kasaragod local

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ഓഫിസ് ഉപകേന്ദ്രം പുനസ്ഥാപിക്കണം

കാസര്‍കോട്: മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളിലെ മോട്ടോര്‍ തൊഴിലാളികള്‍ക്ക് ഏറെ സഹായകമായി വിദ്യാനഗറില്‍ പ്രവര്‍ത്തിച്ചിരുന്ന മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ഓഫിസ് ഉപകേന്ദ്രം പുനസ്ഥാപിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എഡിഎം വി പി മുരളീധരന്‍ അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാടുള്ള ക്ഷേമനിധി ജില്ലാ ഓഫിസിലേക്ക് എത്തിച്ചേരാന്‍ പ്രയാസപ്പെടുന്ന പൈവളിഗെ, മീഞ്ച, വൊര്‍ക്കാടി, ദേലംപാടി, മഞ്ചേശ്വരം, മംഗല്‍പ്പാടി തുടങ്ങിയ പഞ്ചായത്തുകളിലെ നിരവധി മോട്ടോര്‍ തൊഴിലാളികള്‍ക്ക് സഹായകമായിരുന്നു ഈ ഉപകേന്ദ്രം. ഇത് നിര്‍ത്തലാക്കുന്നത് തൊഴിലാളികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പ്രമേയം അവതരിപ്പിച്ച എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ അനുവാദകനായി. മഞ്ചേശ്വരം മണ്ഡലത്തില്‍ അനുവദിച്ച റോഡുകളുടെയും കെട്ടിടങ്ങളുടെയും പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് എംഎല്‍എ നിര്‍ദ്ദേശിച്ചു.
ജില്ലയിലെ വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ഏകോപനം ശക്തമാക്കണമെന്ന് എം രാജഗോപാലന്‍ എംഎല്‍എ പറഞ്ഞു. വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ അടിയന്തിരമായി റിപോര്‍ട്ട് ചെയ്യണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം എല്ലാ വകുപ്പുകളും കര്‍ശനമായി പാലിക്കണമെന്നും എംഎല്‍എ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച സാമ്പത്തിക സഹായം കൃത്യമായി ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നതിന് നടപടി സ്വീകരിക്കണം.
അച്ചാംതുരുത്തി-കോട്ടപ്പുറം പാലത്തിന്റെ നിര്‍മാണം ത്വരിതപ്പെടുത്തണമെന്നും എംഎല്‍എ നിര്‍ദ്ദേശിച്ചു.വിദ്യാഭ്യാസ വകുപ്പില്‍ താല്‍ക്കാലിക അധ്യാപകര്‍ക്ക് ശമ്പളം അനുവദിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ പറഞ്ഞു. ജില്ലയിലെ തകര്‍ന്ന പൊതുമരാമത്ത് റോഡുകള്‍ അടിയന്തിരമായി അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്നും ജനപ്രതിനിധികള്‍ പറഞ്ഞു.
കടലാക്രമണം മൂലം ദുരിതമനുഭവിക്കുന്ന മുഴുവന്‍ തീരദേശ കുടുംബങ്ങള്‍ക്കും സഹായം ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശിച്ചു. കടലാക്രമണത്തെ തുടര്‍ന്ന് ക്യാംപുകളിലേക്ക് മാറ്റി പാര്‍പ്പിച്ചവര്‍ക്കും ബന്ധുവീടുകളിലേക്ക് മാറിയവര്‍ക്കും ഉള്‍പ്പെടെ സൗജന്യ റേഷന്‍ നല്‍കണമെന്ന് എഡിഎം വി പി മുരളീധരന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കാഞ്ഞങ്ങാട്-കാസര്‍കോട് കെഎസ്ടിപി റോഡില്‍ ചളിയങ്കോട് പാര്‍ശ്വഭിത്തിയുടെ നിര്‍മാണം പൂര്‍ത്തിയായാലുടന്‍ ഗതാഗതം പുന:സ്ഥാപിക്കാന്‍ കഴിയുമെന്നും പാര്‍ശ്വഭിത്തിയുടെ നിര്‍മാണം വേഗത്തില്‍ നടന്നുവരുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബിആര്‍ഡിസിയുടെ ബേക്കല്‍ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട നവീകരണ പ്രവര്‍ത്തികളുടെ ഭാഗമായി കരിച്ചേരി പുഴയില്‍ കായക്കുന്നിലെ തടയണകളുടെ ഷട്ടര്‍ മാറ്റുന്ന പ്രവൃര്‍ത്തി ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും കേരള ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജില്ലാ പ്ലാനിങ് ഓഫിസര്‍ പി ഷാജി റിപോര്‍ട്ട് അവതരിപ്പിച്ചു. കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, നീലേശ്വരം നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബി മുഹമ്മദ് റാഫി, സബ് കലക്ടര്‍ മൃണ്‍മയി ജോഷി, ഡെപ്യൂട്ടി കലക്ടര്‍ കെ അംബുജാക്ഷന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it