനെന്ന പ്രഖ്യാപനത്തോടെ പ്രധാനമന്ത്രിയുടെ 'ആപ്പി'ല്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇന്ത്യന്‍ ജനതയോട് അഭ്യര്‍ഥിച്ചത്.

മൊത്തം ജനസംഖ്യയുടെ 74 ശതമാനം മാത്രം സാക്ഷരതയുള്ള ജനസമൂഹത്തോടാണ് പ്രധാനമന്ത്രി ഈ അഭ്യര്‍ഥന നടത്തിയത് എന്നോര്‍ക്കുക. ഇവിടം കൊണ്ടും തീര്‍ന്നില്ല ഈ തമാശ. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞപ്പോള്‍ അതാ ഒരു വാര്‍ത്ത വരുന്നു. 'ആപ്പി'ല്‍ ഡിമോണിറ്റൈസേഷന് അനുകൂലമായി പ്രതികരിച്ചവര്‍ ജനസംഖ്യയുടെ 82 ശതമാനം വരുമെന്ന്! ഇന്ത്യയിലെ നിരാലംബരായ ജനങ്ങളെ    modino-1അവഹേളിക്കുന്നതിനുപരി, ഇന്ത്യന്‍ ഭരണാധികാരിയുടെ അജ്ഞത ആഗോളതലത്തില്‍ തന്നെ വിളംബരം ചെയ്യുന്ന നടപടിയാണിതെന്ന് വിശേഷിപ്പിക്കേണ്ടിവന്നതില്‍ ഖേദമുണ്ട്.

അതേയവസരത്തില്‍, ഈ താളംതെറ്റിയ നയത്തിന്റെ പേരില്‍, മനസ്ഥാപത്തിന്റെ ലാഞ്ഛന പോലുമില്ലാതെ മോദി ഇന്ത്യന്‍ ജനതയെ സാമ്പത്തികമായി ശാക്തീകരിക്കാനുള്ള തന്റെ ശ്രമങ്ങള്‍ തുടരുക തന്നെ ചെയ്യുമെന്ന് ആവര്‍ത്തിക്കുകയാണ്. ഏഷ്യയിലെ മൂന്നാമത്തെ വലിയ രാജ്യമായ ഇന്ത്യയെ പരിപൂര്‍ണമായി പുനസ്സംഘടിപ്പിക്കുകയാണ് തന്റെ ദൗത്യമെന്നാണ് മോദിയുടെ ഉറച്ച നിലപാട്. ഇതിലേക്കായി ഘടനാപരമായ പരിഷ്‌കാരങ്ങളുടെ ഒരു പരമ്പര തന്നെ തന്റെ മനസ്സിലുണ്ടെന്നും അതിലൊന്നു മാത്രമാണ് കള്ളപ്പണമുക്തമായൊരു ഇന്ത്യ സൃഷ്ടിക്കുകയെന്നതെന്നും ഡിമോണിറ്റൈസേഷന്‍ അതിന്റെ സൂചന മാത്രമാണെന്നും നരേന്ദ്രമോദി അടിവരയിട്ടു പറയുന്നു.

പണമില്ലാത്തൊരു വിനിമയ വ്യവസ്ഥയാണ് കള്ളപ്പണത്തിനെതിരായ ശക്തമായ ആയുധവും പാതയുമെന്ന് മോദിയുടെ ഉപദേഷ്ടാക്കളായ നീതി ആയോഗ് തലവന്‍ ഡോ. അരവിന്ദ് പനഗാരിയയും സാമ്പത്തികോപദേഷ്ടാവ് ഡോ. അരവിന്ദ് സുബ്രഹ്മണ്യവും നീതി ആയോഗ് സിഇഒ അമിതാഭ് കാന്തും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോടൊപ്പം വാദിക്കുകയാണ്. 'ഡിജിറ്റല്‍ ഇന്ത്യ' എന്ന മോദിയുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞാല്‍ (?) ഈ ലക്ഷ്യവും നേടാന്‍ സാധ്യമായേക്കാം. എന്നാല്‍, അതുവരെയെങ്കിലും ബഹുഭൂരിഭാഗം ഇന്ത്യന്‍ ജനതയ്ക്കും സുപരിചിതവും സ്വീകാര്യവുമായ കറന്‍സി വിനിമയ വ്യവസ്ഥ തുടരുന്നതല്ലേ കരണീയം?

