Flash News

മോഡിയെ കാണുമ്പോള്‍ മുട്ടുവിറയ്ക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളത്: ചെന്നിത്തല

മോഡിയെ കാണുമ്പോള്‍ മുട്ടുവിറയ്ക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളത്: ചെന്നിത്തല
X


തിരുവനന്തപുരം: മോഡിയെ കാണുമ്പോള്‍ മുട്ടുവിറയ്ക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാലക്കാട് കോച്ച് ഫാക്ടറി, റെയില്‍വേ വികസനം, റബര്‍ ഇറക്കുമതി, റേഷന്‍ വിതരണം എന്നിവയില്‍ കേന്ദ്ര അവഗണനയിലും സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടിലും പ്രതിഷേധിച്ച് യുഡിഎഫ് സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാലര വര്‍ഷമായി കേന്ദ്ര സര്‍ക്കാരിനെതിരേ സിപിഎം ഒരു പ്രതിഷേധ പരിപാടി പോലും സംഘടിപ്പിച്ചിട്ടില്ല. എല്‍ഡിഎഫും പ്രതിഷേധ സമരത്തിന് തയ്യാറാവുന്നില്ല. കേന്ദ്ര സര്‍ക്കാരിന് കേരളത്തിനോട് ചിറ്റമ്മ നയമാണ്. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തങ്ങളുടെ സംസ്ഥാനത്തിനായി പല ആവശ്യങ്ങളും നേടിയെടുക്കുമ്പോള്‍ കേരള മുഖ്യമന്ത്രിക്ക് അത് കഴിയുന്നില്ല.

പിണറായിക്ക് തിണ്ണമിടുക്ക് മാത്രമാണുള്ളത്. യുപിഎ സര്‍ക്കാര്‍ അനുവദിച്ച പദ്ധതികളല്ലാതെ മറ്റൊരു പദ്ധതിയും കേരളത്തിന് ലഭിച്ചിട്ടില്ല. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് വേണ്ടി മാത്രമാണ് മോദി വന്നത്. അതു പക്ഷെ യുഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയായിരുന്നു. ദേശീയപാത വികസനം മന്ദീഭവിച്ചു. കേരളത്തിന്റെ കാര്യങ്ങള്‍ ചോദിച്ച് വാങ്ങാന്‍ നേരേന്ദ്രമോദിയെ കാണുന്നതിന് സംസ്ഥാനം അനുമതി ചോദിച്ചാലും കൊടുക്കില്ല. കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ കേന്ദ്രം ഒളിച്ചുകളിയാണ് നടത്തുന്നത്. റബര്‍ ബോര്‍ഡ് ഓഫിസ് സംസ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കം നടക്കുകയാണ്. ഇപ്പോഴും ഫള്‍ടൈം ചെയര്‍മാന്‍ ബോര്‍ഡിനില്ല. സംസ്ഥാനത്ത് 16.25 ലക്ഷം മെട്രിക് ടണ്‍ ആവശ്യമുള്ള സ്ഥാനത്ത് പത്ത് ലക്ഷം ടണ്ണാണ് കേന്ദ്രം അനുവദിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇത് 14.25 ലക്ഷം മെട്രിക് ടണ്ണ് വരെ ലഭിച്ചിരുന്നു. കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി അത് 2 ലക്ഷം ടണ്‍ കൂടി അഡീഷണല്‍ അലോട്ട്‌മെന്റായിട്ടും വാങ്ങി. പിണറായി സര്‍ക്കാരിന് അഡീഷണല്‍ അലോട്ട്‌മെന്റ് നേടിയെടുക്കാനായില്ല. സംസ്ഥാനത്ത് ഉത്തരവാദിത്തമുള്ള മുഖ്യമന്ത്രിയോ മന്ത്രിമാരോയില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it