wayanad local

മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: ഒരാള്‍ കൂടി പിടിയില്‍

കല്‍പ്പറ്റ: മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസില്‍ ഒരാളെ കൂടി കല്‍പ്പറ്റ പോലിസ് അറസ്റ്റ് ചെയ്തു. മടക്കിമല കൊപ്രക്കാടന്‍ ഹാരിസാ(39)ണ് അറസ്റ്റിലായത്.
ഇതോടെ കേസില്‍ രണ്ടു പേര്‍ പിടിയിലായി. സമയം തെറ്റി ഓടിയ സ്വകാര്യ ബസ് പരിശോധിക്കുന്നതിനിടെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തുവെന്നാണ് കേസ്. നേരത്തെ മുട്ടില്‍ മാണ്ടാട് മണക്കോടന്‍ അബ്ദുല്‍ സലാമിനെ (44) അറസ്റ്റ് ചെയ്തിരുന്നു.
പുതിയ ബസ്സ്റ്റാന്റില്‍ നവംബര്‍ 20ന് 6.15നാണ് സംഭവം. കല്‍പ്പറ്റ എംവിഐ ആര്‍ അജികുമാറിനെയും എഎംവിഐ എ ആര്‍ രാജേഷിനെയുമാണ് ഒരുസംഘം കൈയേറ്റം ചെയ്തത്.
കോഴിക്കോട് നിന്നു സുല്‍ത്താന്‍ ബത്തേരിക്കു പോവുകയായിരുന്ന സ്വകാര്യ ബസ് സമയം ഒരു മണിക്കൂര്‍ തെറ്റി സ്ഥിരമായി ഓടുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ പരിശോധനയ്‌ക്കെത്തിയത്.
സുല്‍ത്താന്‍ ബത്തേരിയില്‍ രാത്രി എട്ടിനെത്തേണ്ട ബസ് കല്‍പ്പറ്റയില്‍ അഞ്ചോടെ എത്തിയിരുന്നു. ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കാന്‍ ഒരുങ്ങവേ ബസ് ജീവനക്കാര്‍ യാത്രക്കാരെ ഇറക്കിവിടുകയും ബസ്സ്റ്റാന്റിലെ ഒരുസംഘം മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ വളയുകയുമായിരുന്നുവെന്നാണ് പരാതി. കേസില്‍ പ്രതികളെ ഇനിയും പിടികൂടാനുണ്ട്. ഇവര്‍ക്കായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.
Next Story

RELATED STORIES

Share it