ഡിജിറ്റലൈസേഷന്‍ സാര്‍വത്രികമാക്കുന്നതുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്ന പുകിലുകള്‍ വരാനിരിക്കുന്നതേയുള്ളൂ. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ സ്വീകരിച്ചൊരു തീരുമാനമായിരുന്നല്ലോ ആസൂത്രണ കമ്മീഷന്‍ തന്നെ ഇല്ലാതാക്കുക എന്നത്. എന്നിരുന്നാല്‍ത്തന്നെയും, തത്ത്വത്തിലെങ്കിലും 12ാം പദ്ധതി ഒരു വര്‍ഷത്തേക്കു കൂടി തുടരാനിടയുണ്ട്. ആസൂത്രണ കമ്മീഷനു പകരം 'നാഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ട്രാന്‍സ്‌ഫോമിങ് ഇന്ത്യ' (നീതി ആയോഗ്) എന്ന സംവിധാനമാണ് ഇപ്പോള്‍ നിലവിലുള്ളത്. സ്വതന്ത്ര പദവിയും അധികാരാവകാശങ്ങളുമുണ്ടായിരുന്ന ആസൂത്രണ കമ്മീഷന്‍ എന്ന ദേശീയ സംവിധാനം ഇപ്പോള്‍ വെറുമൊരു ഡിപാര്‍ട്ട്‌മെന്റിന്റെ നിലവാരത്തിലേക്ക് തരംതാഴ്ത്തപ്പെട്ടിരിക്കുകയാണ്.

നീതി ആയോഗിന്റെ തലവനായ ഡോ. അരവിന്ദ് പനഗാരിയ ഉപാധ്യക്ഷനായി ഉണ്ടെങ്കിലും സുപ്രധാന തീരുമാനങ്ങളെല്ലാം പ്രധാനമന്ത്രിയില്‍ നിന്നും അദ്ദേഹത്തിന്റെ ഓഫിസില്‍നിന്നുമാണ്. വരുംവര്‍ഷങ്ങളില്‍ പഞ്ചവല്‍സര പദ്ധതികള്‍ക്കു ബദലായി 15 വര്‍ഷം ദൈര്‍ഘ്യമുള്ള ദീര്‍ഘകാല പദ്ധതികളായിരിക്കും രൂപപ്പെട്ടുവരുക.

make-in-india

മൗലികമായ ഈ ചുവടുമാറ്റം പ്രധാനമന്ത്രി മോദി തന്നെയായിരിക്കും അടുത്തവര്‍ഷം ഔദ്യോഗികമായി പ്രഖ്യാപിക്കുക. എല്ലാം തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും നരേന്ദ്രമോദിയെന്ന അധികാരകേന്ദ്രത്തില്‍ തന്നെ. ഇത്തരമൊരു പശ്ചാത്തലത്തില്‍ നമുക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നൊരു ചോദ്യം, ഇത്തരം മാറ്റങ്ങള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെയും ഇന്ത്യന്‍ ജനതയുടെയും മേല്‍ എന്തെല്ലാം ആഘാതമായിരിക്കും ഏല്‍പിക്കുക എന്നതാണ്.

പരമ്പരാഗത ശൈലി അനുസരിച്ച്, ബജറ്റില്‍ പദ്ധതിച്ചെലവുകളുടെ ഭാഗമെന്ന നിലയില്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കുക പതിവാണ്. പദ്ധതിയേതര ചെലവുകളില്‍ ഉള്‍പ്പെടുക, വിവിധ സ്ഥാപനങ്ങളുടെ തേയ്മാനച്ചെലവുകള്‍, ശമ്പളവും വേതനവും പോലുള്ള ചെലവുകള്‍ തുടങ്ങിയവയായിരിക്കും. അതായത്, വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് ബജറ്റ് രേഖ പുറത്തുവരുന്നതു വരെ കാത്തിരിക്കേണ്ടിവരുമായിരുന്നു. രാഷ്ട്രീയ പരിഗണനകള്‍ മുന്‍നിര്‍ത്തി ഇതിനൊന്നും കഴിയുമായിരുന്നില്ല. എന്നാല്‍, വരുംനാളുകളില്‍ സ്ഥിതി ഇതായിരിക്കില്ല.

bhimapp

അടുത്ത ബജറ്റ് റവന്യൂ വരുമാനവും ചെലവും പൊരുത്തപ്പെടുത്തുന്ന വിധത്തിലുള്ള പൊതു ധനകാര്യ മാനേജ്‌മെന്റ് മാതൃകയായിരിക്കും സ്വീകരിക്കുക. ഇതിലൂടെ ലക്ഷ്യമിടുന്നത് ബജറ്റിന്റെ പരിധിയില്‍ നിന്ന് നയങ്ങള്‍, പദ്ധതികള്‍, പരിഷ്‌കാരങ്ങള്‍ എന്നിവയെല്ലാം വേര്‍പെടുത്തുക എന്നതാണ്.

