Flash News

മോത്തി ദാസിനായി തിരച്ചില്‍ തുടരുന്നു : ആന്റണിയുടെ സംസ്‌കാരം ഇന്ന്‌



കൊച്ചി: മല്‍സ്യബന്ധനത്തിനു പോയ ബോട്ടില്‍ വിദേശ ചരക്കുകപ്പല്‍ ഇടിച്ചുണ്ടായ അപകടത്തില്‍ കാണാതായ അസം സ്വദേശി മോത്തി ദാസിനായുള്ള തിരച്ചില്‍ തുടരുകയാണ്. നേവി, കോസ്റ്റ് ഗാര്‍ഡിന്റെ രണ്ടു ഹെലികോപ്റ്ററുകള്‍, മറൈന്‍ എന്‍ഫോഴസ്‌മെന്റ് വിഭാഗം, കോസ്റ്റല്‍ പോലിസ് എന്നിവരും  തിരച്ചില്‍ നടത്തുന്നത്. അതേ സമയം, അപകടത്തില്‍ മരിച്ച കാര്‍മല്‍ മാതാ ബോട്ടിലെ മല്‍സ്യത്തൊഴിലാളി തമിഴ്‌നാട് സ്വദേശി ആന്റണി ജോണിന്റെ (തമ്പിദുരൈ 54 വയസ്സ്) മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോലിസ് സര്‍ജന്റെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. ജില്ലാ ഭരണകൂടത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും നേതൃത്വത്തില്‍ രാവിലെതന്നെ നടപടികള്‍ വേഗത്തിലാക്കിയിരുന്നു. തുടര്‍ന്ന് പോസ്റ്റ്് മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ സ്വദേശമായ കുളച്ചലിലേക്ക് കൊണ്ടു പോയി. ആന്റണിയുടെ മൃതദേഹം ഇന്ന് രാവിലെ വാണിയക്കുടി പള്ളിസെമിത്തേരിയില്‍ സംസ്‌കരിക്കുമെന്ന്് ബന്ധുക്കള്‍ അറിയിച്ചു. മരിച്ച അസം സ്വദേശി രാഹുല്‍ ദാസിന്റെ (26) മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം എംബാം ചെയ്തു സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ നാലുമണിക്ക് ഫിഷറീസ് ഉദ്യോഗസ്ഥര്‍ മൃതദേഹം എറ്റുവാങ്ങി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും. അവിടെനിന്ന് രാവിലെ 10.30ന്  ഇന്‍ഡിഗോ എയര്‍ഫ്‌ളൈറ്റില്‍ അസമിലെ ഗുവാഹത്തിയിലെത്തിക്കും. രാഹുലിന്റെ നാട്ടുകാരനും സുഹൃത്തുമായ ജിതേന്ദ്രദാസ് മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. മൃതദേഹം കൈമാറുന്നതിനാവശ്യമായ എല്ലാ ചെലവുകളും ഫിഷറീസ് വകുപ്പ് നിര്‍വഹിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ് മഹേഷ് അറിയിച്ചു.
Next Story

RELATED STORIES

Share it