palakkad local

മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ട് പോകല്‍; രണ്ടുപേര്‍ കീഴടങ്ങി

ആലത്തൂര്‍: മോചനദ്രവ്യം ആവശ്യപ്പെട്ട് സ്വാമിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേര്‍ കീഴടങ്ങി. കണ്ണമ്പ്ര ചൂര്‍ക്കുന്ന് അജിത് കുമാര്‍, ചിറ്റിലംചേരി വട്ടോംപാടം ജലീല്‍ എന്നിവരാണ് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ഇന്നലെ ആലത്തൂര്‍ പോലിസില്‍ കീഴടങ്ങിയത്. മധ്യസ്ഥന്‍ കരൂര്‍ ദാരാപുരം നഞ്ചത്തളിയൂര്‍ കന്തസ്വാമി പാളയം ശക്തിവേല്‍ (കട്ടപ്പശക്തിവേല്‍), സഹായികളായ ഗുണ, ഭാരതി എന്നിവരെ ആലത്തൂര്‍ പോലിസ് നേരത്തെ പിടികൂടിയിരുന്നു.
2016 ഫെബ്രുവരി 17ന് ആണ് കേസിനാസ്പദമായ സംഭവം. ആലത്തൂര്‍ കാവശ്ശേരി കഴനി കാളമ്പത്ത് മാണിക്കസ്വാമി എന്ന ഷണ്‍മുഖ(61)നെ പൂജ നടത്തുന്നതിനായി തമിഴ്‌നാട്ടിലേക്ക് ക്ഷണിച്ച് ബന്ധിയാക്കി ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു.
പിന്നീട് നടന്ന വിലപേശലിന്റെ അടിസ്ഥാനത്തില്‍ 20 ലക്ഷം രൂപയിലെത്തി. ഭാര്യയ്ക്ക് ലഭിച്ച ഫോണ്‍ കാളിനെ പിന്തുടര്‍ന്ന് പോലിസ് നടത്തിയ നീക്കത്തില്‍ സ്വാമിയെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയും ചെയ്തിരുന്നു.
ഒന്നാം പ്രതി ശാന്തകുമാര്‍ 2016 സപ്തംബറില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞിരുന്നു. കീഴടങ്ങിയ ഇരുവരെയും അറസ്റ്റ് രേഖപ്പെടുത്തി  ജാമ്യത്തില്‍ വിട്ടയച്ചു. എസ്‌ഐ എസ് അനീഷ്, എ എസ്‌ഐ റഹ്മാന്‍, കെ വി രാമസ്വാമി എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.
Next Story

RELATED STORIES

Share it