വെറും വരവ്-ചെലവ് കണക്കുകളുടേതായൊരു ധനകാര്യ കസര്‍ത്ത്! സമ്പദ്‌വ്യവസ്ഥ അഭിമുഖീകരിക്കുന്ന മൗലിക സാമ്പത്തിക, സാമൂഹികപ്രശ്‌നങ്ങളോ സാമ്പത്തിക, സാമൂഹിക അസമത്വങ്ങളോ പരിഹരിക്കുന്നതിന് കാര്യമായ പ്രത്യേക പരിഗണനയൊന്നും ലഭിക്കാനിടയില്ല. കേന്ദ്ര ധനമന്ത്രിയാണെങ്കിലോ, ഒരു 'കണക്കപ്പിള്ള' മാത്രവുമായിരിക്കും. നീതി ആയോഗിന്റെ സിഇഒ അമിതാഭ് കാന്ത് അഭിപ്രായപ്പെടുന്നത് ഇങ്ങനെ: ''ഘടനാപരമായ മാറ്റങ്ങളാണ് സമ്പദ്‌വ്യവസ്ഥയില്‍ അനിവാര്യമായിരിക്കുന്നത്. പൊതു നിക്ഷേപ വര്‍ധനയല്ല, പരമ്പരാഗത പ്രവര്‍ത്തന-നിക്ഷേപ മാതൃകകളിലുള്ള സമൂലമായ ഉടച്ചുവാര്‍ക്കലാണ് നമുക്കാവശ്യം.'' ഈ വാക്കുകളിലൂടെ പ്രതിഫലിക്കപ്പെടുന്നത് സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിന്റെ തുടക്കത്തില്‍, ആദ്യത്തെ ഒന്നരപ്പതിറ്റാണ്ടില്‍, പണ്ഡിറ്റ് നെഹ്‌റുവില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നടപ്പാക്കിയ ആസൂത്രണം അടക്കമുള്ള പരിഷ്‌കാരങ്ങള്‍ അപ്പാടെ തള്ളിക്കളയണമെന്ന മോദിയുടെ കാഴ്ചപ്പാടാണ്. ഈ കാഴ്ചപ്പാട് 'മോദിനോമിക്‌സ്' എന്നു വിശേഷിപ്പിക്കുന്നതായിരിക്കും ശരിയാവുക.

ഇതിന്റെ കാതലായ ഭാഗം സമ്പദ്‌വ്യവസ്ഥയെ മാത്രമല്ല, ഇന്ത്യന്‍ ജനതയെയും പരീക്ഷണങ്ങളുടെ ഒരു നീണ്ട പരമ്പരയ്ക്കു തന്നെ വിധേയമാക്കുക എന്നാണ്. അടുത്ത ബജറ്റിന്റെ മറ്റൊരു സവിശേഷത, വരാനിരിക്കുന്ന മൂന്നു വര്‍ഷത്തേക്കുള്ള പ്രധാന പദ്ധതികള്‍ക്ക് ആവശ്യമായ ചെലവുകളിലേക്ക് വിരല്‍ചൂണ്ടുക എന്നതാവും. ഭാവി പദ്ധതിച്ചെലവുകള്‍ സംബന്ധമായ മുന്‍കൂര്‍ ധാരണകള്‍ ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.  പ്രത്യേക റെയില്‍വേ ബജറ്റ് വേണ്ടെന്നുവയ്ക്കുക വഴി ഓരോ വര്‍ഷവും കേന്ദ്ര ഖജനാവിലേക്ക് 10,000 കോടി രൂപ റെയില്‍വേ നല്‍കുക എന്ന രീതി ഒഴിവാക്കുകയും ഈ തുക കൂടി റെയില്‍വേ വികസനത്തിനായി വിനിയോഗിക്കുകയും ചെയ്യാം. ഈ മാറ്റത്തിന്റെ ഗുണദോഷങ്ങള്‍ക്കായി കാത്തിരിക്കുക തന്നെ.

