malappuram local

മോദിക്കയം റെഗുലേറ്റര്‍ കം ബ്രിഡ്ജിന് 70 കോടിയുടെ ഭരണാനുമതി



മങ്കട: മണ്ഡലത്തിലെ പ്രധാന കുടിവെള്ള പദ്ധതിയായ മൂര്‍ക്കനാട് പദ്ധതിയുടെ ജല സ്രോതസ്സ് നിലനിര്‍ത്തുന്നതിന് നിലാപറമ്പ് മോദിക്കയം റെഗുലേറ്റര്‍ കം ബ്രിഡ്ജിന് 70 കോടിയുടെ  ഭരണാനുമതി ലഭിച്ചതായി ടി  അഹമ്മദ് കബീര്‍ എംഎല്‍എ അറിയിച്ചു. മൂര്‍ക്കനാട് കുടിവെള്ള പദ്ധതിയുടെ ലക്ഷ്യമനുസരിച്ച് മണ്ഡലത്തിലെ മൂര്‍ക്കനാട്, പുഴക്കാട്ടിരി, കുറുവ, കൂട്ടിലങ്ങാടി, മങ്കട, മക്കരപ്പറമ്പ് എന്നീ പഞ്ചായത്തുകളിലേക്ക് വെള്ളമെത്തിക്കണം. എന്നാല്‍ പദ്ധതിക്ക് വേണ്ടി നിര്‍മിച്ച കിണറില്‍ ആവശ്യത്തിന് വെള്ളം ലഭ്യമാവാത്ത സാഹചര്യത്തിലാണ് കുന്തിപുഴയില്‍ നിലാപറമ്പിന് സമീപം തടയണ നിര്‍മിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ പദ്ധതിക്ക് ആവശ്യമായ വെള്ളം ലഭ്യമാവുകയും പദ്ധതി വിജയിക്കുകയും ചെയ്യും. മൂര്‍ക്കനാട് നിലാകടവിന് താഴെ കിഴ്മുറി കടവില്‍ 160 മീറ്റര്‍ മീളത്തിലും 7.5 മീറ്റര്‍ വീതിയിലുമാണ് ആര്‍സിബി നിര്‍മിക്കുന്നത്. ഇതില്‍ 3.5 മീറ്റര്‍ ഉയരത്തില്‍ 10 കിലോമീറ്റര്‍ നീളത്തില്‍ വെള്ളം കെട്ടിനില്‍ക്കും. ഇതിനാല്‍ മൂര്‍ക്കനാട്, പുലാമന്തോള്‍, പാലക്കാട് ജില്ലയിലെ വിളയൂര്‍, തിരുവേഗപ്പുറ പഞ്ചായത്തുകളിലെ കാര്‍ഷിക ആവശ്യത്തിനും ജലസേചനത്തിനും സൗകര്യമാവും. റഗുലേറ്റര്‍ കം ബ്രിഡ്ജ് യാഥാര്‍ഥ്യമായാല്‍ മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പുതിയ പാതയും തുറക്കും. വെങ്ങാട്-കൈപ്പുറം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന നിര്‍ദിഷ്ട പാലം യാത്രക്കാര്‍ക്കും ഏറെ ഉപകാരപ്പെടും. എംഎല്‍എയുടെ ശ്രമഫലമായി 2017-18 സാമ്പത്തിക വര്‍ഷം ബജറ്റില്‍ പദ്ധതിക്കായി 65 കോടി രൂപ കിഫ്ബിയില്‍ നീക്കിവച്ചു. ഇപ്പോള്‍ അത് 70 കോടിയായി ഉയര്‍ത്തുകയായിരുന്നു. 1996 ലാണ് മൂര്‍ക്കനാട് വില്ലേജില്‍ മാത്രം കുടിവെള്ളമെത്തിക്കുന്നതിന് മൂര്‍ക്കനാട് കുടിവെള്ള പദ്ധതിക്ക് തുടക്കമിടുന്നത്. ആദ്യഘട്ടത്തിന് മൂന്നരക്കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്. തുടര്‍ന്ന് രണ്ടാംഘട്ടത്തിന് ആറര കോടി രൂപ അനുവദിച്ചു. തുടര്‍ന്നാണ് പദ്ധതി മറ്റു പഞ്ചായത്തുകളായ പുഴക്കാട്ടിരി, കുറുവ, കൂട്ടിലങ്ങാടി പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിച്ചത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് പദ്ധതിക്കുവേണ്ട മതിയായ തുക സര്‍ക്കാര്‍ അനുവദിച്ചത്. ഇതോടെയാണ് പദ്ധതി മണ്ഡലം മൊത്തം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ മൂന്നാംഘട്ടമായി 630 ലക്ഷം രൂപയും, നാലാംഘട്ടമായി 675 ലക്ഷവും, അഞ്ചാം ഘട്ടമായി 570 ലക്ഷവും അനുവദിച്ചു. ഇതോടെ പദ്ധതി വേഗത്തിലായി. കഴിഞ്ഞ സര്‍ക്കാറിന്റെ അവസാന കാലത്ത് പദ്ധതി മക്കരപ്പറമ്പ്, മങ്കട പഞ്ചായത്തുകളിലേക്ക് പൈപ്പ് നീട്ടുന്നതിന് അനുമതി ലഭിച്ചെങ്കിലും വെള്ളം ലഭ്യമാവില്ലെന്ന ആശങ്ക വന്നിരുന്നു. ആര്‍സിബി യാഥാര്‍ഥ്യമായാല്‍ പദ്ധതിക്ക് വേണ്ട തരത്തില്‍ വെള്ളം ലഭ്യമാക്കാനാവുമെന്ന കണക്കുകൂട്ടലില്‍ മുന്നോട്ടുപോയി. മൂര്‍ക്കനാട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് നീട്ടുന്നതിന് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ കൂട്ടിലങ്ങാടി, പുഴക്കാട്ടിരി, മൂര്‍ക്കനാട്, കുറുവ പഞ്ചായത്തുകളില്‍ ആസ്തി വികസന ഫണ്ടില്‍ നിന്നു നീക്കിവച്ച ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ പദ്ധതി ടെണ്ടര്‍ നടപടികളിലെത്തിയിട്ടുണ്ടെന്നും എംഎല്‍എ അറിയിച്ചു.
Next Story

RELATED STORIES

Share it