മോദിക്കെതിരേ നടപടി എടുക്കാനാവില്ലെന്ന്

ന്യൂഡല്‍ഹി: 2012ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് വിവാഹിതനാണെന്ന വിവരം നാമനിര്‍ദേശപത്രികയില്‍നിന്നു മറച്ചുവച്ചതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. അഹ്മദാബാദ് സ്വദേശി നിഷാന്ത് വര്‍മ സമര്‍പ്പിച്ച ഹരജി ജസ്റ്റിസ് ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് അഹ്മദാബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചതിനെ ത്തുടര്‍ന്നാണു ഹരജിക്കാരന്‍ സുപ്രിം കോടതിയെ സമീപിച്ചത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോഴാണു മോദി താന്‍ വിവാഹിതനാണെന്ന കാര്യം സമ്മതിച്ചത്.

എന്നാല്‍ ഗുജറാത്തില്‍ നേരത്തെ ഒന്നിലധികം തവണ മുഖ്യമന്ത്രിയായപ്പോഴും നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ രേഖകളിലും വിവാഹിതനാണോ എന്ന കോളം പൂരിപ്പിക്കാതെയാണു മോദി നാമനിര്‍ദേശപത്രിക നല്‍കിയിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണു മോദിക്കെതിരേ നടപടി ആവശ്യപ്പെട്ട് നിഷാന്ത് കോടതിയെ സമീപിച്ചത്. യഥാര്‍ഥ വിവരങ്ങള്‍ മറച്ചുവച്ചതിനാല്‍ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം മോദിക്കെതിരേ നടപടി കൈക്കൊള്ളണമെന്നാണു ഹരജിക്കാരന്റെ ആവശ്യം. എന്നാല്‍, വിവാഹിതനാണെന്ന കാര്യം നേരത്തെ വെളിപ്പെടുത്താത്തതിന്റെ പേരില്‍ ഒരാള്‍ക്കെതിരേ എങ്ങനെ നടപടി സ്വീകരിക്കാനാവുമെന്ന് സുപ്രിംകോടതി ചോദിച്ചു. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ നടപടിയെടുക്കാനാവില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it