ഒരു കാര്യം വ്യക്തമാണ്: സമ്പത്തിന്റെ കേന്ദ്രീകരണ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടും. 2017-18ലേക്കുള്ള ബജറ്റില്‍ വിഭാവന ചെയ്യുന്ന മറ്റൊരു പരിഷ്‌കാരം, ചരക്കു സേവന നികുതി (ജിഎസ്ടി) യാഥാര്‍ഥ്യമാക്കുകയാണ്. എന്നാല്‍ ഇക്കാര്യം ഇന്നും അനിശ്ചിതത്വത്തില്‍ തുടരുകയാണ്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ഈ നിയമത്തിന് നിയമസാധുത നല്‍കാന്‍ അവസരം ഉണ്ടാവാനിടയില്ല. ജിഎസ്ടി നിലവില്‍ വന്നാല്‍, നിരവധി പരോക്ഷ നികുതികള്‍- സിഗരറ്റ് മുതല്‍ ഷൂസ് വരെ- ബജറ്റിന്റെ ഭാഗമായ നികുതി വ്യവസ്ഥയില്‍ നിന്ന് വേര്‍പെടുത്തപ്പെടും. പരോക്ഷനികുതി നിരക്കുകളില്‍ ബജറ്റിന്റെ ഭാഗമായി മാറ്റം വരുത്തുമ്പോള്‍ അതെല്ലാം ജനശ്രദ്ധയില്‍ വരുക എളുപ്പമാവുമായിരുന്നു. ജിഎസ്ടി നിലവില്‍ വന്നാല്‍ ഇതില്‍ മാറ്റം വരും. വാര്‍ഷിക ബജറ്റ് ഫലത്തില്‍ വെറുമൊരു വാര്‍ഷിക വരവ്-ചെലവ് കണക്കുകളുടെ സ്റ്റേറ്റ്‌മെന്റായി ചുരുങ്ങിപ്പോവും. ഇതിന്റെ ഉള്ളുകള്ളികള്‍ സാധാരണക്കാരന് പിടികിട്ടുകയുമില്ല.

ഇത്തരമൊരു സൗകര്യം മുന്നില്‍ക്കണ്ടു തന്നെയാണ് നരേന്ദ്രമോദി അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എതിര്‍ത്തിരുന്ന ജിഎസ്ടിയോട് ഇത്രയേറെ മമത പുലര്‍ത്തിവരുന്നതും. ജിഎസ്ടി നിയമം പ്രതിസന്ധിയിലായതോടെ ബജറ്റും കുരുക്കിലായിരിക്കുന്നു.

