Flash News

മോട്ടോര്‍ വാഹന നികുതി : ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഡിസംബര്‍ 31 വരെ

തിരുവനന്തപുരം : അഞ്ച് വര്‍ഷമോ അതിലധികമോ നികുതി കുടിശികയുള്ള മോട്ടോര്‍ സൈക്കിള്‍, മോട്ടോര്‍ കാര്‍ തുടങ്ങിയ നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷ, ടാക്‌സി തുടങ്ങിയ എല്ലാത്തരം ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും 2014 ഡിസംബര്‍ 31 വരെയുള്ള കുടിശിക നികുതി അടച്ചുതീര്‍ക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഡിസംബര്‍ 31 വരെ പ്രയോജനപ്പെടുത്താം. ഇതനുസരിച്ച് ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് അവസാനത്തെ അഞ്ച് വര്‍ഷത്തെ നികുതി കുടിശികയുടെ ഇരുപത് ശതമാനവും നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് മുപ്പത് ശതമാനവും ഒറ്റത്തവണ നികുതിയായി അടച്ചാല്‍ വാഹനങ്ങളുടെ 2014 ഡിസംബര്‍ 31 വരെയുള്ള എല്ലാ നികുതി കുടിശികയും എഴുതിത്തള്ളുന്നതാണ്.

ഇത്തരത്തില്‍ നികുതി കുടിശിക അടയ്ക്കുന്നതിന് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ്, വെല്‍ഫയര്‍ ഫണ്ട് അടച്ച രസീത് തുടങ്ങിയ രേഖകളൊന്നും ഹാജരാക്കണ്ടേതില്ല. മുന്‍പ് തങ്ങളുടെ കൈവശം ഉണ്ടായിരുന്ന വാഹനം മറ്റാര്‍ക്കെങ്കിലും വിറ്റുകഴിഞ്ഞശേഷം പേര് മാറ്റാതിരിക്കുകയോ വാഹനം പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയോ വാഹനത്തെ സംബന്ധിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയോ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റ് (mvkerala.gov.in) പരിശോധിച്ച് വാഹനത്തിന് അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ നികുതി കുടിശിക ഉറപ്പ് വരുത്തുന്നപക്ഷം മേല്‍ പറഞ്ഞ സൗകര്യം പ്രയോജനപ്പെടുത്താവുന്നതും ഭാവിയില്‍ ഉണ്ടാകാവുന്ന റവന്യൂ റിക്കവറി നടപടികളില്‍ നിന്നും ഒഴിവാകാവുന്നതുമാണ്.
വാഹനത്തെ സംബന്ധിച്ച് വാഹന ഉടമയ്ക്ക് യാതൊരു വിവരവും ഇല്ലെങ്കിലോ വാഹനം പൊളിച്ചു കളഞ്ഞെങ്കിലോ നൂറ് രൂപ മുദ്രപ്പത്രതില്‍ ഒരു സത്യവാങ്മൂലം സമര്‍പ്പിക്കുകയാണെങ്കില്‍ പ്രസ്തുത വാഹനത്തിന് ഭാവിയില്‍ ഉണ്ടാകാവുന്ന നികുതി ബാധ്യതയില്‍ നിന്നും വാഹന ഉടമകള്‍ ഒഴിവാക്കപ്പെടുന്നതാണ്.
Next Story

RELATED STORIES

Share it