wayanad local

മോട്ടോര്‍ വാഹന ഭേദഗതി ബില്ലിനെതിരേ മാര്‍ച്ചും ധര്‍ണയും



കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ മോട്ടോര്‍ വാഹന ഭേദഗതി ബില്‍ 2017 നെതിരെ 13ന് പോസ്റ്റ് ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിള്‍ ഡീലേഴ്‌സ് ആന്‍ഡ് ബ്രോക്കേഴ്‌സ് അസോസിയേഷന്‍ (കെഎസ്‌യുവിഡിബിഎ) വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വസ്തുതകള്‍ മറച്ചു വെച്ച് മോട്ടോര്‍ വാഹന മേഖലയെ ഒന്നാകെ കുത്തകകള്‍ക്കും കോര്‍പ്പറേറ്റ് സംവിധാനങ്ങള്‍ക്കും അടിയറവക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ ഗൂഢതന്ത്രം ജനങ്ങള്‍ തിരിച്ചറിയണം. നിലവിലെ മോട്ടോര്‍ വാഹന നിയമത്തിലെ 223 സെക്ഷനുകളില്‍ 68 എണ്ണം ഭേദഗതി ചെയ്തും പുതിയതായി 23 സെക്ഷനുകള്‍ കൂട്ടിച്ചേര്‍ത്തുമാണ് ഈ ബില്‍ നിയമമാക്കുന്നത്. റോഡ് ഗതാഗത നിയമം രൂപീകരിക്കാനും നിര്‍മ്മിക്കാനുമുള്ള അവകാശം പബ്ലിക് അതോറിറ്റിയെന്ന്  വിശേഷിപ്പിക്കപ്പെടുന്ന സ്വാകാര്യ ഏജന്‍സിയെ ചുമതലപ്പെടുത്തുന്നതാണ് ഈ നിയമം. ആര്‍ടിഒ ഓഫിസ് സേവനങ്ങളിലേക്കുള്ള കുത്തകകളുടെ കടന്നുകയറ്റംകൂടിയാണ് ഈ ബില്‍. ഇതു പ്രകാരം ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നത് മുതല്‍ ലൈസന്‍സ് നല്‍കുന്നതുവരെയുള്ള കാര്യങ്ങള്‍ കുത്തകകളുടെ കൈപ്പിടിയില്‍ ഒതുങ്ങും. ഇത് നിലവിലുള്ള ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് ഭീഷണിയാകും എന്നതില്‍ സംശയമില്ല. ആര്‍ടിഒ സേവനങ്ങളും ഇവരുടെ നിയന്ത്രണത്തിലാകും. എസ്‌ഐഎഎം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ്) ന്റെ ആധിപത്യത്തെ ഊട്ടി ഉറപ്പിക്കുകയാണ് ഈ ബില്ലിലൂടെ. പുതിയ വാഹനങ്ങളുടെ കുത്തൊഴുക്കിനുവേണ്ടിയാണ് പഴയ വാഹനങ്ങള്‍ നിരോധിക്കണമെന്നും എസ്‌ഐഎഎം നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രം വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും അവര്‍ വാദിക്കുന്നത്. വാഹനകമ്പനികളുടെ ലാഭം മാത്രം ലക്ഷ്യംവെക്കുകയാണ് ഇതിലൂടെ. ചെറുകിട വര്‍ക്ക് ഷോപ്പുകള്‍, അനുബന്ധ വ്യവസായങ്ങള്‍, സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണി, സ്വകാര്യ-പൊതുമേഖല യാത്രാസൗകര്യങ്ങള്‍, ചരക്ക് നീക്കം, ആര്‍ടിഒ ഓഫിസ് പോലുള്ള സര്‍ക്കാര്‍ സംവിധാനം മോട്ടോര്‍ വാഹന ഭേദഗതി ബില്‍ 2017 ലിലൂടെ ഇല്ലാതാകും. ഇതില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കെ ഒ ജോര്‍ജ്, ജിതിന്‍ വാസുദേവ്, കെ മജീദ് ബാവ, വി മുജീബ് റഹ്മാന്‍, സെയ്ത് മുഹമ്മദ് എന്നിവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it