നോട്ട് അസാധുവാക്കലിന്റെ ദുരന്തഫലങ്ങള്‍ക്കു പുറമെയാണ് ഈ കുരുക്ക്.  കറന്‍സിയുടെ ഒഴുക്ക് ഒരുവിധത്തിലും തടയപ്പെടരുത്. ഇക്കാര്യത്തില്‍ നിരക്ഷരരും ശുദ്ധഗതിക്കാരുമായ ഗ്രാമീണ ജനസമൂഹം വികാരങ്ങള്‍ക്ക് എളുപ്പത്തില്‍ ഇരയായിത്തീരുമെന്ന് ഉറപ്പാണ്. കാഷ് അടിസ്ഥാനമായ ഇടപാടുകള്‍ക്കു പകരം 'കാഷ്‌ലെസ് ഇക്കോണമി', 'കാഷ്‌ലെസ് സൊസൈറ്റി' എന്നൊക്കെ കേള്‍ക്കുമ്പോള്‍ അവര്‍ നിസ്സഹായരാവുകയേയുള്ളൂ. കര്‍ണാടക, തമിഴ്‌നാട്, കേരളം തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത വരള്‍ച്ചയുടെ നാളുകളാണ് വരാനിരിക്കുന്നത്. മഴയുടെ ലഭ്യതയില്‍ ഇവിടങ്ങളില്‍ 69 ശതമാനം മുതല്‍ 83 ശതമാനം വരെയാണ് ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ കുറവ് ഉണ്ടായിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ പോലും 69 ശതമാനമാണ് ജലലഭ്യതയില്‍ കുറവുണ്ടായിരിക്കുന്നത്. മോദി സര്‍ക്കാര്‍ പൊതുവില്‍ പ്രകടമാക്കുന്ന രാഷ്ട്രീയ വിവേചനം ഒഴിവാക്കണമെന്നും അടിയന്തരമായി സമഗ്ര വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ കര്‍ഷക-ഗ്രാമീണ ജനതയ്ക്ക് ലഭ്യമാക്കണമെന്നുമാണ് ഈ സംസ്ഥാനങ്ങള്‍ ഏകസ്വരത്തില്‍ ആവശ്യപ്പെടുന്നത്. കേരളത്തിലെ സഹകരണമേഖല മൊത്തത്തിലും സഹകരണ ബാങ്കിങ് മേഖല വിശേഷിച്ചും ബിജെപി-സംഘപരിവാര ശക്തികളുടെ നിയന്ത്രണത്തിനപ്പുറമാണെന്ന ബോധ്യമുള്ളതിനെ തുടര്‍ന്ന്, സഹകരണ പ്രസ്ഥാനത്തെ ആകെ തന്നെ നശിപ്പിക്കാനുള്ള സംഘടിത നീക്കമാണല്ലോ നടന്നുവരുന്നത്. കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്ത കുറ്റം ആരോപിക്കപ്പെട്ട് സഹകരണ ബാങ്കുകള്‍ക്ക് പണമിടപാടുകള്‍ക്ക് വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരിക്കയാണല്ലോ. അതേയവസരത്തില്‍ കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ പിഴ ചുമത്തപ്പെട്ട ഒരു ഡസനോളം ദേശസാല്‍കൃത ബാങ്കുകളും നിരവധി പുതുതലമുറ ബാങ്കുകളും ഇത്തരം വിലക്കുകളില്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തനം നടത്തിവരുകയുമാണ്. മോദിനോമിക്‌സിന്റെ ഇരട്ടമുഖമാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.

മോദി സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത് 500, 1000 രൂപ നോട്ടുകളായിരുന്നെങ്കില്‍, സാധുവായ 100 രൂപ നോട്ടുകളിലേറെയും പ്രചാരത്തില്‍ നിന്നു സ്വയം പിന്‍വലിക്കപ്പെട്ടതായാണ് അനുഭവം. പുതുതായി പുറത്തിറക്കിയ 500 രൂപ നോട്ടുകള്‍ കാണാന്‍ സാധ്യവുമല്ലാതായിരിക്കുന്നു. ഔദ്യോഗികമായി പുറത്തുവന്നിരിക്കുന്ന ഒരു റിപോര്‍ട്ട് നല്‍കുന്ന സൂചന, പുതുതലമുറ ബാങ്കുകളായ ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ ഉള്‍പ്പെടെയുള്ള ബാങ്കിങ് സ്ഥാപനങ്ങളുടെ ഇടപാടുകളുമായി ബന്ധപ്പെട്ട് 100 കോടി രൂപയുടെ പുതിയ 2000, 500 രൂപ നോട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നതാണ്. അതേസമയം, ബാങ്കുകളിലും എടിഎമ്മുകളിലും നീണ്ട നിരകള്‍ കാണപ്പെടുന്നുമുണ്ട്. സ്വന്തം പണം പിന്‍വലിക്കാനുള്ള പെടാപ്പാടാണിത്. മറ്റൊരു കണക്ക്, 156 കോടി രൂപയിലേറെ മൂല്യമുള്ള പുതിയ കറന്‍സികള്‍ ഇതിനകം തന്നെ പിടിച്ചെടുത്തുകഴിഞ്ഞിട്ടുണ്ടെന്നാണ്. ഇത്രയും തുക ബാങ്കുകളിലോ എടിഎമ്മുകളിലോ ഉണ്ടാവുമായിരുന്നെങ്കില്‍ 'ക്യൂ'വില്‍ നില്‍ക്കാന്‍ വിധിക്കപ്പെട്ട 7,80,000 പേര്‍ക്ക് 2,000 രൂപ വീതം ലഭിക്കുമായിരുന്നു. അല്ലെങ്കില്‍ 6,381 വിവാഹങ്ങള്‍ നടത്താനായി 2.5 ലക്ഷം രൂപ നിരക്കില്‍ വിനിയോഗിക്കാന്‍ കഴിയുമായിരുന്നു.

