മോദിക്കു വേണ്ടി കാത്തിരിക്കാനാവില്ല; അതിവേഗ പാത തുറക്കണം: സുപ്രിംകോടതി

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയിലെ രൂക്ഷമായ വാഹനത്തിരക്കും മലിനീകരണ പ്രശ്‌നങ്ങളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മാണം പൂര്‍ത്തീകരിച്ച അതിവേഗ പാത ഉദ്ഘാടനം നടന്നാലും ഇല്ലെങ്കിലും മെയ് 31ന് മുമ്പായി അതിവേഗ പാത ജനങ്ങള്‍ക്കു തുറന്നുകൊടുക്കണമെന്ന് സുപ്രിംകോടതി ദേശീയ പാത അതോറിറ്റിയോട് നിര്‍ദേശിച്ചു.
ഉദ്ഘാടനം നടത്താതെ വൈകിപ്പിക്കുന്നതില്‍ അതൃപ്തി അറിയിച്ച സുപ്രിം കോടതി ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ കാത്തിരിക്കുന്നതെന്തിനെന്നു ചോദിച്ചു. പാത ജൂണ്‍ ഒന്നിന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ദേശീയപാതാ അതോറിറ്റിയുടെ കീഴില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഈസ്‌റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനം സംബന്ധിച്ചാണ് സുപ്രിംകോടതിയുടെ ഉത്തരവ്. എന്തുകൊണ്ടാണ് ഇതുവരെ ഉദ്ഘാടനം നടത്താത്തതെന്നും ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത് എന്തിനാണെന്നും ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. പ്രധാനമന്ത്രി പാത ഉദ്ഘാടനം ചെയ്യുന്നതുവരെ കാത്തിരിക്കാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
ഏപ്രില്‍ 29ന് എക്‌സ്പ്രസ് വേ ഉദ്ഘാടനം നടത്തുന്നതിന് നിശ്ചയിച്ചിരുന്നതാണെന്നും എന്നാല്‍ പ്രധാനമന്ത്രിയുടെ തിരക്കുമൂലം ഉദ്ഘാടന പരിപാടി റദ്ദാക്കുകയായിരുന്നെന്നും ദേശീയപാത അതോറിറ്റി കോടതിയില്‍ പറഞ്ഞു. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് ഉദ്ഘാടനം നിര്‍വഹിക്കാന്‍ സാധിച്ചില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. അതേ സമയം ഉദ്ഘാടനം നടത്താതെയും പ്രവര്‍ത്തനം ആരംഭിക്കാമെന്നും ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യാതെ മേഘാലയ ഹൈക്കോടതി അഞ്ചുവര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. ഡല്‍ഹിയില്‍ ഗതാഗതത്തിരക്കിന് പരിഹാരമുണ്ടാക്കുക എന്നതാണ് പ്രധാനമെന്നും കാലതാമസമുണ്ടാവുന്നത് ജനങ്ങളുടെ താല്‍പര്യത്തിന് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ആറുവരിയും 135 കിലോമീറ്റര്‍ ദൈര്‍ഘ്യവുമുള്ള സിഗ്‌നല്‍ രഹിത അതിവേഗ പാതയാണ് ഈസ്‌റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ് വേ. ഇത് തുറന്നുകൊടുക്കുന്നതോടെ ഡല്‍ഹിയിലെ ഗതാഗതക്കുരുക്കിനും വായുമലിനീകരണത്തിനും ഒരു ശമനമുണ്ടാവുമെന്നാണു കരുതപ്പെടുന്നത്.
Next Story

RELATED STORIES

Share it