മോദികെയറുമായി മുഖം മിനുക്കാന്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി: 2018ലെ ബജറ്റിലെ ഏറ്റവും വലിയ നേട്ടം ആരോഗ്യമേഖലയ്ക്കാണെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ആരോഗ്യ ബജറ്റിനെ സംബന്ധിച്ചിടത്തോളം ആഘോഷിക്കാന്‍ ഒന്നുമില്ലെന്നതാണ് വസ്തുത. 10 കോടി കുടുംബങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പു നല്‍കുന്ന പദ്ധതിയാണ് പ്രധാന പ്രഖ്യാപനം. രാജ്യത്തെ 10 കോടി ദരിദ്ര കുടുംബങ്ങള്‍ക്ക്  അന്താരാഷ്ട്ര നിലവാരത്തിലുള്ള ആരോഗ്യ പരിരക്ഷ ഉറപ്പുനല്‍കുന്ന ദേശീയ ആരോഗ്യ പരിരക്ഷാ പദ്ധതിയെ ധനമന്ത്രി വിശേഷിപ്പിച്ചത്, ലോകത്തെത്തന്നെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയാണെന്നാണ്. ഇതു പ്രകാരം പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപ വരെയുള്ള ചികില്‍സാച്ചെലവ് റീ-ഇംബേഴ്‌സ്‌മെന്റായി നല്‍കുമെന്നാണ് സര്‍ക്കാര്‍ വാദം. ഇതുവഴി 50 കോടി ജനങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ബജറ്റിലും സമാനമായ ഒരു അവകാശവാദം ഇതേ ധനമന്ത്രി തന്നെ ഉന്നയിച്ചിരുന്നു. 2016ല്‍ സര്‍ക്കാര്‍ ഒരു പുതിയ ആരോഗ്യ സംരക്ഷണ പദ്ധതി തുടങ്ങുമെന്നും അതു പ്രകാരം ഓരോ കുടുംബത്തിനും ഒരു ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ നല്‍കുന്നതാണെന്നുമായിരുന്നു ആണത്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപനം നടത്തുന്നു എന്നല്ലാതെ അതിനു വേണ്ടുന്ന പണം ആശുപത്രികളിലേക്ക് എത്തുന്നില്ലെന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. നൂറു കോടിയിലധികം തുക കുടിശ്ശിക വന്നതിനാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആരോഗ്യ പദ്ധതികളില്‍ നിന്നു കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ കൂട്ടമായി പിന്‍മാറുകയാണ്. നോട്ടുനിരോധവും ജിഎസ്ടിയുമുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു പൂര്‍ണമായി കരകയറാത്ത അവസ്ഥയില്‍ വമ്പന്‍ പദ്ധതികള്‍ എത്രമാത്രം ഫലപ്രദമായി കേന്ദ്രത്തിനു നടപ്പാക്കാന്‍ സാധിക്കുമെന്ന ചോദ്യം നിലനില്‍ക്കുന്നു. യഥാര്‍ഥത്തില്‍ 'എല്ലാവര്‍ക്കും ആരോഗ്യം' ഉറപ്പാക്കുന്നതില്‍ ഈ വര്‍ഷവും ബജറ്റ് സര്‍ക്കാരിന്റെ പരാജയം ഉയര്‍ത്തിക്കാട്ടുന്നു. എന്നാല്‍, മറുവശത്ത് 3 ശതമാനമായിരുന്ന വിദ്യാഭ്യാസ സെസ്സ് ആരോഗ്യ-വിദ്യാഭ്യാസ സെസ്സായി 4 ശതമാനം ആയിരിക്കുന്നു. ഇത് സര്‍ക്കാരിന് 11,000 കോടിയുടെ അധിക വരുമാനമുണ്ടാക്കും. ഈ തുകയുടെ 25 ശതമാനം ആരോഗ്യമേഖലയിലേക്ക് വരുന്നതായി പ്രതീക്ഷിച്ചാല്‍ പോലും ആരോഗ്യ ബജറ്റില്‍ 2,750 കോടി രൂപയുടെ വര്‍ധനവുണ്ടാകണം. എന്നാല്‍, ഈ വര്‍ഷം 1250 കോടി രൂപയുടെ വര്‍ധന മാത്രമേ ഉണ്ടായിട്ടുള്ളൂ. യഥാര്‍ഥത്തില്‍ ഈ ബജറ്റ് ദരിദ്രരുടെ ആരോഗ്യച്ചെലവിന്റെ പേരില്‍ പൊതുജനങ്ങളില്‍ നിന്ന് കൂടുതല്‍ വരുമാനം ഉണ്ടാക്കുകയും സ്വകാര്യ ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ ലാഭം ഉണ്ടാക്കിക്കൊടുക്കുകയുമാണ്.
Next Story

RELATED STORIES

Share it