കറന്‍സി നോട്ടുകള്‍ക്കു പുറമെ കിലോക്കണക്കിന് സ്വര്‍ണവും പിടിച്ചെടുത്തിട്ടുള്ളതായി അറിയുന്നു.മോദിനോമിക്‌സിന് മറ്റൊരു മുഖം കൂടിയുണ്ട്. 14ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശയുടെ മറപിടിച്ച് സംസ്ഥാനങ്ങളെ വെട്ടിലാക്കുക എന്ന തന്ത്രം ഉടനടി നടപ്പാക്കാനാണ് മോദി-ജെയ്റ്റ്‌ലി സഖ്യത്തിന്റെ ലക്ഷ്യം. കേന്ദ്ര നികുതിവരുമാനത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം 32ല്‍ നിന്ന് 42 ശതമാനമായി ഉയര്‍ത്തുക എന്നതാണ് കമ്മീഷന്റെ ശുപാര്‍ശ. സംസ്ഥാനങ്ങള്‍ ഈ ശുപാര്‍ശകള്‍ക്ക് അനുകൂലമാണെങ്കിലും ഇതിന്റെ ഫലമായി മറ്റൊരുവിധ സാമ്പത്തിക ആനുകൂല്യത്തിനും സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതയുണ്ടാവില്ല എന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. ഏതുവിധത്തിലുള്ള ധനകാര്യ പ്രതിസന്ധിയായിരുന്നാലും കേന്ദ്രസഹായത്തിന് കൈ നീട്ടേണ്ടതില്ല. കേന്ദ്രസര്‍ക്കാരിന്റെ ഈ കടുംപിടിത്ത നിലപാടിനെതിരായ പ്രതികരണമാണ് ജിഎസ്ടി ബില്ലിനോട് കേരളം അടക്കമുള്ള നിരവധി സംസ്ഥാനങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ മേല്‍ സ്വന്തം ആധിപത്യം സ്ഥാപിച്ചെടുക്കാന്‍ നരേന്ദ്രമോദി ഏതാനും ചില രാഷ്ട്രീയപരിഷ്‌കാരങ്ങള്‍ക്കു കൂടി കോപ്പുകൂട്ടുന്നുണ്ട്. ഇതിലൊന്നാണ് കേന്ദ്രത്തിലേക്കും സംസ്ഥാനങ്ങളിലേക്കുമുള്ള ലോക്‌സഭ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരേസമയത്ത് നടത്താന്‍ ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പു പരിഷ്‌കാരങ്ങള്‍ക്കു രൂപം നല്‍കുന്ന നടപടി. നീതി ആയോഗാണ് ഇതിന്റെ ബുദ്ധികേന്ദ്രം.

ഈ ആശയം പുതിയതല്ല. 1999ല്‍ നിയമ കമ്മീഷന്‍ അധ്യക്ഷനായ ബി പി ജീവന്‍ റെഡ്ഡി 'റിപോര്‍ട്ട് ഓണ്‍ റിഫോം ഓഫ് ഇലക്ടറല്‍ ലോസ്' എന്ന പേരില്‍ ഒരു രേഖ- ഈ പരമ്പരയില്‍ 170ാം ഇനമായിരുന്നു ഇത്- പ്രസിദ്ധീകരിച്ചിരുന്നു. വ്യത്യസ്ത ഘട്ടങ്ങളിലായി നിയമസഭ-ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിലൂടെ ഭാരിച്ച സാമ്പത്തികനഷ്ടവും അധ്വാനനഷ്ടവും സമയനഷ്ടവുമാണ് ഉണ്ടാവുന്നതെന്ന് നീതി ആയോഗ് അംഗമായ ബിബേക് ഡെബ്‌റോയ് അഭിപ്രായപ്പെടുന്നു. ഇതു കൂടി ആയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫാഷിസ്റ്റ് ഭരണ അജണ്ടയ്ക്ക് ഒരു അധിക ബലം കൂടിയായി എന്നതാണ് യാഥാര്‍ഥ്യം. ഇത് എത്രത്തോളം വിജയിക്കുമെന്ന് തീര്‍ത്തുപറയാന്‍ കഴിയില്ലെങ്കിലും ഇതിന് തുടക്കംകുറിക്കുമെന്ന് ഉറപ്പിക്കാം.                     (കടപ്പാട്: ജനശക്തി, 2017 ജനുവരി 16)
Next Story

RELATED STORIES

Share it