മോദിക്ക് ഇരുവശവും അഴിമതിക്കാരെന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നുണകള്‍ പ്രചരിപ്പിക്കുന്നു: നരേന്ദ്രമോദി

ന്യൂഡല്‍ഹി: നുണകളും തെറ്റായ വാര്‍ത്തകളും പ്രചരിപ്പിച്ച് കോണ്‍ഗ്രസ് രാജ്യത്ത് വിഭജനം സൃഷ്ടിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനായി ജാതിസമവാക്യങ്ങള്‍ പോലും കോണ്‍ഗ്രസ് ഉപയോഗിക്കുന്നതായി മോദി കുറ്റപ്പെടുത്തി.
കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപി സ്ഥാനാര്‍ഥികളോടും നേതാക്കളോടും സംവദിക്കുന്നതിനിടെയാണ് മോദി കോണ്‍ഗ്രസ്സിനെ കടന്നാക്രമിച്ചത്. നരേന്ദ്രമോദി ആപ്പി—ലൂടെയായിരുന്നു മോദിയുടെ പരാമര്‍ശം.
എന്നാല്‍, കര്‍ണാടകയില്‍ ബിജെപി ഉയര്‍ത്തുന്നത് വികസനത്തിന്റെ രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ ബിജെപി മുന്നോട്ടുവയ്ക്കുന്നത് മൂന്ന് ആശയങ്ങളാണ്; ഒന്ന് സംസ്ഥാനത്തിന്റെ വികസനം. രണ്ട്, ത്വരിതഗതിയിലുള്ള വികസനം. മൂന്ന്, സംസ്ഥാനത്തിന്റെ സമഗ്ര വികസനം എന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിനു മുമ്പ് ചില സമുദായങ്ങളുടെ വികാരങ്ങള്‍ ചൂഷണം ചെയ്യുകയും തിരഞ്ഞെടുപ്പിനു ശേഷം അവരെ മറക്കുകയും ചെയ്യുന്നതാണ് കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനശൈലിയെന്നും മോദി കുറ്റപ്പെടുത്തി. പ്രസംഗത്തില്‍ കര്‍ണാടക സര്‍ക്കാരിനെതിരേ അഴിമതി ആരോപണം മോദി ഉന്നയിച്ചു. സംസ്ഥാനത്തെ സിദ്ധരാമയ്യ സര്‍ക്കാര്‍ 10 ശതമാനം കമ്മീഷന്‍ സര്‍ക്കാരാണെന്നായിരുന്നു മോദിയുടെ ആരോപണം.
അതേസമയം, കോണ്‍ഗ്രസ്സിനെതിരായ മോദിയുടെ കടന്നാക്രമണത്തെ അതേ നാണയത്തില്‍ പ്രതിരോധിച്ച് കോ ണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. കര്‍ണാടകയിലെ എട്ടു ബിജെപി സ്ഥാനാര്‍ഥികള്‍പെയ്ഡ് സ്ഥാനാര്‍ഥികളാണെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. എന്നാ ല്‍, ഇവരുടെ പേരു പരാമര്‍ശിക്കാന്‍ രാഹുല്‍ തയ്യാറായില്ല. ചുറ്റും അഴമതിക്കാരെ നിര്‍ത്തിയാണ് കര്‍ണാടകയില്‍ മോദി അഴിമതിയെപ്പറ്റി സംസാരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ പ്രധാനമന്ത്രിയുടെ വലതുവശത്ത് അഴിമതിക്കേസില്‍ ജയിലില്‍ കിടന്ന യദ്യൂരപ്പയാണ്. ഇടതുഭാഗത്ത് ഇതേ ആരോപണവിധേയരായ നാലുപേരും- രാഹുല്‍ പരിഹസിച്ചു. കോടികള്‍ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയെ കുറിച്ച് പ്രതികരിക്കാന്‍ പ്രധാനമന്ത്രി തയ്യാറല്ലെന്നും രാഹുല്‍ ആരോപിച്ചു.
കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് പ്രകടനപ്പത്രിക പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് മംഗളൂരുവില്‍ പുറത്തിറക്കും. അതേസമയം, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ ഡോ. യതീന്ദ്ര മല്‍സരിക്കുന്ന വരുണ മണ്ഡലത്തില്‍ കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ രഹസ്യധാരണയുള്ളതായി ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി ആരോപിച്ചു. നേരത്തേ ജെഡിഎസും ബിജെപിയുമായി തനിക്കെതിരേ രഹസ്യധാരണയുണ്ടാക്കിയതായി സിദ്ധരാമയ്യ ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it