മോദിക്കെതിരേ മുദ്രാവാക്യം വിളിച്ചവരെ പുറത്താക്കി

ന്യൂഡല്‍ഹി: ഹൈദരാബാദിലെ ദലിത് വിദ്യാര്‍ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ലഖ്‌നോയിലെ ബാബാ സാഹേബ് ഭീംറാവു അംബേദ്കര്‍ സര്‍വകലാശാലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ദലിത് വിദ്യാര്‍ഥികളെ സര്‍വകലാശാല ഹോസ്റ്റലില്‍ നിന്നു പുറത്താക്കി. ഹൈദരാബാദ് സര്‍വകലാശാലയില്‍ ദലിത് വിദ്യാര്‍ഥി രോഹിത് ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ ആരോപിതരായ കേന്ദ്രമന്ത്രിമാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിച്ചത്.
ഇതേ തുടര്‍ന്ന് രണ്ടു വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതിഷേധക്കാര്‍ തിരികെ ഹോസ്റ്റലില്‍ എത്തിയപ്പോഴാണ് തങ്ങളെ പുറത്താക്കിയ വിവരം അറിയുന്നത്. പ്രധാനമന്ത്രിക്കെതിരേ പ്രതിഷേധിച്ചതിനുള്ള ശിക്ഷാ നടപടിയാണെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കിയെന്ന് അറസ്റ്റിലായ വിദ്യാര്‍ഥി രാം കിരണ്‍ നിര്‍മല്‍ പറഞ്ഞു. സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പ്രധാനമന്ത്രി പ്രസംഗിക്കാന്‍ തുടങ്ങിയതോടെയാണ് മുദ്രാവാക്യങ്ങള്‍ മുഴക്കി വിദ്യാര്‍ഥികള്‍ പ്രതിഷേധം ആരംഭിച്ചത്. ഉടനെ പോലിസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയെങ്കിലും പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടു. ഇതിനു ശേഷം ക്രമസമാധാനം തകര്‍ത്തു എന്ന കുറ്റം ചുമത്തി ഐപിസി 151ാം വകുപ്പ് പ്രകാരം കേസെടുത്ത പോലിസ് വൈകുന്നേരത്തോടെ സ്വന്തം ജാമ്യത്തില്‍ വിടുകയായിരുന്നു.
രോഹിത് വെമുലയുടെ മരണത്തില്‍ നരേന്ദ്ര മോദി വച്ചുപുലര്‍ത്തുന്ന മൗനം സഹിക്കാന്‍ പറ്റാതെയാണ് പ്രതിഷേധം ഉയര്‍ത്തിയതെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. രണ്ടു ദിവസത്തെ ബുക്കിങ് ഉണ്ടായിട്ടു കൂടി രാത്രിയില്‍ ഹോസ്റ്റലില്‍ കയറാന്‍ അനുവദിച്ചില്ല. ഹോസ്റ്റല്‍ മുറിക്കായി 200 രൂപ ഡെപ്പോസിറ്റ് അടച്ചിരുന്നെന്നും നിര്‍മല്‍ പറഞ്ഞു. ബില്ലിന്റെ കോപ്പികളുണ്ടായിരുന്നിട്ടും രാത്രിയില്‍ കൊടും തണുപ്പിലേക്കു തങ്ങളെ ഇറക്കി വിടുകയായിരുന്നു. പ്രധാനമന്ത്രിക്കെതിരേ പ്രതിഷേധിച്ചപ്പോള്‍ സമൂഹത്തില്‍ ഉത്തരവാദിത്തമുള്ള പൗരന്മാരെന്ന തോന്നലാണ് ഉണ്ടായതെന്നും അവര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it